Begin typing your search above and press return to search.
proflie-avatar
Login

ഏകാന്തതാ മഹൽ

ഏകാന്തതാ മഹൽ
cancel

എഴുപതുകളുടെ രാത്രിയിലേക്ക്,

തുറന്നുകിടന്ന ജനാലയിലൂടെ,

രണ്ട് വെള്ളത്തൂവാലകൾ പറന്നുയർന്നു.

അനുഭവങ്ങളുടെ ഭയം വന്നുനിറഞ്ഞ്,

വാതിൽ തുറക്കാനോ പുറത്തേക്കിറങ്ങാനോ

കഴിഞ്ഞില്ല.

യുദ്ധഭൂമിയിൽനിന്നും രക്ഷപ്പെട്ടു വന്നതുപോലെ,

കറുത്ത ചിറകുള്ളൊരു ചിത്രശലഭം

മുറിയാകെ ചുറ്റിപ്പറന്നു.

ഉറങ്ങിപ്പോയിരുന്നെങ്കിലും

അവിചാരിതമായി റിങ് ചെയ്ത

ഫോൺ ശബ്ദത്തിലേക്ക്,

ഉണർന്നുപോരുകയായിരുന്നു.

ബലിയറുക്കാൻ കെട്ടിയ മൃഗത്തെപ്പോലെ

ഒറ്റപ്പെട്ടൊരു വീട്.

വിളിച്ചുനോക്കാനുള്ള പേരുകളൊന്നും

അടുത്തൊന്നുമുണ്ടായിരുന്നില്ല.

എത്രദൂരം കടന്നുപോകാനാവും

ഒറ്റക്കൊരു ശബ്ദത്തിന്.

അഞ്ചുമണിക്ക്,

ആദ്യത്തെ ബസു കടന്നുപോകും,

ബസിനരികിലേക്ക് ഇരുപതു മിനിറ്റുകൾ.

മൂന്നു മണിക്കൂറുകൾക്കപ്പുറത്തേക്ക്,

രാത്രിയും ഭയവും വഹിച്ചുകൊണ്ട്,

പതിയെ നീങ്ങുന്നു;

ഇരുപതിനും ഇരുപത്തിരണ്ടിനുമിടയിൽ

രണ്ടുപേർ അകാലമരണം ബാധിച്ച വീട്.

വീട്, വാടകക്ക് നൽകുന്നയാൾ പറഞ്ഞു:

‘‘ഓർമകളെ ഭയമില്ലെങ്കിൽ തനിച്ചു കഴിയാം.’’

പകൽ നേരങ്ങളിൽ,

ഒറ്റക്കു വന്നവിടെയിരിക്കുന്നതും

സായാഹ്നമാകുമ്പോഴേക്കും

തിരികെപ്പോകുന്നതുമാണയാളുടെ പതിവ്.

ആ വീട്,

സംരക്ഷിക്കുന്നതെന്തിനാണെന്നയാൾക്കുമറിയില്ല,

ഓർമകളല്ലാതെ മറ്റാരും അവിടേക്ക് വരാനുമില്ല.

ചുമരിലെ ഘടികാരം,

അരികും അകലവും നിർണയിക്കാനാവാതെ

നിശ്ചലമായിരുന്നു.

വീട്ടുപേരു മാഞ്ഞു തുടങ്ങിയിരുന്നെങ്കിലും,

മഹൽ എന്നെഴുതിയത് വായിക്കാമായിരുന്നു.

വരികൾക്കിടയിൽ ചുവന്ന അടയാളമിട്ട പുസ്തകങ്ങൾ,

മേശമേൽ പൊടിഞ്ഞു തുടങ്ങുന്നതു കണ്ടു.

ഘടികാരത്തിനു താഴെ,

മിടുപ്പുകൾ ചലിച്ചുകൊണ്ടിരുന്നു.

ജനലിലൂടെ പുറത്തേക്കിറങ്ങാമായിരുന്നിട്ടും വാതിൽ തുറക്കാനുള്ള കാത്തിരിപ്പിലായിരുന്നു

ചിത്രശലഭവും.

Show More expand_more
News Summary - Malayalam poem