Begin typing your search above and press return to search.
proflie-avatar
Login

കളിക്കാലം

കളിക്കാലം
cancel

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്

കളിക്കാലമാണ്

കളിച്ചോളൂ കുഞ്ഞേ

മഴക്കോളു കണ്ട്

പനിക്കോളു

പേടിച്ചൊളിക്കേണ്ട കുഞ്ഞേ

മഴക്കോട്ടയെക്കാൾ

കരുത്തുറ്റതാണീ കളിക്കോട്ട, ഘോഷം

മുഴങ്ങുന്ന കേൾക്കാം

കളിപ്പന്തുമായി

പറന്നോളൂ കുഞ്ഞേ

വെടിക്കോപ്പിനേക്കാൾ

വെടിച്ചോളു പൊന്നേ

റൊണാൾഡോ കണക്കെ

കുതിച്ചോളൂ കുഞ്ഞേ

മറഡോണയേക്കാൾ

മദിച്ചോളൂ കുഞ്ഞേ

സിദാൻ സ്രാവുപോൽ

നീന്തിടും നീ സമം താൻ

മെസ്സിക്കാൽത്തുടിപ്പാൽ

തൊടുത്തോളൂ കുഞ്ഞേ

വലക്കമ്പനം,

ആർത്തിരമ്പുന്നു ലോകം

കളിക്കൂട്ടുകാർ വന്നു

മൂടട്ടെ നിന്നെ

അവർക്കു മേൽ നീ

മേഘമായ് മൂടൂ കുഞ്ഞേ

അവർതന്നെ നീയും

എതിർടീമിനെച്ചെന്നു

പുൽകൂ കിടാവേ

അവർതന്നെ നീയും

അതോർക്കുകെൻ കുഞ്ഞേ

കളിക്കാലമാണ്

എതിർക്കാലമല്ല

രസക്കാലമാണ്

മദപ്പാടു വേണ്ട

അമ്പായ് പറന്നൻപു

നെഞ്ചിൽ തറയ്ക്കൂ

അൻപാലെ തന്നെ

വമ്പൊക്കെ ത്യജിക്കൂ

കളിക്കാലമാണ്

കളിച്ചോളൂ കുഞ്ഞേ

കെണിക്കാലമായി

കണക്കാക്ക വേണ്ട

ചതിക്കാലുമായി

കുതിക്കേണ്ട കുഞ്ഞേ

കുതിക്കാലു വെട്ടി

ജയിക്കേണ്ട നെഞ്ഞേ

ജയിച്ചാൽ ജയിച്ചു

കളിപ്പേ ജയംതാൻ

കളിച്ചോളൂ കുഞ്ഞേ

ജയിച്ചോളൂ കുഞ്ഞേ

കളിക്കാലമാകട്ടെ

ലോകം കിടാവേ

കൊടിക്കൂറയായ് നീ

പറക്കട്ടെ കുഞ്ഞേ

കളിച്ചോളൂ കുഞ്ഞേ

കളിച്ചോളൂ കുഞ്ഞേ

==================

(അൻവർ അലിയുടെ മഴക്കാലമെന്ന മനോഹര കവിതയോട് കടപ്പാട്)

Show More expand_more
News Summary - malayalam poem