വിക്ഷേപം

ഗര്‍ഭപാത്രത്തില്‍
ഒരു കുഞ്ഞുമായി അവളും
അവൾക്കരികില്‍ അയാളും
ആദിമത്വത്തിന്റെ
അനുപമ നഗ്നതയുമായി
അടുത്തടുത്ത് നില്‍ക്കുന്നത് കണ്ട്,
അവരുടെ ജനനേന്ദ്രിയസ്ഥാനങ്ങളിലെ
അതിസാധാരണ രോമാവൃതത്വം കണ്ട്,
അവരുടെ മുഖങ്ങളിലെ
അനാദിയായ മാനവികതാഭാവം കണ്ട്
മഹാശാസ്ത്രജ്ഞൻ കാള്‍ സാഗൻ
1977ലെ ഒരു സായാഹ്നത്തില്‍
നാസയോട് പറഞ്ഞു:
‘ഈ ലോകം എന്നെങ്കിലും അവസാനിച്ചാല്‍
ഇങ്ങനെയൊരിടം
ഇവിടെയുണ്ടായിരുന്നുവെന്ന്
ഇതരഗ്രഹജീവികള്ക്കെങ്കിലും
പിന്നീടറിയാൻ,
നാം വിക്ഷേപിക്കാൻ പോകുന്ന
ഇപ്പോഴും ജീവനോടെയുള്ള
ഈ ലോകത്തിന്റെ
ചിത്രങ്ങളും ചരിത്രവും
മനുഷ്യാഭിവാദ്യ സ്വരങ്ങളുമടങ്ങിയ
വൃത്താകൃതിയിലുള്ള
ഈ സുവര്ണപ്പാളിയില്,
ഈ ഗോള്‍ഡൻ റെക്കോഡില്‍
ഇതുകൂടി ആലേഖനം ചെയ്യണം:
ഈ ചിത്രം,
ഈ നഗ്നനാരീപുരുഷചിത്രം,
ഇവരില്‍നിന്ന്
പിറവിയെടുക്കാൻ
ഇവളിൽ ഉരുവംകൊണ്ടിരിക്കുന്ന
ഈ കുഞ്ഞുള്‍പ്പെടെ.’
ബഹിരാകാശങ്ങളില്‍
അനശ്വരരാവാം എന്ന
പ്രതീക്ഷയോടെ
ആ മൂവര്കുടുംബം
പുഞ്ചിരിതൂകിയോ,
അറിയില്ല.
പക്ഷേ, പറ്റിച്ചു.
കേരളത്തിലെയും
അതിലെ എന്റെ നാടായ
മുസിരിസിലെയുംപോലെ
നാസയിലും അന്ന്
സദാചാരപ്പോലീസുകാര്‍
ഉണ്ടായതിനാലാണോ എന്നറിയില്ല
നാസ അതു കൊടുത്തില്ല,
പകരം അതിനെ
ഒരു ഇരുള്നിഴല്പ്പടമാക്കി
സെൻസര്‍ ചെയ്തയച്ചു,
ഒമ്പതാം ക്ലാസിലെ
പ്രത്യുൽപാദന
ജീവശാസ്ത്രപുസ്തകത്തിലെപ്പോലെ…
കാലചക്രങ്ങള്ക്കപ്പുറം
ലോകാവസാനശേഷമോ
ലോകം ഈവിധമുള്ള
ഇക്കാലത്തുതന്നെയോ
ആ ഗോള്‍ഡൻ ഡിസ്ക്
കണ്ടെത്തിയേക്കാവുന്ന
ഇതരഗ്രഹസ്ഥര്ക്കായുള്ള
സെൻസര്‍ ബോര്‍ഡ് കരുതല്‍…
എങ്കിലും കാള്‍സാഗൻ...
മറ്റു ഗ്രഹസ്ഥര്ക്ക്
ഈ ഭൂമിയെക്കുറിച്ച്
എന്നെങ്കിലും അറിയാൻ
താങ്കള്‍ ഡിസ്കിലൊളിപ്പിച്ച്
ബഹിരാകാശത്തേക്ക് പറത്തിയ
സുവർണചക്രത്തിലെ
ആ എണ്ണം പറഞ്ഞ 116 ചിത്രങ്ങള്‍:
തീവണ്ടിയുടെ, കുക്കറിന്റെ,
കിളികളുടെ, വിമാനത്തിന്റെ,
തിമിംഗലങ്ങളുടെ,
ബീഥോവന്റെ,
മൊസാര്‍ട്ടിന്റെ,
ഞങ്ങള്‍ പലഭാഷക്കാരുടെ
‘നൊമസ്കാര്’ ‘ഹായ്’ ‘ഹലോ’
അമ്പത്തഞ്ചഭിവാദ്യശബ്ദങ്ങള്,
(മലയാള നമസ്കാരമില്ലെങ്കിലും)
ഈ ഭൂമിയെ കണ്ടെത്താവുന്ന
സൗരപാതകള്,
ഞങ്ങള്‍ ഇന്ത്യക്കാരും
പാകിസ്താനികളും
എത്രതവണ ശ്രമിച്ചാലും
മതംകൊണ്ട്
സ്വന്തമാക്കാനാവാത്ത
ഗണിതലിഖിതങ്ങള്,
മതരഹിതമനുഷ്യര് കണ്ടെത്തിയ
ഭൗതികോർജ രഹസ്യങ്ങള്‍,
ഈ ലോകത്തിന്റെ
ഗാഢസൗന്ദര്യമുള്ള
പ്രകൃതിചിത്രങ്ങള്‍…
അവയിലൊരിടത്തും
അങ്ങ് ചേര്‍ത്തില്ല
നിര്‍ബന്ധപൂർവം
ഈ ഭൂമിയിലെ യുദ്ധങ്ങള്‍
പട്ടിണികള്‍, പരിവട്ടങ്ങള്‍
ദാരിദ്ര്യങ്ങള്‍, രോഗപീഡകള്‍
മതങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍...
ഒരുപക്ഷേ
ഭൂമിയെക്കുറിച്ച് അറിയുമ്പോള്‍തന്നെ
ഇതരഗ്രഹജീവികള്‍ക്ക്
നെഗറ്റീവ് അടിക്കേണ്ട
എന്നതുകൊണ്ടാവുമോ…
അവിടെ അത്
മാതൃകയാക്കേണ്ട എന്ന
പ്രാപഞ്ചിക സ്നേഹംകൊണ്ടായിരിക്കുമോ…
എങ്കിലും ഈ ഭൂമിയെ
അവരും മനസ്സിലാക്കണം എന്ന
ആ അഭിലാഷത്തിന്റെ പിന്നിലെ ഉന്മാദം,
അതില്‍നിന്ന്
അങ്ങും കൂട്ടരും തലച്ചോറില്‍നിന്ന്
വിടര്‍ത്തി ഉയര്‍ത്തിക്കെട്ടിയ
പരസ്പപരം മനസ്സിലാക്കലിന്റെ
പതിനായിരം ആന്റിനകള്‍...
ഇവിടെ ഞാനോ
ഗതികെട്ട്, മതികെട്ട്,
ലോകത്തോട്, കാലത്തോട്,
വര്‍ത്തമാനത്തോട്, ഭാവിയോട്
സംവദിക്കാൻ
കവിതയെന്ന കഠിനാനുഭവത്തിന്റെ
എത്ര വൃത്തങ്ങള്‍
ഇക്കാലത്തിനിടെ
മലയാളത്തിന്റെ
ഠാവട്ടസ്ഥലത്ത്
വിക്ഷേപിച്ചുകൊണ്ടിരിക്കുന്നു ഇപ്പോഴും,
കാള്‍ സാഗൻ.
എന്നിട്ടും
കവിതയുടെ ബൂമറാങ്ങുകള്‍
എന്നിലേക്ക് തന്നെ
തിരികെ വരുന്നു
അപ്പോളാണ് അങ്ങും കൂട്ടരും
എനിക്ക് വെറും അഞ്ചു വയസ്സുള്ളപ്പോള്‍
ഇതരഗ്രഹജീവികള്‍ക്ക്
ഈ ഭൂമിയെ
എന്നെങ്കിലും മനസ്സിലാക്കാൻ
അങ്ങനെയൊരു
വര്ത്തുളചക്രം അയച്ചത്.
ആര് ആരെയാണ് മനസ്സിലാക്കുന്നത്?
എന്നിട്ടും നീയെന്നെയറിഞ്ഞില്ലല്ലോ,
എന്നെയാരും മനസ്സിലാക്കുന്നില്ലല്ലോ
എന്ന വേപഥുവേ,
ആരും മനസ്സിലാക്കുന്നില്ല എന്നെ
എന്ന വിഷാദിയോട്
മുഖത്തുനോക്കി
അർഥഗര്‍ഭമായി
പറയൂ,
നിന്നെ ഞാൻ ശരിക്കും മനസ്സിലാക്കുന്നു എന്ന്.
ആ നിമിഷം അസ്വസ്ഥമാകാൻ തുടങ്ങും വിഷാദി.
അയ്യേ, എന്റെ എല്ലാം മനസ്സിലാക്കിയോ
എന്ന് അത് സ്വയം മറയ്ക്കാൻ തുടങ്ങും.
എങ്കിലും കാള്‍സാഗൻ,
കവിതയുടെ വിക്ഷേപിണികളുടെ
പരാജിത ചരിത്രം
അവസരം നോക്കി
വിളമ്പുകയല്ല ഞാൻ.
ഇതും ഒരുകവിതാവിക്ഷേപണമാണല്ലോ.
ഈ ലോകത്തിന്റെ മനസ്സാക്ഷിയെ
ആ ലോകം മനസ്സിലാക്കട്ടെയെന്ന
ശാസ്ത്രത്തിന്റെ സംവേദസ്പര്ശിനി.
വിക്ഷേപണത്തിനുമുമ്പ്
താങ്കളുടെ കൈകള്‍
ആ കനകചക്രത്തില്
സ്പര്ശിച്ചിട്ടുണ്ടാകുമോ
സാഗന്റെ ആറുവയസ്സുള്ള മകൻ
നിക്കിന്റെ കൊഞ്ചുന്ന നാവ്
അവന്റെ ഭാഷയില്‍ ആശംസിച്ചതും
ആ വര്‍ത്തുളതയില്‍ ഉണ്ടല്ലോ.
നിക്കിന്റെ വിരലുകളും
അവയില്‍ ഉരുമ്മിയിട്ടുണ്ടാകുമോ.
ഇതാണ് നമ്മള്
തൊടുത്തുവിടാൻ പോകുന്ന
ഗോള്‍ഡൻ ഡിസ്ക് അല്ലേയെന്ന്
അമേരിക്കയുടെ പ്രസിഡന്റ്
ജിമ്മി കാര്‍ട്ടര്‍
നാസയിലെ നിശ്ശബ്ദതയില്‍
അതില്‍ തൊട്ടുകൊണ്ട്
ചുമ്മാ ചോദിച്ചിട്ടുണ്ടാകുമോ.
‘ഒരു ചെറിയ
വിദൂര ലോകത്തില്‍നിന്നുള്ള
സമ്മാനം.
നമ്മുടെ ശബ്ദങ്ങളുടെയും
ശാസ്ത്രത്തിന്റെയും
പ്രതിച്ഛായകളുടെയും
സംഗീതത്തിന്റെയും
ചിന്തകളുടെയും
വികാരങ്ങളുടെയും ഒരടയാളം’
അത്രയും പറഞ്ഞ്
അയാള്‍ അതില്‍
മുത്തംകൊടുത്തിരിക്കുമോ?
ഇതരഗ്രഹങ്ങളിലെ
റെസിഡൻസ് അസോസിയേഷൻകാരേ,
നിങ്ങളുടെ സമയത്തില്‍ ജീവിക്കാൻ
ഞങ്ങള്‍ ഞങ്ങളുടെ സമയത്തെ
അതിജീവിക്കാൻ ശ്രമിക്കുന്നു എന്ന്
ജിമ്മി കാര്‍ട്ടര്‍ എഴുതിയ
മേഘാതീത സന്ദേശം
അതിലിപ്പോഴും ഉണ്ടാവുമല്ലേ?
ഇപ്പോളും
ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള
മനുഷ്യനിർമിത വസ്തുവായി
അത് വീര്‍പ്പുമുട്ടി
കറങ്ങുകയായിരിക്കും
ഒരന്യഗ്രഹജീവി വന്ന്
എന്നെയൊന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്ന്
എന്നെയൊന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന്
ദാ ദൂരെ ദൂരെ അവിടെ
ഞാൻ പറയാൻ, പാടാൻ,
എഴുതാൻ, ആവിഷ്കരിക്കാൻ
ആഗ്രഹിക്കുന്ന ആ ഭൂമി അവിടെയാണെന്ന്
ഉള്ളംകാണിച്ചുകൊടുക്കാൻ.
ലോകം അവസാനിച്ചാലും
അന്യഗ്രഹജീവികള്‍ക്ക്
ഇങ്ങനെയൊരു ലോകം
ഇവിടെയുണ്ടായിരുന്നുവെന്ന്
നെടുവീര്‍പ്പിട്ട് പറഞ്ഞിട്ട്
എനിക്കെന്ത് കാര്യം എന്ന്
ആ ചെമ്പുതകിടിന്റെ
ശാസ്ത്രഞരമ്പുകള്
പിടയുന്നുണ്ടാകുമോ?
ഭൂമി ജീവനോടെയിരിക്കെത്തന്നെ
ലോകത്തെ പരിചയപ്പെടുത്തുന്ന
ഒരു ടൂറിസ്റ്റ് ഗൈഡാകുന്നതാണ്
നല്ലതെന്ന് അതിന്റെ
ആത്മസ്പന്ദിനികള്
വിഹ്വലമാകുന്നുണ്ടാകുമോ?
ചില സംശയങ്ങള്‍കൂടി
ചോദിച്ചോട്ടെ:
ഭൂമിയില്‍നിന്ന്
വീണ്ടുമൊരു ഗോള്‍ഡൻ ഡിസ്ക്
പുതുക്കി ഇപ്പോള്‍ അയച്ചാല്‍
എന്തൊക്കെ പുതിയ കാര്യങ്ങള്‍
ആലേഖനം ചെയ്യണം?
ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ക്കുമേല്‍
പറത്തിവിടുന്ന മിസൈലുകളുടെ
ആന്തരികസംഗീതം ഉള്‍പ്പെടുത്തുമോ?
ശവകുടീരങ്ങളില്നിന്നുകൊണ്ട്
അവശേഷിക്കുന്ന നേതാക്കള്‍
വിജയചിഹ്നം വിടര്‍ത്തുന്ന
അഭിവാദ്യങ്ങളര്പ്പിക്കുമോ?
കാല്‍ക്കീഴിലെ ചോരക്കടല്‍
കാണാത്തവിധം
സെൽഫികളെടുത്ത്
ആലേഖനം ചെയ്യുമോ?
ഓര്‍ക്കണേ
നാസ പുറത്താക്കിയ
ആ ആദിമമനുഷ്യര്‍
അത്രമേല്‍ പ്രാകൃതത്വത്തിന്റെ
അനുപമ നഗ്നതയുമായി
അടുത്തടുത്ത് നില്‍ക്കുകയാണ്
ഇപ്പോഴും
ഒരിടത്തും ഇടംകിട്ടാതെ
ആദമോ ഹവ്വയോ ആയല്ല
ആദിദൈവങ്ങളുടെ പ്രതിരൂപങ്ങളായല്ല
മണ്ണില്‍ അതിജീവിക്കുന്ന
മനുഷ്യരുടെ
പൊടിയും പേറി,
ഗര്‍ഭസ്ഥയായ പോരാളിക്കൊപ്പം
ഭൂഖണ്ഡാന്തര മിസൈലുകളില്‍നിന്ന്
ഓടിയോടി രക്ഷപ്പെട്ടുകൊണ്ട്
ഭൂമിയുടെ പൊക്കിള്‍ക്കൊടിയില്‍നിന്ന്
പാതിവിട്ടും
വിടാതെയും.
====================
*ഗോള്‍ഡൻ റെക്കോഡ് -1977ൽ നാസ വിക്ഷേപിച്ച വോയേജർ 1, 2 പേടകങ്ങളിലെ സ്വർണം പൂശിയ ചെമ്പ് ഡിസ്കുകൾ (Phonograph records). ഇതര ഗ്രഹ ജീവികള്‍ക്കായി ഭൂമിയിലെ ജീവന്റെയും സംസ്കാരത്തിന്റെയും സന്ദേശങ്ങൾ വഹിക്കുന്നു ഇവ.
