Begin typing your search above and press return to search.
പോലെ
Posted On date_range 5 Oct 2026 8:30 AM IST
Updated On date_range 5 Oct 2026 8:30 AM IST

ഏകാന്തതയുമായി
അതിപരിചയത്തിലായ ഒരു
മണ്ണെണ്ണവിളക്കിന്റെ ആർഭാടം.
ഇരുട്ടിന്റെ ചില്ലകളിൽ
ഉടൽ കൊരുക്കപ്പെട്ട വീട്.
അതിനുള്ളിലെ പരുക്കൻ പശിമയിൽ
പിച്ചവെച്ചുയിർത്ത കുട്ടിയുടെ
ക്രിസ്മസ് പോലെ
എന്റെ പ്രേമം.
കത്താൻ ഉയിരിലൊരുല
പഴകിപ്പഴകി
ബാക്കിയില്ലാത്ത
വിലകുറഞ്ഞ
ബാറ്ററിട്ടോർച്ചിന്റെ
വെളിച്ചപ്പെടാനുള്ള ശ്രമം
ഉൾക്കനമായി
പലവലിപ്പക്കാലുകളിൽ
ഏങ്കോണിച്ച നക്ഷത്രം.
രണ്ടാം രാത്രി മുഴുമിക്കാതെ
ഉണ്ടായിരുന്നതിലെ അപകർഷത
ഇല്ലായ്മയിലും പാലിച്ച്
അതു കെട്ടുപോകുന്നു.
