Begin typing your search above and press return to search.
proflie-avatar
Login

ഒരു ചുമരിനപ്പുറത്ത്

ഒരു ചുമരിനപ്പുറത്ത്
cancel

ചുവപ്പിൽ കറുത്ത റോസാ പൂക്കളുള്ള

ചുമരുചാരി ഞാനിരുന്നു

പിങ്കിൽ വയലറ്റ് പൂമ്പാറ്റകളുള്ള

മറു ചുമരുചാരി കുഞ്ഞു ഞാനും ഇരുന്നു

ചുവപ്പ് കാൻവാസിൽ കറുത്ത മഷിയിൽ

വേദനയുടെ കവിതകൾ ഞാനെഴുതി,

പിങ്ക് കാൻവാസിൽ വയലറ്റ് മഷിയിൽ

ചിരിയുടെ ചിത്രങ്ങൾ വരച്ചു.

ചുമരിലെ ഉണങ്ങാത്ത ചായം

എന്റെ മേലാകെ പരന്നു.

കള്ളച്ചിരിയോടെ ചുവപ്പ്

എന്നെ പ്രണയംകൊണ്ടു പൊതിഞ്ഞു.

ചുമരിലെ ഉണങ്ങിയ ചായം

ഞാൻ മെല്ലെ അടർത്തിയെടുത്തു.

പിങ്കിന്റെ പാറുന്ന പൊടികൾ

എന്നെ കൗതുകംകൊണ്ട് നിറച്ചു.

ഊറി ഉറ്റുന്ന കറുത്ത തുള്ളി,

വിഷാദംകൊണ്ടെന്നെ മറച്ചു.

ഒട്ടുന്ന വയലറ്റിൻ മിന്നുന്ന ഗ്ലിറ്റർ,

പ്രതീക്ഷകൊണ്ടെന്നെ നനച്ചു.

ഒറ്റക്കിരുന്ന് പുസ്തകം വായിച്ച്

ഞാൻ ആരോടെന്നില്ലാതെ ചിരിച്ചു.

പുസ്തകക്കൂട്ടത്തിനിടക്കിരുന്ന് ഞാൻ

ആരോടെന്നില്ലാതെ കരഞ്ഞു.

പാവവട്ടത്തിന് നടുക്കിരുന്ന്

ഞാനാരോടെന്നില്ലാതെ പാടി,

കഥ പറഞ്ഞു,

കൂരിരുൾ രാത്രിയിൽ ഒറ്റക്ക് കിടക്കുമ്പോൾ,

ആ ചുമരിനപ്പുറത്തെ എന്നെ ഞാനോർത്തു.

തണുത്ത രാത്രിയിൽ അമ്മയുടെ കൈപിടിച്ച്,

അച്ഛന്റെ കയ്യിൽ കിടക്കുമ്പോൾ

ഭാവിയിലെ എന്നെ ഞാനോർത്തു

ഒരു ചുമരിനപ്പുറത്ത് ഒരു സ്വപ്നത്തിൽ നീന്തി

ഞങ്ങളുറങ്ങി

ഞാനും

പിന്നെ കുഞ്ഞ് ഞാനും.


Show More expand_more
News Summary - Malayalam poem