കടവ്

പുഴ എന്ന വാക്ക്
മുന്നിലൂടെ ഒഴുകിവരുന്നു.
ഞാനപ്പോൾ
എന്റെ രാജ്യത്തിന്റെ ചരിത്രം
ആലോചിച്ചുകൊണ്ടിരുന്ന നേരമായിരുന്നു.
ഒരു നാടിന്റെ കാലവ്യാകരണങ്ങളെ
ഒഴുകുന്ന ഭാഷയിൽ പരാവർത്തനം ചെയ്യുവാൻ
വേറൊരു രൂപകം പിന്നെ വേണ്ടിവന്നില്ല.
അങ്ങനെയാണ്,
എന്റെ നിഗമനങ്ങളുടെ മേശപ്പുറത്തു
ചില പദങ്ങൾ വന്നുചേരുന്നത്.
ഉറവ
പ്രവാഹം
വരൾച്ച
സമുദ്രം
നദികളുടെ സഞ്ചാരങ്ങളെക്കുറിച്ച്
കരയിൽനിന്നുള്ള
റൂട്ട് മാപ്പുകളിൽ തെളിയുന്ന ക്രമവിധാനമാണത്.
തനിപ്പകർപ്പുകളല്ലെങ്കിലും, ഇതേ ഘടനയിലാണ്.
പുരാണങ്ങളിൽ തുടങ്ങി
ഐതിഹ്യങ്ങളിലൂടെ,
ഇതിഹാസങ്ങൾ വഴി, അധികാരങ്ങളെ കുറിച്ച്
ഇതുവരെ എഴുതപ്പെട്ട
ഇന്ത്യ എന്ന
രാഷ്ട്രനോവലിന്റെ അധ്യായങ്ങൾ രചിക്കപ്പെടുന്നതും.
നാട്ടുവംശങ്ങൾ
അതിഥിദേവോഭവ:
സത്യമെന്ന ദൈവം
ജനാധിപത്യമെന്ന അർധനഗ്നത
ഞാൻ,
വഴിയെഴുതി പുനർവായനയിലെത്തുന്നു.
ഉണർച്ചയിൽനിന്നും
ഉൾക്കൊള്ളലുകളിലേക്കു നിറഞ്ഞും മുറിഞ്ഞും
ചരിത്രം ഒഴുകുമ്പോൾ
മുന്നിൽ ജലരൂപത്തിൽ ഇളകിമറിയുന്ന
ഭൂപടങ്ങൾ.
സമയദൂരങ്ങൾക്കിടയിൽ നിരവധി കടവുകൾ.
അടിമത്തത്തിന്റെ മോചനത്തിനു
നിറം നിമിത്തമായ,
പാരതന്ത്ര്യത്തിന്റെ ലംഘനത്തിനു
ഉപ്പ് നിവേദിച്ച,
പാതിരാത്രിയിൽ വെളിച്ചം സ്വന്തമാക്കിയ
ഒരു ജനത,
കയറിയിറങ്ങിയ പടവുകൾ.
അതിലൊന്നിൽ രക്തസാക്ഷിയുടെ
മെലിഞ്ഞ ഊന്നുവടി തെറിച്ചുവീണിട്ടുണ്ട്.
പിന്നീട്,
അധികാരത്തിന്റെ കടത്തുവഞ്ചിയുള്ളവർ
മനുഷ്യക്ഷേത്രങ്ങൾ പണിതുയർത്തി.
എന്നാൽ, ആശങ്കകൾ
നമ്മളിൽ ഇയ്യിടെയായി നന്നായി കൂടുന്നു.
നാവിൽമാത്രം വിയർപ്പുള്ളവർ
ഇന്ത്യയെ തർക്കമന്ദിരമാക്കി പൊളിക്കുന്നു
അരുവികളറിയാത്തവർ
കടത്തുതോണിക്കാരുടെ ചിത്രങ്ങൾ കീറുന്നു.
സത്യമെന്ന മനുഷ്യനെ
കൊന്നവർ പുണ്യജന്മങ്ങളായി മാറുന്നു.
ഞങ്ങൾ നിർമിച്ച കടവിൽനിന്നാണ്
രാജ്യത്തിന്റെ ചരിത്രം യാത്രതുടങ്ങിയതെന്ന
അശ്ലീലം പരത്തുന്നവരോട്,
ഏതാണ് നിങ്ങൾ നിർമിച്ച കടവെന്നു പാവം
ഒരിന്ത്യക്കാരൻ ചോദിക്കുന്നു.
പുതിയ നിറം കൊടുത്ത പഴയ കടവിനരികിലെ
‘‘നിർമിതി വർഷം 2014’’
എന്നെഴുതിയ തുണി അവരെ നഗ്നരാക്കുന്നു.
കാലത്തിനും ദൂരത്തിനും
ഒപ്പമുള്ള ചരിത്രങ്ങളും കാലടികളുമവർ
ആ ഒറ്റനിറമുള്ള ശീലകൊണ്ടു മറച്ചിരിക്കുന്നു.
പിന്നെ,
ചോദ്യങ്ങളുള്ള ഇന്ത്യക്കാരുടെ
വിലാസത്തിൽ ദേശത്തിന്റെ പേര് വെട്ടിമാറ്റുന്നു
ഒരു മഴ വരാനുണ്ട്
മലമുകളിൽനിന്നും പേമാരിയായി.
അന്ന് മറശ്ശീല,
കാറ്റും വെള്ളവും പിടിച്ചുകീറിയൊഴുകണം.
പിന്നിലെ ഒളിപ്പിച്ച കടവുകൾ തെളിയണം.
ചരിത്രത്തിന്റെ വ്യവഹാര വായന തുടരണം.
പാവമിന്ത്യക്കാരൻ, പുറത്താക്കപ്പെട്ടവൻ
കയ്യിൽ ഒരു പുസ്തകം മാത്രം
നെഞ്ചോടു ചേർത്ത്
പുഴയുടെ തീരത്ത് ഇപ്പോഴും നിൽക്കുന്നു.
അതിലെ ആദ്യവാചകം
കാൽക്കീഴിലെ മണലിൽ അയാൾ
എഴുതിവെച്ചിരുന്നു.
‘‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ
ഇന്ത്യയെ,
ഒരു പരമാധികാര സ്ഥിതിസമത്വ
മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി.’’
