Begin typing your search above and press return to search.
proflie-avatar
Login

രണ്ട് പ്രണയ കവിതകൾ

രണ്ട് പ്രണയ കവിതകൾ
cancel

1. മയിൽപ്പീലികൾ

നീ തന്ന മയിൽപ്പീലികൾ

വീണ്ടും നനഞ്ഞുകുതിർന്നിരിക്കുന്നു

ഓരോ മഴയിലും നിറഭേദങ്ങൾ വന്ന്

ഓരോ വേനലിലും കരിഞ്ഞുണങ്ങി

അത് പൊടിയാൻ തുടങ്ങിയിരിക്കുന്നു

എത്ര കാലമിങ്ങനെ സൂക്ഷിച്ചുവെക്കും

നീ വരുന്നതും കാത്ത്,

കാലത്തിന്റെ കുത്തൊഴുക്കിൽ

എങ്ങനെ പിടിച്ചുനിൽക്കാനാവും

ബാല്യത്തിന്റെ നനവുപടർന്ന

എന്റെ മയിൽപ്പീലികൾക്ക്

ഉപ്പുരസം കലർന്ന മിഴിനീരിൽ മുക്കി

എനിക്കതിനെ പൊതിഞ്ഞുവെക്കാനാവുമോ?

നീ ഒന്നുവന്നിരുന്നെങ്കിൽ

അതൊന്നു തിരികെ നൽകി

ഇരുട്ടിലെ ഏതു മഴയിലേക്കും

എനിക്കിറങ്ങി നടക്കാമായിരുന്നു.

2. നീയറിയാത്ത പ്രണയങ്ങൾ

എത്ര മുടിച്ചുരുളുകളൂർന്നുവീണു നിൻ മേനിയിൽ

എത്രമഴച്ചാർത്തുകളേറ്റുവാങ്ങിയീ ഇടവഴി

എത്ര പ്രണയാർദ്ര നിമിഷങ്ങൾക്കേകയായ്

ദൃക്‌സാക്ഷിപദമലങ്കരിച്ചു തിരമാലകൾ

എത്ര വിടവാങ്ങൽ ചുബനങ്ങളേറ്റുവാങ്ങി

തഴമ്പിച്ചു സന്ധ്യതൻ ചെന്നിറംപൂണ്ട ചുണ്ടുകൾ

അർക്കനെത്ര കസവാട തുന്നിയീപ്പുഴയിലോളങ്ങൾ

ക്കോമനിക്കാൻ

എത്ര മുല്ലകൾ പൂത്തുകൊഴിഞ്ഞുപോയ്

അന്തിവെയിലിൽ സുഗന്ധം പരത്തുവാൻ

അത്രപോലും പരിഭവിക്കാതിവർക്കെത്ര

പ്രണയം തുളുമ്പും മനസ്സുകൾ എങ്കിലും

ഓമനേ നീയറിയുന്നതേയില്ല ഇത്ര നോവേറും

പ്രണയത്തിന്നാഴങ്ങൾ.

Show More expand_more
News Summary - Malayalam poem