മനുഷ്യച്ചന്തയിൽ

പെരുമ്പിലാവിലെ പഴയചന്തയ്ക്ക്
പെരുമയേറെയായിരുന്ന കാലത്ത്
അറവുമാടിനെ,യുഴവുകാളയെ
പശുക്കളെ, തുള്ളിക്കളിയ്ക്കും കുഞ്ഞാടിൻ
കുരുന്നു വെള്ളാമ്പൽനിരകളെക്കാണാ
നിടയ്ക്കു പോകാറുണ്ട,തുമൊരു കാലം.
അവിടെയത്രയും പൊരുത്തുകാർ,പല
യിടത്തുനിന്നെത്തി വിലപേശുന്നവർ
ചിലയിടങ്ങളിൽ സകലരോഗങ്ങൾ
ക്കുതകുമൗഷധം വിളിച്ചു വിൽക്കുവോർ
വളരെ സൂക്ഷ്മമായ്, കലാപരമായി
തിരക്കിൽ കീശകളടിച്ചുമാറ്റുവോർ
മുഖച്ചുളിവോലും കുറത്തികൾ കയ്യിൻ
ചുളിവിലെ ഫലം ചികഞ്ഞിടുന്നവർ
കുരുട്ടുമുച്ചീട്ടുകളിക്കാർ, സൈക്കിളിൽ
കറങ്ങുമഭ്യാസി, മലർപ്പൊടിക്കാരി
എളിയ ഗുണ്ടകൾ ചെറിയ പിച്ചാത്തി-
യെളിയിൽ സാദരം തിരുപ്പിടിക്കുവോർ
ഇരുട്ടിലെയോലമറവിലാരെയും
പുണരും മെല്ലിച്ച വിളർ നിലാവുകൾ
ചെറു കശപിശ, ചിരിതമാശകൾ
പറഞ്ഞാലൊക്കെയും ഗൃഹാതുരം തന്നെ.
കവികൾക്കായിട്ടോ പിരാന്തർക്കായിട്ടോ
കുനിഞ്ഞു നിൽക്കില്ല വികസനം, കാലം.
അതിനാലിപ്പൊഴുമവിടെച്ചെല്ലുന്നു
തുടുത്ത ചേലുള്ള മുഖങ്ങൾ കാണുന്നു.
പഴയകൂട്ടരല്ലിവരെന്നാലൊരു
കടുത്ത ദേജാവു" ശ്രമിപ്പിക്കും പോലെ.
സദാശരിയുടെ കസവുവേഷ്ടികൾ
മിനുത്ത കുപ്പായം, കടും ചായച്ചിരി
കൊടുപ്പും വാങ്ങലുമഭംഗുരം നട
ന്നിടുന്നു. ഞാനെന്റെ കഴുത്തിൽ തപ്പുന്നു
അവിടെയുണ്ടൊരു കയറതെന്നെയും
വലിച്ചുനീങ്ങുന്നു മനുഷ്യച്ചന്തയിൽ.
എടുക്കുകെന്നെയെന്നൊരു നിശ്ശബ്ദമാ
മപേക്ഷ കണ്ഠത്തിൽകുരുങ്ങും മാതിരി
അറവിനും വേണ്ടെന്നറിയുന്നുണ്ടെന്റെ
കരത്തിലാകെയുള്ളൊരുപിടി വാടി
യുണങ്ങി, നീർവറ്റിക്കരിഞ്ഞ വാക്കുകൾ.
------------------
*Deja vu
