അമ്മച്ചിത്തെയ്യം

അടുക്കളത്തിണ്ണയിലാണ്
അമ്മച്ചിത്തെയ്യങ്ങൾ കെട്ടിയാടാറ്...
നനഞ്ഞ ചൂട്ടുകറ്റകൾ
ഊതിയൂതി പുകഞ്ഞു കത്തുമ്പോൾ
നീറി നീറി കലങ്ങിയ ചുവന്ന കണ്ണുകൾ.
മൺകലക്കരിയിൽപ്പുരണ്ട
മുഖത്തെഴുത്ത്...
തിളച്ചുതൂവിയടുപ്പിലേക്ക്
ആഴ്ന്നിറങ്ങുന്ന കഞ്ഞിവെള്ളം
കൊതുമ്പു കഷണത്തെ നനച്ചു
കുതിർത്തുമ്പോഴുള്ള മണമാണ്
അമ്മച്ചി വേഷംകെട്ടിയ
അടുക്കളത്തെയ്യത്തിന്...
രാവു പുലരും മുമ്പേ
അമ്മച്ചിത്തെയ്യക്കണ്ണുകളുണർന്നിരിക്കും
കൂവി നേരംവെളുപ്പിക്കുവാൻ
കോഴികളെ വിളിച്ചുണർത്തും.
കിണറ്റിലേക്കെടുത്തെറിഞ്ഞ
പാളത്തൊട്ടിയിലേക്ക്
വെള്ളം നിറയുന്ന ഒച്ചയിൽ
നീർക്കോലികളും തവളകളും ഉണർന്നു
കിണറ്റിലേക്കു ചാടും...
ചായപ്പാത്രം തിളച്ചുപൊന്തി
മൂടിയ പിഞ്ഞാണം പാത്രവക്കിൻമേൽ
കൂട്ടിമുട്ടുന്ന വിറങ്ങലിച്ച ഒച്ചയിൽ
ചായ് പ്പിന്റെ കൈക്കോൽപ്പടിയിലുറങ്ങിയ
പല്ലികൾ ഞെട്ടിയുണർന്നു പാഞ്ഞുവരും.
മുളങ്കുറ്റിയിൽനിന്നും ആവിപൊന്തുമ്പോൾ
വെന്ത കോതമ്പു പുട്ടിന്റെ മണം
അമ്മച്ചിത്തെയ്യങ്ങൾ വിളമ്പുന്ന
പുലർക്കാല നേദ്യമാണ്...
ചുട്ടുപൊള്ളുന്ന ഉച്ചക്ക്
വറ്റൽമുളകിന്റെ എരിവു വറ്റിച്ച
മീൻചട്ടിയിലെ
രുചിക്കൂട്ടിന്റെ രൂപമാണ്
അമ്മച്ചിത്തെയ്യത്തിന്...
അത്താഴത്തിന് മൺകലത്തിലേ
കഞ്ഞിവെള്ളത്തിലിത്തിരി
വറ്റുക്കോരി പിഞ്ഞാണം നിറക്കുമ്പോൾ
അമ്മച്ചിത്തെയ്യങ്ങൾ
തെളിനീരുവറ്റാത്ത നദികളാണ്...
ഉറങ്ങിത്തീരാത്ത രാത്രിയാമങ്ങളെയോർത്ത്
അമ്മച്ചിത്തെയ്യങ്ങൾ കരയാറില്ലാ.
അമ്മച്ചിത്തെയ്യങ്ങളൊരിക്കലും
വേഷങ്ങളഴിച്ചു കെട്ടുകയോ
മുഖത്തെഴുത്ത് മായ്ക്കുകയോ
ചെയ്യാറില്ലാ...
പൊലിയളക്കാനല്ലാതെ
പറനാഴികളെടുത്തളന്നു കൊടുക്കാൻ
അമ്മച്ചിത്തെയ്യത്തിന്റെ
ഗണിതശാസ്ത്രത്തിൽ
കൂട്ടിക്കുറക്കലുകളുമില്ല...
