പുതിയ കണ്ണ് പഴയ മുഖത്ത്

മൂന്നരപ്പതിറ്റാണ്ടൊരു മുഖത്ത് ബാക്കി ജീവിതം മറ്റൊരു മുഖത്ത്. അങ്ങനെ കവി സലീമിന്റെ കണ്ണ് ഞാ- നജ്ഞാത സണ്ണിയുടെ മുഖത്തെത്തി. ഇതെന്റെ പുതുകാഴ്ച ജന്മം, മറ്റൊരു സിസേറിയൻ പിറവി. അസ്ഥിരം മുഖം, വിനിമയം, അനുഭൂതി, ഭൂമിവാസവും; ഘടികാരത്തിൽ ഇനിയുള്ളതിത്തിരി മണൽത്തരി. അറിയാനിടയില്ല സണ്ണിയുടെ വലംകണ്ണ്, നുകത്തിലെ ഇടംകണ്ണ് ഞാനെന്ന്. കവിയുടെ കണ്ണായിരുന്ന ഞാൻ കണ്ട അതേ കുന്ന് അതേ മാവ് അതേ പയ്യ് അതേ കാക്ക അതേ കൊത്ത്; ഞാൻ സണ്ണിയുടെ കണ്ണായ...
Your Subscription Supports Independent Journalism
View Plansമൂന്നരപ്പതിറ്റാണ്ടൊരു മുഖത്ത്
ബാക്കി ജീവിതം മറ്റൊരു മുഖത്ത്.
അങ്ങനെ കവി സലീമിന്റെ കണ്ണ് ഞാ-
നജ്ഞാത സണ്ണിയുടെ മുഖത്തെത്തി.
ഇതെന്റെ പുതുകാഴ്ച ജന്മം, മറ്റൊരു
സിസേറിയൻ പിറവി.
അസ്ഥിരം മുഖം, വിനിമയം, അനുഭൂതി,
ഭൂമിവാസവും; ഘടികാരത്തിൽ
ഇനിയുള്ളതിത്തിരി മണൽത്തരി.
അറിയാനിടയില്ല സണ്ണിയുടെ വലംകണ്ണ്,
നുകത്തിലെ ഇടംകണ്ണ് ഞാനെന്ന്.
കവിയുടെ കണ്ണായിരുന്ന ഞാൻ കണ്ട
അതേ കുന്ന് അതേ മാവ് അതേ പയ്യ്
അതേ കാക്ക അതേ കൊത്ത്; ഞാൻ
സണ്ണിയുടെ കണ്ണായ കാലത്തും.
കൊത്തെല്ലാം കൊത്തി.
മാറിയില്ലൊന്നും.
ഇണ്ടലൊട് പറന്ന് പോയ് കാക്ക.
ശേഷിപ്പതിപ്പോഴും
അതേ കുന്ന് അതേ മാവ് അതേ പയ്യ്...
ഫലിക്കുന്നില്ല സണ്ണിയിൽ
കവിതയുടെ മാന്ത്രികം.
‘സണ്ണീസ് ഗോൾഡ്’ എന്ന ബോഡ്
സെയിൽസ് ഗേൾസിന്റെ സൗവർണസ്വരം, ചിരി,
വില മൂല്യം ലാഭം സമ്പാദ്യം നയനോട്ടം,
സണ്ണിയിൽ മാറ്റമില്ലൊന്നിന്റെ മാറ്റിനും.
മാറേണ്ടത് കണ്ണല്ല, കണ്ണിലെ
മനസ്സും മനസ്സിന്റെ നോട്ടവും.
നോക്കുന്നു വാക്കിൻ സാധ്യത സലീം
പുതുകാല ഭാരസാരങ്ങളേറ്റുവാൻ;
നോക്കുന്നു പൊന്നിൻ സാധ്യത സണ്ണിയും
പുതുകാല രൂപചാരുതയേറ്റുവാൻ;
ഒരുവൻ രസധ്വനിയിൽ
ഒരുവൻ അലങ്കാരത്തിൽ എന്ന് ഭേദം.
ഇനി വേണ്ട കവിത, കണ്ണി-
ലിനി വേണ്ട നീതിവ്രതം, പ്രണയ-
മാളുന്ന നോട്ടവുമിനി വേണ്ട.
ഇണചേരലിൽ മിഴി വിടർന്നുയരലും
ആഴലും കേഴലുമിനി വേണ്ട.
വേണ്ടതിനിയെതിർവരവിനെ
നേരിടും ദർശനം.
ഇനി വേണ്ട നൊമ്പരം വാക്കുകളെ
ബിംബങ്ങളെ നീതിപ്പൊരുളിനെയോർത്ത്.
വാക്കിൽ സ്വാതന്ത്ര്യം അഴകാഴമായഭി-
മാനമായ് കാഴ്ച കവിഞ്ഞ കാലമോർത്തും.
ഇനി വേണ്ട നൊമ്പരം
അക്ഷരം, സുഗമപാഠം,
അപ്പുറം അനുഭൂതി അത്യഗാധം, അതി-
ന്നപ്പുറം പ്രതിരോധ ദർശനം,
എന്നൊക്കെയോർത്തൊരാ
ഗുണിയും വാണില്ല നീണാൾ.
പിന്നെ വന്നെന്നെത്തേടി ശാസ്ത്രവും
രത്നവ്യാപാരി സണ്ണിയും; ഞാൻ
സണ്ണിയുടെ പുത്തൻ ഇടം കണ്ണായ്.
പൊൻതുലാസിലെ സൂക്ഷ്മനോട്ടമായ്
സൂചിക്കണിശ ജഡ്ജിയായ് ഞാൻ.
സൂക്ഷ്മവില സൂക്ഷ്മലാഭം പൊന്നിൻ
സൂക്ഷ്മനീതി, സുരക്ഷാഭീതി,
കാവൽ ലോക്കറുകൾ കാവൽച്ചുമരുകൾ
കാവൽപ്പൂട്ടുകൾ ഇൻഷ്വറൻസ് കാവലും
കാവൽക്കുര്യനും തോക്കും; എത്ര
കാവൽക്കരുത്തുകൾ തരും
ഇത്തിരി സ്വൈരഭദ്രതയെന്ന വെറും നിദ്ര?
ഒരുമാത്രയൊരു ജന്മം
മറുമാത്ര മറുജന്മം, ഞാനി-
ന്നറിയുന്നു കണ്ണല്ല പാടേ
മാറുന്ന കാഴ്ചയേ ജന്മാന്തരം.
