Begin typing your search above and press return to search.
proflie-avatar
Login

മടിയന്തരാവസ്ഥ

മടിയന്തരാവസ്ഥ
cancel

അതിരാവിലെ പതിനൊന്നിന്

അലാംവിട്ടെണീറ്റു

അനന്തരം സകല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും

ഒരേ സ്‌റ്റാട്ടപ്പ് സന്ദേശമയച്ചു:

സുപ്രഭാതം!

ജനൽ വിരി ഞാൻ തന്നെ

നീക്കണമെന്നോർത്തപ്പോൾ

മെത്തക്കരികിൽ സ്വിച്ചു ബോഡ്ചാർത്തിയ

ലാൻഡ് ലോഡിന് ഒരു ലോഡ് കൃപചൊല്ലി

ലൈറ്റിട്ടു

വെളിച്ചെത്തിനെന്ത് വെളിച്ചവുമാകാമെന്നായപ്പോൾ

ആദ്യ കീഴ്വായു വിട്ടു.

മുറിക്ക് മൂലയിൽ കുടിയിരുത്തിയ

ട്രെഡ്മില്ലിനെ വണങ്ങി

രാജയളവിലെ വിരിപ്പിൽ

ഒന്നുകൂടി മൂരിനിവർന്നു.

കട്ടിലിനടിയിൽ പളുങ്ങിയിരിക്കും

വെള്ളപ്പാത്രത്തെ തഴുകിനോക്കി

ബ്ലാഡർ നിറഞ്ഞുകവിയുമെന്നോർത്തപ്പോൾ

കുടിശ്രമം ഉപേക്ഷിച്ചു

അറിയാമല്ലോ ഫ്ലഷും ബ്രഷും പണ്ടേ ഇരട്ടകൾ

അല്ലെങ്കിലും വല്ലപ്പോഴുമുള്ള ഇണചേരലിന്

ഇന്ന് തന്നെ പല്ല് തേക്കണോ? കുളിക്കണോ?

എന്തെങ്കിലും കഴിക്കണമല്ലോ

പകലൊന്ന് കൊഴിഞ്ഞു തീരാൻ

സ്‌ക്രീനിൽ ആദ്യം വിടർന്ന ആപ്പിൽ തന്നെ

ഓഡർ ഒപ്പുവെച്ചു; സംശയം തീർന്നു

കേരളമൊരു ബ്രഞ്ചാലയം.

തുടയിൽ റിമോർട്ട്, കൺട്രോളോടെയടിച്ച്

വാർത്താവതാരത്തെ

കൊട്ടിയുണർത്താൻ നോക്കി

ഇന്നും ജന്തർ മന്തർ തന്നെ;

ആരാന്റ മക്കടെ നീറ്റ് ചോർന്നാൽ

കാണാനെന്തൊരു ചേല്!

പെലെ മുതൽ മെസ്സി വരെ

കാൽപന്ത് ചരിത്രം പിന്നെയും പിന്നെയും

ഓടിച്ചുകാണാൻ പൂതി തോന്നി

ഇഷ്‌ട ടീമിന്റെ പെല തീർന്നില്ലെന്നോർത്തപ്പോൾ

വേണ്ടെന്ന് തോന്നി.

ഒരു തിങ്കളാഴ്ച ഉച്ചമയക്കം തരമായാലോ

ചിന്തിച്ച്

*ചൊവ്വാഴ്ചയിലെ ഉച്ചമയക്കം

വീണ്ടുമൊന്ന് വായിക്കാൻ നോക്കി

വീണ്ടും ഉണരണമല്ലോ

ഓർത്തപ്പോൾ വായന വേഗം മടക്കാൻ തോന്നി.

മടീസ്സി മാറ്റാൻ ഒഡീസി കണ്ടാലോ?

പരതി ഓട്ടീട്ടിയിൽ

വയ്യ, തി​യറ്ററിലെ കാറ്റും പ്രഷറും

കൂടെ ദ്വീപുകാരുടെ പ്രലോഭനത്തിലടിപ്പെട്ട്

**താമരത്തളിർ തിന്ന് നാട് മറന്നാലോ?

വീണ്ടും ‘ഒടിയൻ’ കാണാനിരുന്നു

മടിയന് ഒടിയൻ തന്നെ ഒഡീസി.

സൂര്യനസ്തമിച്ച നിലക്ക്

വെളിയിൽ പോയി

ഒരു തണുപ്പൻ ബിയറ് ശ്രമിച്ചാലോ?

വേണ്ട, എത്ര കൊഴുത്ത ചവർപ്പ് കുടിച്ചുവറ്റിക്കണം

ഇത്തിരി ശാന്തിതൻ അബോധം നുണയുവാൻ.

രാത്രി

നിക്കോളാസ് മഡുറോയെപ്പോലൊരാൾ

സ്വപ്നത്തിൽ ഒരു മറീനെപ്പോലെയെത്തി

സ്പാനിഷിൽ എന്തൊക്കെയോ അടക്കം പറഞ്ഞു.

വീസയും ടിക്കറ്റുമില്ലാതെ

അല്ലലും ആപത്തുമില്ലാതെ

കൂട്ടുകുടുംബാദികളെല്ലാവരേയും

ഒറ്റരാത്രികൊണ്ട് അറ്റ്ലാന്റിക് കടത്തും

സൂത്രമായിരിക്കുമോ?

കണ്ണുകൾ കൊട്ടിയടച്ച്

ഒന്നുകൂടി ഉറങ്ങാൻ ശ്രമിക്കട്ടെ

ആവർത്തിച്ചാലോ സ്വപ്നം?

ഒരു പക്ഷേ, ഇത്തവണയത്

മലയാളം സബ്ടൈറ്റിലിന്റെ

അകമ്പടിയോടെയാണെങ്കിലോ?

എങ്കിൽ പൊളിച്ചത് തന്നെ.

--------------------------

* Tuesday Siesta എന്ന ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏറെ പ്രശസ്തമായ ചെറുകഥ

** ‘ലോട്ടസ് ഈറ്റേഴ്‌സ്’ ഹോമറിന്റെ ‘ഒഡീസി’യിൽ പ്രതിപാദിക്കുന്ന ഒരു ജനവിഭാഗമാണ്. അവർ താമരയില ഭക്ഷിക്കാറുണ്ട്. അത് കഴിക്കുന്ന ആരും സ്വന്തം വീടും കുടുംബവും മറന്നുപോകും. യാത്ര തുടരാനുള്ള അവരുടെ ആഗ്രഹവും നഷ്ടപ്പെടും

Show More expand_more
News Summary - malayalam poem