Begin typing your search above and press return to search.
proflie-avatar
Login

തുറന്നിട്ട ഗേറ്റ്

തുറന്നിട്ട ഗേറ്റ്
cancel

ഇരുമ്പുകമ്പി

ഇരുമ്പാണി

ഇരുമ്പുഷീറ്റ്

ഇരുമ്പുവല

ഇരുമ്പുകടയങ്ങനെ

ഒരു ഇരുമ്പു തുരുത്തായി!

ഇരുമ്പും തുരുമ്പും ചേര്‍ന്ന

വാടമൂടിയ മുറിക്കുള്ളില്‍

ഇലപ്പച്ചപോലൊരു പെണ്ണ്!

ഇരുമ്പുകടയ്‌ക്കൊട്ടും

ഇണങ്ങാത്ത കാഴ്ച

എങ്കിലുമവള്‍

തീര്‍ത്തുമൊരു പെണ്ണായിരുന്നു.

നീണ്ട കഴുത്തും

മെലിഞ്ഞ ഉടലും

പറന്നുകളിക്കുന്ന മുടിയും!

പെണ്ണിനെപ്പോലെ

അവള്‍ സംസാരിച്ചു

പെണ്ണിനെപ്പോലെ

അവള്‍ പുഞ്ചിരിച്ചു!

എനിക്ക് വേണ്ടത് ഒരു പൂട്ടായിരുന്നു

ഗേറ്റ് പൂട്ടാനൊരു ഉണ്ടപ്പൂട്ട്

അവള്‍ എനിക്കായി

പലയിനത്തിലും

വലുപ്പത്തിലും

വിലയ്ക്കുമുള്ള

ഇരുമ്പുപൂട്ടുകള്‍

നിരത്തിവച്ചു

നേര്‍ത്തുകൂമ്പിയ

അവളുടെ വിരലുകളില്‍

ആ പൂട്ടുകള്‍

പലകുറി തുറന്നടഞ്ഞു

ഒപ്പം അവളുടെ കണ്ണുകളും.

പൂട്ടുമായി മടങ്ങവേ

മനസ്സിലൊരു പൂട്ടായി

അവള്‍ പിടിമുറുക്കിയിരുന്നു

പിന്നീട് പേമാരി വന്നു

പ്രളയം വന്നു

നാടുമുങ്ങി വീടുമുങ്ങി

അപ്പോഴും നനഞ്ഞുനനഞ്ഞെന്റെ

പൂട്ടുമാത്രം എനിക്ക് കൂട്ടിരുന്നു

ഒടുവില്‍ പൂട്ടു പിണങ്ങി

തുരുമ്പിന്റെ ആ ചതി

സഹിക്കാനായില്ല

ഇരുമ്പുകടയിലേക്കുതന്നെ

വീണ്ടും ചെന്നു

ഇരുമ്പുരുപ്പടികള്‍ക്കിടയിലെ

പച്ചത്തഴപ്പിനെ ചികഞ്ഞു

ഇരുമ്പുവലകള്‍ക്കപ്പുറത്ത്

മുടിവകുപ്പിലൊരു

സിന്ദൂരപ്പൊട്ടുമായി അവള്‍

പക്ഷേ

ഇരുമ്പുപോലെ

അവളും മാറിയിരുന്നു

തുരുമ്പുപിടിച്ച കണ്ണുകള്‍

ചുണ്ടില്‍ ഇരുമ്പുചിരി

കഴുത്തൊരു കമ്പിക്കാല്

ഇരുമ്പുമുഖം

ഇരുമ്പുടല്‍

ഇരുമ്പുമനസ്സ്

മൊത്തത്തില്‍ അവളൊരു

കാരിരുമ്പായിരിക്കുന്നു!

പിന്നീടിന്നോളം

ഞാനെന്റെ ഗേറ്റ്

പൂട്ടിയിട്ടില്ല.

Show More expand_more
News Summary - Malayalam poem