ചിറകുള്ള വഴികൾ

വീട്ടുമുറ്റത്തെ മാവിൽ ഇപ്പോൾ പക്ഷികൾ കലപില കൂട്ടാറില്ല. ചില്ലകളിലേക്ക് നോക്കി ധ്യാനിച്ചു നിൽക്കുന്ന നാളുകളിലെപ്പൊഴോ എന്റെ തോളിൽ ഒരു ജോടി ചിറകുകൾ മുളച്ചുവന്നു. വീട്ടിലെ വളർത്തുപൂച്ച ഇതേതു ജീവിയെന്ന് അമ്പരക്കുകയും സ്വൽപമൊക്കെ ബഹുമാനിക്കുകയും ചെയ്തു. ചില കൊറ്റികൾ ചങ്ങാത്തം കൂടാൻ നോക്കി! വഴിയിൽ കണ്ടാൽ ആളുകൾ ഒതുങ്ങി മാറിനിന്നു. പള്ളിയിൽ ചെന്നാൽ പരീശന്മാർ വന്ദിച്ചു. ‘‘ഇനി നീ പറക്കുമോ’’ അമ്മ ചേദിച്ചു. ആകാശത്തെ പുൽകാൻ കെൽപില്ലാത്ത ആ...
Your Subscription Supports Independent Journalism
View Plansവീട്ടുമുറ്റത്തെ മാവിൽ
ഇപ്പോൾ പക്ഷികൾ കലപില കൂട്ടാറില്ല.
ചില്ലകളിലേക്ക് നോക്കി
ധ്യാനിച്ചു നിൽക്കുന്ന
നാളുകളിലെപ്പൊഴോ
എന്റെ തോളിൽ
ഒരു ജോടി ചിറകുകൾ മുളച്ചുവന്നു.
വീട്ടിലെ വളർത്തുപൂച്ച
ഇതേതു ജീവിയെന്ന് അമ്പരക്കുകയും
സ്വൽപമൊക്കെ ബഹുമാനിക്കുകയും ചെയ്തു.
ചില കൊറ്റികൾ ചങ്ങാത്തം കൂടാൻ നോക്കി!
വഴിയിൽ കണ്ടാൽ ആളുകൾ ഒതുങ്ങി മാറിനിന്നു.
പള്ളിയിൽ ചെന്നാൽ പരീശന്മാർ വന്ദിച്ചു.
‘‘ഇനി നീ പറക്കുമോ’’ അമ്മ ചേദിച്ചു.
ആകാശത്തെ പുൽകാൻ കെൽപില്ലാത്ത
ആ ചിറകുകളെയോർത്ത് ഞാൻ ചിരിച്ചു.
രാത്രിയിൽ അലമാരയിൽ തൂക്കിയിട്ടിരുന്ന ചിറകുകളിൽനിന്ന്
ഇളംതൂവലുകൾ പാറിവീണു.
രാവിലെ നോക്കുമ്പോൾ
പുൽനാമ്പുകൾക്കിടയിൽ അവയെല്ലാം മുളച്ച് ചെറുപക്ഷികളായി
നീല നിറത്തിൽ ചിറകുവിരിച്ച് നിൽക്കുന്നു.
വരണ്ട ഗ്രാമത്തിനു മുകളിലൂടെ പറക്കുമ്പോൾ
അവ എന്റെ ജനലരികിൽവന്ന്
വഴി ചോദിക്കാറുണ്ട്...
ആകാശത്തിന്റെ ദിശ ഞാനവർക്ക്
ചൂണ്ടിക്കാണിച്ചു കൊടുക്കും.
വസന്തത്തിന്റെ വിലാസം
തെറ്റാതെ പറഞ്ഞുകൊടുക്കും.
ഇപ്പോഴറിയുന്നു മഴമേഘങ്ങളാണ്
എന്റെ തോളിൽ മുളച്ചതെന്ന്...
ഊഷരഭൂമികളെ
കുളിർപ്പിക്കാനുള്ള നീർമുത്തുകൾ
കോർത്തു തുന്നിയ
ഒരു മേലാപ്പാണതെന്ന്.
