പാതി പാതി: മുഴുവൻ

പാതിമാമതി ചൂടിയും, തൻ
പാതി പെണ്ണിനു നൽകിയും,
കോതിവെച്ച ചുരുൾമുടിത്തിര-
യോടു പൊൻജട മിന്നിയും,
കാണണം നര ജീവവേദിയി-
ലാടിടും പൊരുൾനങ്കയെ.
പാതി നീലവിഷത്തിനാൽ മറു
പാതി ചന്ദനസത്തിനാൽ,
നീല ഗഗനതലത്തിലന്തി
നിലാവുറഞ്ഞതുമാവണം,
ചൂടുവോൻ നീൾപ്പാമ്പുകൾ വള,
മാല, കുണ്ഡല രൂപമായ്
ചൂടിടും പൂങ്കൈത കൊന്നയു-
മാമ്പലും പൂത്തുമ്പയും;
ചൂടുവോൾ മണിമുല്ലയും പനി-
നീരു, ചെമ്പക, പിച്ചകം
കാണണം പലതാകിലും പ്രിയ-
മോടിരിപ്പതുമായ് സദാ.
പാതിപാതി പകർന്നുടൽ,
മായാവിയായ്, ത്തിരുമായയായ്,
കൂടിയാടിടുമെന്ന് സഞ്ജയ്
പാടിടുന്നത് മായയോ?
നീലനദിയിൽ നിന്നു പൂവുകൾ,
താമരക്കുരുമാലകൾ,
കാട്ടിൽ വീണ വെയിൽ, ഹിമം,
തലയാട്ടിടും പൂവള്ളികൾ,
മേഘമുരസും മാമരം,
മല കാത്തുവെച്ച സരോവരം
നീയവന്നു പകുത്തുവോ തൻ
പാതിയെന്നതു പോലവേ.
വാഴണം പെണ്ണാണുമൊപ്പം
വാഴുമെൻ മിഴി കാണുമോ ?
------
‘മാനാട മഴുവാട മതിയാട പുനലാട
മങ്കൈ ശിവകാമി ആട’
നടരാജപ്പത്തിൽ നിന്ന്-
ഗായകൻ സഞ്ജയ് സുബ്രമണ്യൻ
