അച്ഛൻ കൊളോണിയലിസം

പടികൾ ഇറങ്ങുമ്പോൾ
ഒച്ചയില്ലാതെ
ഉമ്മെവക്കുവാൻ അറിയുമോ
എന്നവൻ ചോദിച്ചു
ഞാൻ ‘‘ഇല്ല’’
എങ്കിൽ
അതെങ്ങനെയെന്നു ഞാൻ
പഠിപ്പിച്ചുതരാമെന്നവൻ
പിന്നീടവൻ
പടികൾ ഇറങ്ങുമ്പോഴും
കയറുമ്പോഴുമെല്ലാം
ഉമ്മകൾകൊണ്ടെന്നെ പൊതിഞ്ഞു
ചിലപ്പോൾ വലിയ ഉച്ചത്തിൽ
മറ്റു ചിലപ്പോൾ
ചെറിയ ശബ്ദത്തിൽ
അവൻ
ചുംബനങ്ങൾക്ക് മധ്യേ
എനിക്കന്യമായ ശബ്ദത്തിൽ
എന്റെ മുടികൾക്കിടയിലൂടെ
കൈകൾ ഓടിച്ചു
മുരണ്ടുകൊണ്ടിരുന്നു
ഒരുനാൾ
പടികൾ കയറുമ്പോൾ
അവൻ
ഇനിയും ബാക്കിെവച്ചതും
പകുതിവഴിയിൽ
ഉപേക്ഷിച്ചുപോയതുമായ
ശബ്ദമില്ലാത്ത ഉമ്മകളുടെ
പടികളിലൂടെ
ഞാൻ തനിയെ
കയറിപ്പോകും നിമിഷത്തിൽ
ട്രംപ്
കരാറിൽ
വമ്പിച്ച ശബ്ദത്തോടെ
ഒപ്പുൈവച്ചു
ഇനി
ഇറാനു
യുദ്ധക്കോപ്പുകൾ തരില്ലെന്നു പറഞ്ഞ്
സ്ത്രീകൾ
ഇറാന്റെ തെരുവുകളിലൂടെ
സ്വന്തം ഹിജാബുകൾ കത്തിച്ചു വലിച്ചെറിഞ്ഞു കൊണ്ട്
വലിയ ശബ്ദത്തിൽ
നൃത്തംെവച്ചു ചിരിച്ചുകൊണ്ട്
മലാലയെപ്പോലെ
മറു രാജ്യങ്ങളുടെ–
മലർന്ന മാതൃത്വത്തിലേക്കു
കുടിയേറി
മറ്റൊരുവിധത്തിൽ പറഞ്ഞാൽ
ഒരുതരം
അച്ഛൻ കൊളോണിയലിസത്തിന്റെ
വൈബ്രേഷനിലേക്ക്
മൈക്കിലൂടെ
ഐശ്വര്യയോ പ്രിയങ്കയോ മിഷേലോ
അതോ
മാർക്സിന്റെ മൺമറഞ്ഞ കെട്ട്യോൾ
മിസിസ് മാർക്സോ
(അറിയില്ല)
ലിപ്സ്റ്റിക്കിട്ട ചിരിയാൽ
വിളിച്ചുപറഞ്ഞു
വായുവിൽ
ഒച്ചയുള്ള ഫ്ലയിങ് കിസുകൾ
തുരുതുരെ പറത്തിക്കൊണ്ട്
THIS IS THE NEW ERA
DEARS WELCOME TO GLOBALISATION
