Begin typing your search above and press return to search.
proflie-avatar
Login

ആദിദ്രാവിഡപ്പേച്ച് (ബിനു എം.പള്ളിപ്പാടിന്)

ആദിദ്രാവിഡപ്പേച്ച് (ബിനു എം.പള്ളിപ്പാടിന്)
cancel

കുമളിയിലെത്തിയപ്പോഴല്ല,

അതിർത്തിയും കടന്ന്

ദ്രാവിഡക്കുരലു ചീന്തി

മുല്ലയും കനകാംബരവും

മണക്കുന്ന

എണ്ണക്കറുപ്പുള്ള

തമിഴഴകിമാരുടെ

തലമുടി കണ്ടപ്പോൾ

നിനവിലെത്തി നീ

പുളിമരങ്ങൾ

മുനിയമ്മാവിൻകോവിലുകൾ

വടക്കിഴക്കിൻ

മായവെട്ടങ്ങൾ

ഗ്രാമച്ചോലകളിൽ

അവർ കുഞ്ഞിനെ കുളിപ്പിക്കുന്നു.

തൊൽക്കാപ്പിയവും

തിരുക്കുറളും

പിറന്ന മണ്ണിൽ

ചോളപാണ്ഡ്യന്മാർ

കരിങ്കല്ലിൽ കൊത്തിയ

ശിൽപഭംഗികൾക്കിടെ

ഒരു പുല്ലാങ്കുഴൽ നാദം

കരിമ്പിൻ പാടത്ത്

തമിഴ് മണ്ണിനാഴം തൊട്ട

ഒരു സർറിയലിസ്റ്റ് ചിത്രം

അഭ്രപാളികളിൽ

ആരും ശ്രദ്ധിക്കാതിരിക്കുന്ന

ഇമേജുകൾ കാണാൻ

നിനക്കായ്

ഒരു മൂന്നാംകണ്ണ്

മധുരയിൽ

ലങ്കയിൽ

തഞ്ചാവൂരിൽ

സാന്താൾ ഗ്രാമങ്ങളിൽ

ബാംസുരിരാഗങ്ങൾ

ഒഴുകി നടപ്പുണ്ടിപ്പൊഴും

ബാവുൾ ഗായകർക്കൊപ്പം

ജിപ്സികൾക്കൊപ്പം

പോയതെവിടെ നീ?

പാലറ്റിലെ

കടുംവർണങ്ങൾ

നിന്റെ കാൻവാസിനെ

കിനാവു കാണുന്നു.

ആറ്റുമാലിയിലെ

ചൂണ്ടക്കാരൻ കാറ്റ്

പാലുവംപെണ്ണിന്റെ

അവധൂതകവിയുടെ

ആദിദ്രാവിഡപ്പേച്ചിന്

കാത്തിരിപ്പുണ്ടിപ്പൊഴും.

Show More expand_more
News Summary - malayalam poem