Begin typing your search above and press return to search.
proflie-avatar
Login

പൊകേല

പൊകേല
cancel

തെണ്ടിലേല് പൊകേലത്തരി ചുരുട്ടുന്നേരം

അവക്ക് പേറ്റുവേന വന്നു.

പൊകേല കൂട്ടിടണ

കുടുസ്സുമുറിയിൽ

കൊണ്ടോയിക്കിടത്തുമ്പോഴേക്കും

വെള്ളം പോയിത്തുടങ്ങി.

മൊതലാളി വണ്ടി വിളിച്ച് ആശുത്രീലെത്തിച്ചു.

കുട്ടിയ്ക്ക് സൂക്കേട് വരുമെന്നും

ചെയ്യണ പണി നിർത്തണമെന്നും

ഡോക്ടറ് മുമ്പ് പറഞ്ഞാര്ന്നു.

പെറന്ന കുഞ്ഞിനാദ്യം

കരച്ചിലില്ലാര്ന്നു.

ബീഡിമണമുള്ള

നെഞ്ഞത്ത് ചേർത്തപ്പൊ

ഭൂമി തൊട്ട പൊള്ളലേറ്റ്

പെട്ടന്നത് തൊള്ളകീറി.

തെണ്ടില വാടയുള്ള

മൊലപ്പാലു കുടിച്ചും

പൊകേലക്കറയുള്ള

ചോറുരുളകൾ തിന്നും

കമ്പനീലെല്ലാരോടുമൊപ്പം

നൂലുകെട്ടാൻകൂടിയും

കുഞ്ഞ് വളർന്നു.

ഒടയണ സ്ലേറ്റിൽ

അമ്മയ്ക്ക് ശേഷം

‘ബീഡി’ എന്നെഴുതിയ കുട്ടിയെ

ഒരിക്കൽ ടീച്ചറു നുള്ളി.

കുട്ടിയുടെ രഹസ്യമായ കാത്തിരിപ്പിനൊടുവിൽ,

പപ്പടവടയും നീളമുള്ള

മഞ്ചു മിട്ടായീംകൊണ്ട്

അച്ഛനെത്തി. അന്ന-

മ്മ അവളേംകൊണ്ട്

കമ്പനീല് കെടന്നു.

മങ്ങലാരത്ത്

തുകല് തുന്നുന്ന കടേല്

രണ്ടൂസം നിന്നാല്,

ചൊമമരുന്ന് വാങ്ങാൻ

അമ്മയ്ക്ക് കടം വാങ്ങണ്ടാലോന്ന്

കരുത്യാ...

വെള്ളിയാഴ്ച നേരത്തെ

സ്കൂള് വിട്ടപ്പൊ

അച്ഛന്റൊപ്പം തീവണ്ടീല് പോയത്.

മഞ്ചുമിട്ടായിനേക്കാളും നീളത്തിലുള്ള

മിട്ടായികളുണ്ടെന്ന് കേട്ടോണ്ടല്ല,

മങ്ങലാരത്തൊത്തിരി കാണാന്ണ്ട്ന്ന് കേട്ടോണ്ടല്ല,

പുള്ളിക്കൊട പുതീത് തരാന്ന് കേട്ടോണ്ടല്ല,

അമ്മേനെക്കാളും ഇഷ്ടംണ്ടായിട്ടല്ല

അമ്മേനെക്കാളും

ഒട്ടും ഇഷ്ടണ്ടായിട്ടല്ല.

* * *

ചൊവ്വേം ഞാൻ സ്കൂളിലെത്തില്ല...

തുകല് തുന്നുന്ന വല്ല്യേസൂചികൾ

കേറിയിറങ്ങി

യൂണിഫോമാകെ കീറിപ്പറഞ്ഞുപോയി

തൊടേലാകെ

വല്ല്യ ബീഡിടെ വട്ടങ്ങളും!

മങ്ങലാരത്ത്ന്ന്

വീടെത്തുമ്പോ

ബീഡിക്കമ്പനീലെ എല്ലാരുംണ്ട്.

അമ്മ

തന്നേംപ്പിന്നേം ബീഡി വലിച്ചോണ്ടിരിക്കാണ്.

ഒറ്റജോടി യൂണിഫോം മങ്ങലാരത്തെ ആശൂത്രിക്കാര്

അഴിച്ചെടുത്തോണ്ടും

തിങ്കളു സ്കൂള് മൊടക്കിയോണ്ടും

അമ്മയ്ക്കടുത്തേക്ക്

ഞാനാദ്യം പോയില്ല.

ആളൊഴിഞ്ഞോണ്ടിരുന്നു

അമ്മ പൊകച്ചോണ്ടിരുന്നു.

ഞാനാ നെഞ്ചുംകൂടിലേക്ക്

നേരിട്ടുകേറി

പൊകേലത്തരികൾക്കിടയിലൊട്ടിക്കിടന്നു.

‘ചൊമ മരുന്ന് മറന്നമ്മേ’

Show More expand_more
News Summary - malayalam poem