അരിയച്ഛൻ

മീൻമണമുള്ള
കാറ്റ് വീശുന്ന ഉച്ചനേരങ്ങളിൽ...
പെരുവാന്തികാപ്പ്
പള പള മിന്നിക്കത്തുമ്പോൾ
തിളച്ചവെള്ളത്തിൽ
ഒറ്റലിറക്കി
ഒറ്റയാനെപ്പോലെ അരിയച്ഛൻ...
ചാത്തങ്കോട്ടെ പറമ്പിറങ്ങി വരുന്ന
നേർത്ത മൂളക്കം
കുറൂരക്കടവ് മൗനത്തിലാവാഹിക്കുന്ന
ഉച്ചനേരം
മടിയിൽ തിരുകിയ വെറ്റില പാട്ടിയിൽ നിന്നും
ഞരമ്പറ്റ വെറ്റിലയിൽ ചുണ്ണാമ്പുരച്ച്
കൈതോലപ്പടർപ്പിൽ
ചുവച്ച് പാറ്റിത്തുപ്പുമ്പോൾ
അരിയച്ഛന്റെ കറുത്തപല്ലിന്റെ
വെൺമയിൽ
അയിരാണി പൂവുകൾ തിളങ്ങിനിൽക്കും.
പൂവ്വാലോറകുന്ന് നോക്കിച്ചിരിക്കുന്ന
കനം പെറ്റുപെരുകുന്ന വല്ലരിക്കാട്ടിൽ
എകരമുള്ള കനം കുറഞ്ഞ ചില്ലയിൽക്കിടന്ന്
അരിയച്ഛൻ
ഒരു പരുന്തു നോട്ടത്താൽ
മീൻചാല് കാണുമ്പോൾ...
അരിയച്ഛൻ
ഒറ്റലുമായി പറന്നിറങ്ങും.
അരിയച്ഛന്റെ കണ്ണുകളിൽ
സങ്കടത്തോണിയിറക്കുന്ന
വാരാൽക്കുഞ്ഞുങ്ങൾ
ചുവന്ന് നുരഞ്ഞ്
ഒരു പങ്കായമാവുമ്പോൾ...
വയൽപ്പൊത്തുകളിൽ
കുമിള പൊട്ടിയ്ക്കുന്ന മഞ്ഞക്കൂരികൾ
മൂരിയാമ്പലിന്റെ ഇലപ്പടർപ്പിൽ
ഒളിച്ചിരുന്ന് നോക്കുമ്പോൾ...
വയൽവരമ്പത്തിരുന്ന്
കണ്ണിൽ കോർത്ത ചൂണ്ടയെറിഞ്ഞ്
അരിയച്ഛൻ കരയിലിട്ട് പിടപ്പിച്ച് കളയും
പിടയ്ക്കുന്ന വയർ ഞരമ്പിനെ തളച്ചിടാൻ...
ഇരയും വേട്ടക്കാരനും
തമ്മിലടുത്ത നിമിഷം
ഉത്തരമുള്ള ചോദ്യങ്ങളും
ഉത്തരമില്ലാത്ത ചോദ്യങ്ങളും
കുന്നിറങ്ങിവന്ന കാറ്റിൽ
തണുത്തു വിറയ്ക്കുമ്പോൾ
അരിയച്ഛൻ
പാറോട്ടിയിൽ താളമിട്ട്
തൊണ്ടപൊട്ടി പാടും.
തേക്കിയരച്ച ഓർമകൾ
കുണ്ടൂർമുഴിത്തോട്ടിൽ
ഊളിയിടുമ്പോൾ
അരിയച്ഛൻ
കഞ്ഞിക്കുരു തേടിയിറങ്ങുന്ന
നുകപ്പാട്ടിന് താളമിടും.
പെരാത്തറക്കാപ്പ് തെണ്ടിയെത്തുന്ന
പൂവ്വാലോറക്കുന്നിലമ്മയുടെ
മുടിപ്പുറത്ത് പിടയെ പറപ്പിക്കും
കുട്ടിച്ചാത്തൻ ദൈവത്തിന്
റാക്ക് മണപ്പിക്കും
കാക്കമരത്തിന്റെ ഇലകൾ
കിഴക്ക് പടിഞ്ഞാറ് വീണുകിടക്കുമ്പോൾ...
അരിയച്ഛൻ കോമരമായ് ഉറഞ്ഞുതുള്ളും
വേരും
പേരും
ആഴ്‌ന്നിറങ്ങിയ
ആവളപ്പാണ്ടിയുടെ നടവരമ്പത്ത്
മീനുട്ട് നടത്തുന്ന അരിയച്ഛൻ
കുന്ന് വിളിയ്ക്കുന്നത്
ദാ, ഇപ്പോഴും
കേൾക്കാം... കുറൂരക്കടവിലിരുന്നാൽ...
