Begin typing your search above and press return to search.
proflie-avatar
Login

അനക്കം

അനക്കം
cancel

കടന്നുപോയ കാറ്റിനെപ്പറ്റി

ഗഹനമായ മൗനത്താൽ

ആകാശം വിസ്തരിക്കുമ്പോൾ

കാലത്തിന്റെ പൂച്ചനടത്തം.

ഒരില

ഓർമയുടെ ഞെടുപ്പിൽനിന്നു

പിടിവിട്ടുമാറുകയാണ്.

നേരം പുലരുകയല്ല;

വിവശരും വിധവകളും

വേരുകളറ്റവരും

വേലികടത്തപ്പെട്ടവരും

വാരിപ്പുതച്ച കരിമ്പടം

അഴിഞ്ഞുവീഴുകയാണ്.

ഒരു പൂവ് വിരിയുന്നു;

അല്ലല്ല, വിരിയുകയല്ല

–കടഞ്ഞെടുത്ത സുഗന്ധം

കുമ്പിളിലാക്കി

ഒരു ചെടി നീട്ടുന്നതാണ്.

പുല്ലുകൾക്കിടയിൽ

വെയിൽ പരക്കുന്നതല്ല;

കടന്നുപോയവരുടെ

കാൽപ്പാടുകളിൽ

കാലം പാവുകാച്ചുന്നതാണ്.

വെളിച്ചം നടക്കുമ്പോൾ

ഭൂമി മറുവശത്തേക്കു

തിരിഞ്ഞു കിടക്കുന്നു.

മുഷ്‌ടി ചുരുട്ടിയ പിഞ്ചുകൈ;

വിപ്ലവവിജയമല്ല.

അകലം വെടിഞ്ഞ ഉടലുകളുടെ

ആഘോഷങ്ങൾക്കൊടുവിൽ

അമ്മച്ചോരയിലെ തിരമാലയായതിന്റെ

ആഹ്ലാദമുദ്രയാണ്.

ഉയരത്തിലെ കസേരയിൽനിന്ന്

ആളിറങ്ങുന്നു;

ആളൊഴിഞ്ഞാലും

അവിടിരിക്കുവോളം

അക്കസേര അധികാരമാവുന്നു.

എല്ലാ അനക്കങ്ങളും

ഒരേദിശയിലല്ല.

പുക മുകളിലേക്ക്.

മഴ താഴേക്ക്.

രക്തം ഹൃദയത്തിലൂടെ

മക്കളിലൂടെ

കൂടപ്പിറപ്പുകളിലൂടെ

പിച്ചാത്തിമുനകളിലൂടെ...

കാലം

എല്ലാത്തിനും മുകളിൽ

അനക്കമില്ലാതെ

തിരയടിക്കുന്ന മഹാപ്രവാഹം.

നമ്മുടെ ഓരോരോ ചലനങ്ങളും

ഈയൽച്ചിറകുകളായറ്റുവീഴുമ്പോൾ

ഒരു തണുത്ത ബിന്ദുവിൽ

നാമുറയുന്നു.

നമുക്കു ചുറ്റുമുള്ള ചലനങ്ങൾ

അതോടെ റദ്ദുചെയ്യപ്പെടുന്നു.

Show More expand_more
News Summary - Malayalam poem