പകർത്തുമ്പോൾ

പെരിയമരം നന്നേ പുലരെ കാണാവുമ്പോൾ
വെയിലിൻ വേലക്കാരൻ ചായക്കോൽ വലിച്ചതിൽ
ലോകത്തിനതീതസൗന്ദര്യത്തെ
യിതേ വിധം
ചാലിച്ചുവയ്ക്കും പോലെ.
പുത്തനാം കര കണ്ട ആദ്യനാവികൻ,ധ്യാന -
ചിത്തനായ് സ്നേഹത്തിന്റെ തീരത്തെ
തൊടുംപോലെ.
ഊർധ്വമാം കണ്ണിൽ തിരഞ്ഞുന്മാദമെന്നോ ശങ്കി -
ച്ചാളുകൾ പരസ്പരം പുഞ്ചിരിച്ചമർത്തുമ്പോൾ
ആരളക്കുമീയിലയോരോന്നുമുദാരത തൂവെളിച്ചത്താൽ
തൂത്തുമിനുക്കുന്നൊരേപോലെ.
ദൃഷ്ടിപൊങ്ങുന്നുണ്ടിടയ്ക്കാ സ്വപ്ന
ശതാവലി
കെട്ടുപൊട്ടിയ മേഘപ്പരുത്തിക്കൊപ്പം പാറി
പെെട്ടന്നൊരിളം കാറ്റ് ചൂടിെന്റ വറവിൻ മേൽ
തൂവലിൻ വിശറിയായ് പിശറുന്നതും നോക്കി.
വെറുതേയൊരു കിളി പറന്നുപരക്കുന്നു
സഹജീവിതം ജൈവസ്നേഹത്തി
ലാറാടുന്നു
എറിയും കല്ലോരോന്നും നെറ്റിയിൽ തൊടും മുമ്പെ
മൃദുലം പൂവായിതൾ വിടർത്തിച്ചിരിക്കുന്നു.
ഞാനൊരു മരത്തിനാൽ
വിപിനം സൃഷ്ടിക്കുമ്പോൾ
വെയിലിൻ വേലക്കാരൻ
ചായക്കോലൊതുക്കിക്കൊ-
ണ്ടിനിയേതാവാം നിറമെന്നോർത്തു
നിലയ്ക്കുമാ നിമിഷം, വീണ്ടും മിഴി
ഉയരും മെല്ലെത്താഴും.
ഗൂഢമാമാഴപ്പരപ്പളക്കാൻ വെമ്പും
പ്ലവവേഗമെന്നതുപോലെ
നിശ്ചിതമിടവേളയാമരം തരുമാത്മ-
നിഷ്ഠമാമനുഭവമെങ്ങനെ പകരും ഞാൻ?
