Begin typing your search above and press return to search.
വളവ്
Posted On date_range 5 Sept 2026 11:25 AM IST
Updated On date_range 5 Sept 2026 11:25 AM IST

പാതിരായ്ക്ക്
പട്ടണയോരത്ത്
ഇരുവശവുമായുയർന്ന
കൂറ്റൻ മതിൽക്കെട്ടി-
നിടയിലൂടെപോകും
ടാറിട്ട ചെറുറോഡിൽ
ഉറഞ്ഞ നിശ്ശബ്ദതയിൽ
സിഗരറ്റ് പുകച്ചൊരാൾ
നടന്നുപോകുന്നു.
മതിൽക്കെട്ടിനപ്പുറം
സമ്പന്നതയിലർമാദിക്കും
മാളികകളിൽ
ഒരുവൻ ഒരുവളെ കഴുത്തു ഞെരിക്കുന്നുണ്ടാകുമോ
ചുംബിക്കുന്നുണ്ടാകുമോ
ചെറുവാല്യക്കാർ മരുന്നടിച്ചു കൂത്താടുന്നുണ്ടാകുമോ
സീറോവള്ട്ടിൽ ഇണകൾ പിണയുന്നുണ്ടാകുമോ
ചെറുപൈതൽ
ഉറക്കത്തിൽ ചിത്രശലഭങ്ങളെ
ഉമ്മവെക്കുന്നുണ്ടാകുമോ
ഒരു തരുണൻ
പരീക്ഷാപ്പേടിയിൽ ഉറങ്ങാതിരിക്കുന്നുണ്ടാകുമോ
എന്നൊക്കെ നിനച്ച് നിനവുകളിൽ രസിച്ച്
വളവു തിരിയുമ്പോളയാളെ കാണാതാകുന്നു
