Begin typing your search above and press return to search.
proflie-avatar
Login

രണ്ടു കവിതകൾ

രണ്ടു കവിതകൾ
cancel

1. വികാരജീവി

നനഞ്ഞുപോയ ഓർമകൾ

എന്നെ വിസ്‌മൃതിയിലാഴ്ത്തി.

കിടക്കയിൽനിന്ന് എഴുന്നേറ്റു,

വളഞ്ഞുനിന്നു, നടന്നു, കുതിച്ചു.

മനുഷ്യൻ അല്ല,

ഒരു ജീവിയാണത്–

വികാരജീവി.

‘‘അവിടെ നിൽക്കൂ,

ഞാൻ ഒന്നോർത്തോട്ടെ.’’

‘‘ബീപ് ബീപ്...’’

‘‘ആരോടു പറയാൻ?

വികാരജീവി,

താങ്കൾ ഈ ലോകത്തിന്റേതല്ലേ?’’

‘‘ബീപ് ബീപ്...’’

മിന്നൽപിണറായി കുതിച്ചു,

താരകംപോലെ മിന്നിത്തിളങ്ങി.

കീശയിൽനിന്നൊരു തൂവാല വീണു.

തിരിഞ്ഞുകിട്ടാത്തൊരു പരിമളം തൂകി അത്,

അയാളുടെ മുഖം പതിഞ്ഞ

ആ പഴയ തൂവാല.

‘‘അതല്ലേ ഇത്?’’

തൂവാലത്തുമ്പിലെ എഴുത്ത്

എന്നെ പുളകിതനാക്കി–

‘ഫ്രം ഹെവൻ.’

2. പന്ത്

ആർദ്രമാം മനസ്സ് എങ്ങോ പോയിമറഞ്ഞു,

കടിഞ്ഞാൺ ഇല്ലാത്തൊരു പോക്ക്;

എന്നെയത് ചകിതനാക്കി കുതിച്ചു

ഒരു ചുഴലിക്കാറ്റ് പോലെ.

ഞാൻ നേരിടുന്നത്

വെറുമൊരു കാറ്റിനെയോ,

വെറുമൊരു മഴയെയോ,

വെറുമൊരു ചൂടിനെയോ

അല്ല;

ബീഭത്സമായി വീശിയടിക്കും

ചുഴലിക്കാറ്റിനെയത്രേ.

അതിൽ അകപ്പെട്ട് ഞാൻ വരിഞ്ഞു മുറുകി,

എന്റെ തൊലി ചെറുതായൊന്ന്‌ ഇളകി.

എന്റെ രക്ഷക്കായി ആരുമില്ല

ഞാൻ മാത്രം.

കയത്തിൽനിന്ന് ഒരു കൈ

ഉയർന്നുവന്നു,

എന്റെ വിരൽ അതിലൊന്ന് തൊട്ടതും

വിചിത്രമായതെന്തോ എന്നിലേക്ക് പ്രവഹിച്ചു;

എന്റെ ഉള്ളം ഒന്ന് പൊങ്ങി

ഞാൻ അതിൽ സന്തോഷിച്ചു,

മെല്ലെ ആനന്ദമെന്തെന്ന്

ഞാൻ അറിയാൻ തുടങ്ങി.

ആഹാ! എന്തൊരു ലോകമാണിത്?

ഇനിയും

അറിയാൻ ഏറെ,

ആഗ്രഹിക്കാൻ ഏറെ,

നിറയാൻ ഏറെ.

എന്റെ ഹൃദയം വെമ്പൽകൊള്ളുന്നു,

ഒരു കുഞ്ഞിനെപോലെ കൊതിക്കുന്നു–

പുതിയൊരു ചുവന്ന-മഞ്ഞ-നീല പന്തിനായി.*

----------------------

*ഒന്നര വയസ്സുള്ളപ്പോൾ രാത്രി ഉറങ്ങും മുമ്പ് പല നിറത്തിലുള്ള പന്തുകൾ ഈ കുട്ടി ആവശ്യപ്പെടുകയും, അമ്മ അതൊക്കെ വാങ്ങി കൊടുക്കുകയും ചെയ്തു. ആദ്യം ചുവന്ന പന്ത്, പിന്നെ മഞ്ഞ, നീല... പിന്നീട് ചുവന്ന-മഞ്ഞ-നീല പന്ത് വേണം എന്ന് കുട്ടി പറഞ്ഞപ്പോൾ, അമ്മ കുഴങ്ങി സൈക്കോളജിസ്റ്റിനെ കണ്ടു. അദ്ദേഹം പറഞ്ഞു: “പന്തൊന്നും വാങ്ങിച്ചു കൊടുക്കേണ്ട, അതങ്ങ് അവഗണിച്ചാൽ മതി, ഉറങ്ങിക്കോളും അവൻ.”

Show More expand_more
News Summary - Malayalam poem