Begin typing your search above and press return to search.
proflie-avatar
Login

താമരയിലയിൽ തൂവൽ കൊണ്ട് എഴുതാനാശിച്ചത്

താമരയിലയിൽ തൂവൽ കൊണ്ട് എഴുതാനാശിച്ചത്
cancel

എനിക്കൊരു പ്രണയമുണ്ടാവുമെന്നും

അതീന്ദ്രിയമായ വിധത്തിൽ

അതനുഭവിക്കാനാകുമെന്നും ഞാൻ കരുതിയിരുന്നു

രാത്രിയുടെ പന്ത്രണ്ടാം യാമത്തിൽ

സുഗന്ധഹാരിയായ

ഒരു പൂവിന്റെ വിരിയലിന്

കൂട്ടിരിക്കുംപോലെ,

മണ്ണിന്റെ അഗാധതയിൽനിന്നും

ഒരു വിത്ത് മുളപൊട്ടുന്നത്

തൊട്ടറിയുന്നതുപോലെ,

ഞാനതിനെ എന്റേതുമാത്രമായ ഒന്നാക്കുമെന്നും

ആശിച്ചിരുന്നു

എന്നാൽ അത് ഉണ്ടായപ്പോൾ,

ഒറ്റപ്പെട്ട കരിമ്പനകൾ

മഴക്കാലരാത്രികളിൽ

വിറകൊള്ളുന്നതുപോലെ,

ഉള്ളുരുക്കത്തിന്റെ മൂശയിൽ

വിശേഷപ്പെട്ട ഒരു ആഭരണം വാർത്തെടുക്കും പോലെ,

ഏകാന്തതയെ കാർന്നു തിന്നുന്ന

പടുകൂറ്റൻ പട്ടുനൂൽപ്പുഴുവായി

സ്വയം മാറുന്നതുപോലെ,

സകലതിന്മകളും ഉന്മൂലനംചെയ്യുന്ന

വലിയൊരു വിപ്ലവത്തിന്റെ

രഹസ്യം പേറുംപോലെ,

മഹാപ്രളയത്തിന്റെ നിലയില്ലാക്കയത്തിലേക്ക്

അമരുന്നതുപോലെ

ഒന്നാവുകയാണ്.

രണ്ടു പേർ ചേർന്ന് ഒരു പ്രപഞ്ചമുണ്ടാവുന്നതുപോലെ,

നനുത്ത തൂവലുകൾ വിടർത്തി

പക്ഷിയതിനു കീഴെയൊരു ലോകമൊരുക്കും പോലെ,

പ്രപഞ്ചത്തിന്റെ ഘടികാരം എല്ലാ ദേശത്തും ഒരേ താളമാവുന്നതുപോലെ,

അത് ഒരേയൊരു പേര് വിളിക്കുന്നതുപോലെ

തോന്നുകയാണ്.

Show More expand_more
News Summary - Malayalam poem