ഇരുട്ട് തുന്നിയ ചിറകുകള്‍

നിശാശലഭങ്ങളോ ഈയലുകളോ
എന്റെ വെളിച്ചത്തിലേക്ക്
വന്നൊരു രാത്രി,
ഇരുട്ട് അനങ്ങാതെ അവിടെതന്നെയുണ്ട്.
എന്റെ കസേരയിൽ എന്നെപ്പോലെ
ദൂരേക്ക് നോക്കി,
കട്ടിലിൽ എന്നെപ്പോലെ മലർന്ന് കിടന്ന്,
കണ്ണാടിയിൽ എന്നെപ്പോലെ കണ്ണുകളിലേക്ക് നോക്കി,
‘‘പക്ഷിയായിരിക്കെ നിന്റെ ചിറകുകളെവിടെ?’’
എന്നെന്നോട് ചോദിക്കുന്നു.
ഏകാന്തതയുടെ ഒച്ചകൾ
പാട്ടുകളാകുന്ന അതേ രാത്രി,
തൊണ്ടയിൽ കനത്ത വിഷാദത്തിന്റെ
വീഞ്ഞ് നുരയുന്നു.
എന്റെ നരച്ച വെളിച്ചത്തിനു ചുറ്റും
ഈയലുകൾ നൃത്തം ചെയ്യുന്നു.
ഒരു ശലഭം ഏകാന്തതയെ
മുറിച്ചുകടക്കുന്നു.
നിശ്ശബ്ദതയുടെ രഹസ്യങ്ങളിൽ
കൺപീലികളിലൊരു തിര തുള്ളുന്നു.
ഈ രാത്രിക്കു മുമ്പ് സന്ധ്യയുടെ
ശോഭയോടെ മാഞ്ഞുപോയ നിന്നെ
ഇരുട്ടിലേക്ക് ഞാൻ
വിവർത്തനം ചെയ്യുന്നു.
നോക്കൂ..,
അവശേഷിക്കുന്ന വെളിച്ചത്തിന്റെ
കാൽപാദങ്ങളിൽ ഉടലുപേക്ഷിച്ച
ഈയൽ ചിറകുകൾ.
ഇരുട്ട് ചുണ്ടുകൾകൊണ്ട് അതെന്നിൽ
തുന്നിച്ചേർക്കുന്നു.
ദൈവമേ...
ഈ ചിറകുകളുമായി ഞാനിനി
ഏത് വെളിച്ചത്തിലേക്ക് പറക്കും!
