ആരോഹണാവരോഹണം

പച്ചക്കറിച്ചന്തയെ പരിചയപ്പെടുന്നേരം
ആശ്ചര്യം പലതും കൈമാറ്റം ചെയ്യപ്പെട്ടു.
അങ്ങാടിക്കപ്പുറത്തെ സങ്കൽപലോകത്ത്
പച്ചക്കറി ശിൽപങ്ങളും കലാകൃത്തുക്കളും.
പലവർണങ്ങൾ കൂമ്പാരമിട്ടു കിടക്കും.
ചില്ലുശിൽപം പോലെ കണ്ണഞ്ചും.
ചാക്കുകൊണ്ടുള്ള മെത്തയിൽ
ഓമനയായ വളർത്തുമൃഗങ്ങളെപോലെ
തുടച്ചും ഉഴിഞ്ഞും വെള്ളം കുടഞ്ഞും
പച്ചക്കറികളെ നിരത്തലെന്ന തുടർച്ച.
നിഴലാട്ടത്തിന് മിന്നി കെട്ട് വഴിവെളിച്ചം.
വിറ്റൊഴിഞ്ഞ ഓരോ ശൂന്യതയിലേക്കും
അടുത്തതിനെ നീക്കിയൊരുക്കി
പല്ലാംകുഴി*യിലെ വൃത്തസഞ്ചാരം.
അങ്ങാടിയെ മോഹത്തിലാഴ്ത്തുന്ന
പേശലും വിൽപനയുമെന്ന സീസോ കളിയും.
ഞാലുന്ന ത്രാസിന്റെ സീൽക്കാരം.
കൃത്യതയാർന്ന രംഗസജ്ജീകരണം.
ഭാണ്ഡമഴിക്കലും മുറുക്കലുമെന്ന ചാക്രികത.
രാപകൽ മറിയുമ്പോഴത്തെ കുറുകിത്തൂങ്ങിയുറക്കം.
അരങ്ങ് നൂണ്ടുകടന്ന അധ്വാനത്തിന്റെ
ആരോഹണാവരോഹണങ്ങൾ.
------------
*കളങ്ങളിൽ മഞ്ചാടിക്കുരു കരുക്കളായി നീക്കി കളിക്കുന്ന ഒരു നാടൻവിനോദം
