2028


പൂർവനിശ്ചിതമായ തീരമാണത്, തിര വകഞ്ഞുമാറ്റിപ്പോരും കപ്പലിൻ തട്ടിൽനിന്നും കാലമേറെയായ് പല ദൂരദർശിനികളാൽ നോക്കിനോക്കി ഞാൻ നിൽപൂ, തെളിഞ്ഞുവരുന്നുണ്ടോ? വേലകളൊഴിഞ്ഞതിൻ ശാന്തത മാനം മുട്ടും മാമലമുടിയായി മേഘങ്ങൾ ചൂടുന്നുണ്ടോ? നേരങ്ങൾ സ്വച്ഛന്ദമായ് തളിർക്കും പച്ചത്തീരം കാലമെൻ മുന്നിൽ നീട്ടും വെറ്റിലത്തട്ടാകുന്നോ? തെളിയുന്നെത്ര,ക്കത്രക്കിന്നു ജോലികൾ ചെയ്യാൻ മനസ്സു മടുക്കുന്നൂ,തറഞ്ഞിങ്ങു നിൽക്കുന്നു തെളിഞ്ഞു വരുന്നുണ്ട്,...
Your Subscription Supports Independent Journalism
View Plansപൂർവനിശ്ചിതമായ തീരമാണത്, തിര
വകഞ്ഞുമാറ്റിപ്പോരും കപ്പലിൻ തട്ടിൽനിന്നും
കാലമേറെയായ് പല ദൂരദർശിനികളാൽ
നോക്കിനോക്കി ഞാൻ നിൽപൂ, തെളിഞ്ഞുവരുന്നുണ്ടോ?
വേലകളൊഴിഞ്ഞതിൻ ശാന്തത മാനം മുട്ടും
മാമലമുടിയായി മേഘങ്ങൾ ചൂടുന്നുണ്ടോ?
നേരങ്ങൾ സ്വച്ഛന്ദമായ് തളിർക്കും പച്ചത്തീരം
കാലമെൻ മുന്നിൽ നീട്ടും വെറ്റിലത്തട്ടാകുന്നോ?
തെളിയുന്നെത്ര,ക്കത്രക്കിന്നു ജോലികൾ ചെയ്യാൻ
മനസ്സു മടുക്കുന്നൂ,തറഞ്ഞിങ്ങു നിൽക്കുന്നു
തെളിഞ്ഞു വരുന്നുണ്ട്, രണ്ടിനും പൂജ്യത്തിനു-
മെട്ടിനും കരിമ്പാറക്കെട്ടിന്റെയുറപ്പോടെ.
തെളിഞ്ഞു വരുന്നുണ്ടീയക്കങ്ങൾ വഴികളായ്
വഴികളലിഞ്ഞുപോമന്തിമാനത്തിൻ ചോപ്പിൽ
വഴികൾകൊണ്ടെത്തിക്കുമുത്സവപ്പറമ്പുകൾ
വഴികൾ കൊണ്ടെത്തിക്കുമാസ്പത്രിക്കവലകൾ
അക്കങ്ങൾക്കുള്ളിൽ തളംകെട്ടിയൊരൊറ്റപ്പെടൽ
പെട്ടെന്നു വഴി തിരിഞ്ഞെത്തുന്ന നിശ്ശബ്ദത
എഴുതാക്കവിതകൾ തെളിഞ്ഞുവരുന്നതിൽ
വരികൾമാത്രം ചെന്നങ്ങെഴുതിച്ചേർത്താൽ മതി
ഇത്ര മൂർച്ചയിൽ രണ്ടായിരത്തിയിരുപത്തി-
യെട്ടിന്റെ തീരം തൊട്ടുമുന്നിലായ് തിളങ്ങവേ
എനിക്കു കണ്ണഞ്ചുന്നോ, കാലിടറുന്നോ, കയ്യി-
ലിരിക്കും കുഴൽച്ചില്ലു താഴെ വീണുടയുന്നോ?
ഒക്കെയുമെടുത്താടിയുലവൂ കപ്പൽ രണ്ടാ-
യിരത്തിയിരുപത്തിയാറിന്റെ തിരത്തുമ്പിൽ.