Begin typing your search above and press return to search.
proflie-avatar
Login

പാണ്ടിപ്പള്ളി*

പാണ്ടിപ്പള്ളി*
cancel

മലയാളം സ്കൂള്

ഇംഗ്ലീഷിനെന്നെ തോപ്പിച്ചപ്പം

കല്ലിപ്പാലത്തൊരു* പാണ്ടിപ്പള്ളി

ഭാഷേരെ വേരിലെന്നപോലെ

എന്നെ വാരിയെടുത്തു

പൂവാറ് കടലീപ്പെയ്യ്*

ചേമീനും ഊളാവും* പിടിക്കണ

തങ്കയ്യന്റെ മോനും

എട്ടുനിലയിൽ പൊട്ടിയപ്പം

പാണ്ടിപ്പള്ളി

എളുന്ത് വരീനടാ പുള്ളകളേന്ന്

ഭാഷേരെ തായ് മാതിരി

ചേർത്ത് പിടിച്ചു

ആ പള്ളിയിലെനിക്ക്

ചെന്തമിൾ പേശും ബെസ്റ്റിയെ കിട്ടി

അവളുടെ മുടിയിൽ

കനകാംബരപ്പൂ നട്ടുവച്ച്

മുത്തമിഴിൽ ഞാൻ മുത്തമിട്ടു

മലങ്കാറും ആഴിത്തിരയും

വല്ലാതെ വിരട്ടുമ്പം

ഓലയുടുപ്പും

നീല ടാർപ്പോളീനും പൊക്കി

പാണ്ടിപ്പള്ളി

പേരും ഊരുമില്ലാത്ത

ഭാഷയെക്കുറിച്ച് പഠിപ്പിച്ചു

വിളവങ്കോടീന്ന്

മഞ്ഞ മാമ്പഴങ്ങളുമായി

കൽക്കുളം കടന്ന പച്ച ലോറികൾ

പാറശാല തൊടുമ്പം

എനിക്കുപേർ പാണ്ടിക്കാരൻ

കളിയിക്കാവിള വഴി

തെരുവ് പട്ടികളേം കേറ്റി

നാഗർകോയിലെത്തുമ്പം

എനിക്കുപേർ മലയാളത്താൻ

എന്നാലും

അതിരുകൾ വരഞ്ഞ്

ഭാഷ പൊറുതി മുട്ടുമ്പം

പാണ്ടിപ്പള്ളി

മലയാളം പേശുന്ന തമിഴ്

കൊളന്തകളേന്ന്

ഞങ്ങളെ കെട്ടിപ്പിടിക്കും

ഭാഷ

അതിരുകളെ മാച്ചുപോകും

ദേശങ്ങളെയില്ലാണ്ടാക്കും

ഒരേ ഭാഷ ഒരേ നിറം

ഞങ്ങൾ സ്വപ്നം കാണും.

=============

1. പാണ്ടിപ്പള്ളി –പാറശാല തൊട്ട് നാഗർകോവിൽ വരെ മലയാളം പഠിപ്പിക്കുന്ന തമിഴ് സ്കൂൾ

2. കല്ലിപ്പാലം –കളിയിക്കാവിള കുഴിത്തറ ഭാഗത്തെ തമിഴ് സ്കൂൾ

3. പെയ്യ് –പോയി

4. ചേമീനും ഊളാവും –ചൂണ്ടയിൽ പിടിക്കുന്ന മീനുകൾ

Show More expand_more
News Summary - Malayalam poem