Begin typing your search above and press return to search.
proflie-avatar
Login

വസന്തത്തെ തലയിൽ ചൂടിയ കുഞ്ഞുങ്ങൾ

വസന്തത്തെ തലയിൽ ചൂടിയ   കുഞ്ഞുങ്ങൾ
cancel

വെക്കേഷൻ കഴിഞ്ഞ് കോ​േളജിലെത്തിയ

വിദ്യാർഥികൾ അമ്പരന്നു

ഗേറ്റിനരികിൽ പൂക്കളാൽ കളം വരച്ച്

വിരിഞ്ഞുനിന്നിരുന്ന

പൂമരം അപ്രത്യക്ഷമായിരിക്കുന്നു

നെഞ്ചിൽ പേരെഴുതി ഞാത്തിയിട്ട

ഫലവൃക്ഷങ്ങളും കാണ്മാനില്ല

ക്ലാസ് മുറികൾ തലകുത്തി നിൽക്കുന്നു

ബെൽ മുഴങ്ങിയില്ല; പകരം ശംഖൊലി മുഴങ്ങി

ക്ലാസെടുക്കാൻ വന്നത് പഴയ പ്രഫസറല്ല.

കണ്ടാൽ കോമാളിയെപ്പോലെ

തോന്നുന്ന മജീഷ്യനാണ്

സൈലൻസ് സൈലൻസ് എന്ന് പറഞ്ഞുകൊണ്ടാണ്

ആയിരം വയസ്സെങ്കിലും തോന്നിപ്പിക്കുന്ന

അയാൾ വേച്ചു വേച്ചു പ്രവേശിച്ചത്

വിരലുകൾ വളച്ചും നിവർത്തിയും

അതിവേഗം ചലിപ്പിക്കുന്ന കൈകളിൽ

മന്ത്രവടിക്കു പകരം പെല്ലറ്റ് ഗൺ

പ്ലാറ്റ്ഫോമിൽ കയറിനിന്ന് അയാൾ അലറി:

ഡിസിപ്ലിൻ ഡിസിപ്ലിൻ ഡിസിപ്ലിൻ

സൈലൻസ് സൈലൻസ് സൈലൻസ്

ഓരോരുത്തരേയും തുറുകണ്ണാൽ നിരീക്ഷിച്ചും

ഒരു വിരൽ ചുണ്ടിൽ ചേർന്ന്

നിശ്ശബ്ദമെന്ന് കണ്ണുരുട്ടിയും

മറുകയ്യിലെ പെല്ലറ്റ് ഗൺ

കുട്ടികൾക്കു നേരെ ചൂണ്ടിയും അയാൾ അമറി

പുറംതിരിഞ്ഞ് ബ്ലാക് ബോർഡിനു നേരെ

വിരലുകൾ വളച്ചു പുളച്ച് ആംഗ്യം കാട്ടിയപ്പോൾ

അതുവരെ എഴുതിയതെല്ലാം മാഞ്ഞുപോയി

അട്ടഹസിച്ചുകൊണ്ട് അയാൾ

ക്ലാസെടുക്കാനാഞ്ഞപ്പോൾ

ഇരിപ്പിടങ്ങൾ പറന്നുപോയി

കുഞ്ഞുങ്ങൾ ക്ലാസ് വിട്ടിറങ്ങി

കലാലയം വിജനമായി

തെരുവിൽ

കുഞ്ഞുങ്ങൾ മുന്നിലേക്കാണ്ടുകൊണ്ട്

ഭാവികാലത്തോട് സംസാരിക്കാൻ തുടങ്ങി.

Show More expand_more
News Summary - malayalam poem