Begin typing your search above and press return to search.
proflie-avatar
Login

നുണയോർപ്പെരുമാളുടെ പൂച്ച

നുണയോർപ്പെരുമാളുടെ പൂച്ച
cancel

അങ്ങനെയിരിക്കുമ്പോൾ

നുണയോർപ്പെരുമാളിന്റെ

പൂച്ചക്കു ദീനം

തീറ്റയൊട്ടു പറ്റാതെ, പോരാതെ

കട്ടുതീറ്റ ശീലമാക്കിയതിന്റെ

ഏനക്കേടെന്ന്

പെരുമാൾരാജ്യത്ത് ചൊല്ലായി

അടുക്കള കാലിയായവർ

അറ കാലിയായവർ

വിത്തുപോലും അപഹരിക്കപ്പെട്ടവർ

നുണയോർപ്പെരുമാൾപ്പേടിയാൽ

മിണ്ടാതിരുന്നു

കലവറപരിശോധകരാണ്

പൂച്ചനഖം പോറിയ

പത്തായത്തെയും ഉറിയെയും

കുറിച്ച് എഴുതിവച്ചത്

‘‘കള്ളിപ്പൂച്ച കള്ളപെരുമാൾ...’’ താളത്തിൽ

ഉണർന്നു പാട്ടുകൾ

കട്ടതെന്ന് പറയാനാവില്ലെന്ന്

അന്തിവട്ടവന്ദികൾ ഓരിയിട്ടു

കളവെന്ന വാക്കിനെയും

പര്യായപദങ്ങളെയും

ഭാഷയിൽ നിന്നു റദ്ദുചെയ്യാൻ

കൂലിത്തൂലികയാളർ

പ്രമേയമെഴുതി

കലവറക്കുറിപ്പാളുടെ വരിപിടിച്ച്

പെരുമാൾപുരിയിലേക്ക്

പ്രജാപതി സ്വാമിയുടെ

അമാത്യ-അധ്യക്ഷപ്പടകൾ

ഒഴുകാൻ തുടങ്ങിയപ്പോൾ

അന്തപ്പുരത്തിൽ കാലങ്ങളായി

കൊഴുപ്പിച്ചെടുത്ത

കന്ദർപ്പനെത്തന്നെ

ധർമപുരി*യിലെ

മഹാമാത്യപാദങ്ങളിലേക്ക്

ആശ്രയമഭ്യർഥിച്ചു

ദൂതയച്ചു പെരുമാൾ

തീട്ടവിതരണം* ശക്തമല്ലാത്ത

പെരുമാൾപുരത്ത്

അതു ശക്തമാക്കാൻ

സൗകര്യമൊരുക്കാൻ

മഹാമാത്യകൽപന

പള്ളിക്കൂടങ്ങളിലാകട്ടെ

തുടക്കം–കുമ്പ തിരുമ്മി

കീഴ്വായു വിട്ട് പ്രജാപതിയരുളി

പതിവ് തെറ്റിയ നേരം*-

മഹാമാത്യൻ കുരവയിട്ടു

ഏറാൻ മൂളി വിടലച്ചിരി വിടുർത്തി

കന്ദർപ്പൻ താണുതൊഴുതു

സൂചികുത്താൻ ഇടം നൽകില്ലെന്ന

പദം പാടിയോർ

പെരുമാൾപ്പൂച്ചക്കും

പ്രജാപതിത്തീട്ടത്തിനുമിടയിൽ

പുഴുപോലെ നുളച്ചു

പള്ളിക്കൂടങ്ങളിൽ

നുണയോർപെരുമാൾ സന്നദ്ധപ്പടകളുടെ

സേവപ്പുരകളിൽ

അമാത്യകാര്യാലയങ്ങളിൽ

തീട്ടപ്പറ്റുകൾ ചംക്രമണംചെയ്യാൻ തുടങ്ങി

പുറമേക്കു കുരയ്ക്കുന്നപട്ടികൾ

അകക്കരുത്തിനും പൂച്ചസുരക്ഷക്കുമായി

അമൃതുപോലെ നുണയുന്നു

പ്രജാപതിത്തീട്ടം

നഖം കുറച്ചുകൂടി കൂർപ്പിച്ച്

പൂച്ച പെരുമാൾപുരിയുടെ ചരിത്രത്തെ

മാറ്റിമറിക്കാൻ

വാലുയർത്തി വിറപ്പിച്ച്

കൊട്ടാരക്കെട്ടിൽ ഉലാത്തുന്നു

----------------

ഒ.വി. വിജയന്റെ ‘ധർമപുരാണ’ത്തോട് കടപ്പാട്

Show More expand_more
News Summary - Malayalam poem