ആത്മകഥയിലെ ഒന്നാമധ്യായം

നാല് ബാറ്ററിയിടുന്ന
ഒരു നീളൻ ടോർച്ചുണ്ടായിരുന്നു ഉപ്പാക്ക്.
അക്കാലത്തെയെന്നെ പോലെ
തല തടിച്ചും
ഉടൽ മെലിഞ്ഞതുമായ ഒന്ന്.
ഇരുട്ടിനെ വെട്ടി പിളർക്കാനും
കുന്നിലേക്കു നടക്കാനും
അനാദിക്കടയിലേക്ക്
അന്തിക്ക് ചെല്ലാനും
അതെനിക്കെന്നും ഒപ്പം വന്നു.
രാത്രിയുടെ ഒറ്റക്കണ്ണു പോലെ
നെഞ്ച് വിരിച്ച് കത്തുന്നുണ്ടത്
ഓർമകളുടെ ഇടനാഴികളിൽ...
രാത്രിയിലൊറ്റയ്ക്ക്
ഉപ്പ വരുന്നതിന്റെ ആ വെളിച്ചം
ഇന്നും മിന്നിത്തെളിയാറുണ്ട്
ഏകാന്തതയുടെ ഉപ്പുപാറകളിൽ.
മണ്ണെണ്ണ വിളക്ക്
ഇമകൾ ചിമ്മുന്ന രാത്രികളിൽ
ടോർച്ചു വെളിച്ചത്തിൽ
കഞ്ഞി തിളപ്പിച്ചു ഉമ്മ.
എരിവുള്ള വറ്റൽമുളക് ചമ്മന്തി
നാവിൽ ആസിഡായി പൊള്ളി.
മഴപ്പാറ്റകളുടെ നൃത്തത്തെ
കൈ മുദ്രകളാൽ തോൽപിച്ച്
മറ്റൊരു നൃത്തക്കാരിയായി ഉമ്മ.
വെളിക്കിരിക്കാൻ പോകുമ്പോൾ
എന്റെ പേടിയുടെ ആകാശത്തിന്
ആ ടോർച്ച് വെളിച്ചം
ആശ്വാസത്തിന്റെ മേൽക്കൂര പണിതു.
നല്ല മഴയും
കാറ്റും ഉള്ള ഒരു രാത്രിയിൽ
അനാദി കടയിലേക്ക് പോകും വഴി
വിശന്നു വിശന്നു ചത്തുപോയ
ആ ടോർച്ചിനെയോർത്ത്
കരഞ്ഞതിന്നുമോർക്കുന്നു.
അന്നു മുഴുവൻ
മരിച്ച വീടു പോലെ
നിശ്ശബ്ദരായി ഞങ്ങൾ.
വർഷങ്ങൾക്കിപ്പുറം
ഒരു പകലുറക്കത്തിൽ
പല കുറി ആ ടോർച്ച് മിന്നിത്തെളിഞ്ഞു.
മരക്കോവണി കയറി
ഉപ്പാന്റെ പഴയ തകരപ്പെട്ടി
പൊടിതട്ടിയെടുത്തപ്പോൾ
ചിറകടിച്ചു പറന്ന
പാറ്റകൾക്കൊപ്പം
ഒരുവെളിച്ചം മിന്നിത്തെളിഞ്ഞു.
ആ പഴയ ടോർച്ച്
എന്നെ തിരിച്ചറിഞ്ഞ്
ഒന്നു ചിരിച്ചതാവണം, തീർച്ച.
