Begin typing your search above and press return to search.
എരുമ
Posted On date_range 21 Sept 2026 8:15 AM IST
Updated On date_range 21 Sept 2026 8:16 AM IST

പട്ടം കെട്ടാതെ
പഞ്ചവാദ്യ മുഴക്കമില്ലാതെ
ഒരു തല്ലുകൊള്ളി മൃഗം
പുരാണങ്ങളിൽനിന്ന്
ഇറങ്ങിനടന്നു.
എരുമഗോത്രങ്ങൾ
എരുമദൈവങ്ങൾ
ഏരുമ ഐതിഹ്യങ്ങൾ
അമ്മദൈവങ്ങൾ പുറത്തേറി
ഉറഞ്ഞു തുള്ളവേ
പാറമേൽ പതിഞ്ഞ
എരുമക്കുളമ്പുകൾ
സഹ്യനെ വിറപ്പിച്ച
പെരും വിളികൾ...
അമറലായി
നുകമേറ്റി
ഉഴവുചാലുകളിൽ
കുഴഞ്ഞുവീണപ്പോൾ
എരുമ –
ഒരു തല്ലുകൊള്ളി മൃഗം.
ചെണ്ടക്ക്
വെയിൽ തിന്ന്
കറുകറുത്തൊരു തോല്.
വെട്ടുകത്തിക്ക്
പുല്ലുകാണാതെ
പാൽ വറ്റി പശിമ വറ്റിയ
മാംസം.
കിനാവിന്
ദുശ്ശകുനമാർന്ന
രണ്ട് കൊമ്പ്.
വാൽമുളച്ച കുട്ടിശ്ശങ്കരനെ
സുബൈദ വിളിച്ചത്
എരുമേ... എരുമേ.
