Begin typing your search above and press return to search.
മില്ല്
Posted On date_range 7 Sept 2026 7:45 AM IST
Updated On date_range 7 Sept 2026 7:45 AM IST

മില്ലെന്തിനാണീർച്ച വാളിനാൽ
കൂറ്റൻ മരത്തിലാഞ്ഞു കൊത്തി-
ശ്ശബ്ദപ്പരിക്കേൽപിക്കുന്നത്.
എങ്ങും മുറിഞ്ഞിട്ടില്ലെങ്കിലും
തുള്ളികൾ കൂട്ടക്കരച്ചിലായ്
ചോട്ടിലേക്കാഞ്ഞു പൊഴിഞ്ഞത്
കണ്ടുല്ലസിച്ചട്ടഹസിച്ചത്.
തൂക്കണാംകിളി പോലുയരെ
ഓങ്ങലിൽ നിന്നൊഴിഞ്ഞുമാറി
കാ പടർത്തും തിരക്കിലേയ്ക്കി-
ക്കുലുക്കമാഞ്ഞെറിയുന്നത്.
സ്വവർഗശരീരപ്പകുപ്പി-
ന്നായൂർവൃത്തമെണ്ണിയെണ്ണി
വാൾകയറ്റിപ്പരിചയിക്കും
നിത്യഭീതി വിതച്ചിരിപ്പത്.
ഏതുനേരത്തുമൂറിയെത്തും
ആർത്തി നോട്ടവു മറക്കവാൾ-
പ്പോർവിളിത്താളവുമായി
ചുറ്റുവട്ടം നിറച്ചുനിൽപത്.
‘‘തടി’’ച്ചല്ലോയെന്നതിന്റെയീ
ആത്മഗതപ്പകർച്ചവ്യാധി
ഭയപ്പെടുത്തുന്നെന്നെയും, ഞാൻ
ജീവനിൽക്കൊതിപൂണ്ടിരുളുന്നു...
