Begin typing your search above and press return to search.
proflie-avatar
Login

വെയിൽപ്പാളത്തിലോടുന്ന ജലത്തീവണ്ടികൾ

വെയിൽപ്പാളത്തിലോടുന്ന ജലത്തീവണ്ടികൾ
cancel

ഓടുന്ന വണ്ടിയിലായിരിക്കും

ആദ്യത്തെ തിരക്കൊഴിഞ്ഞു ജനലരികിൽ

ഒരു സീറ്റുകിട്ടിയിരിക്കും.

പുറത്തേക്കു കണ്ണുപായിച്ചു പാകപ്പെടും.

വാട്ടർബോട്ടിൽ മറിയാതെ ബാഗു ചെരിച്ചുവെക്കും

കണ്ണും ചുണ്ടും തുടച്ച്

മുടിയെടുത്തു മാറിലേക്കിട്ട്

അടുത്തുള്ളാളെ സൗഹാർദത്തോടെ നോക്കി

ഓടിമറയുന്ന കാഴ്ചകളിൽ നഷ്ടപ്പെടും.

ഒന്നുമലട്ടുന്നില്ലെന്ന് ചിരിക്കാൻ പ്രാക്ടിസു ചെയ്യും.

അടുത്ത സ്റ്റേഷനിൽനിന്ന് വീടോടിക്കയറും

സ്റ്റവ് ശരിയ്ക്കും അടച്ചോ

മിക്സിയുടെ സ്വിച്ചോഫാക്കിയിരുന്നോ?

അയൺബോക്സ് ഓണാണോ-

ആർക്കറിയാം പിൻവാതിലടച്ചിട്ടുണ്ടോ?

അടുത്തിരിക്കുന്നയാളുകൾ

ആരെയൊക്കെയോ വിഴുങ്ങിയൂറി

നോക്കുന്നുണ്ടാകും

ചിരിക്കോ വർത്തമാനത്തിനോ ശ്രമിക്കുന്നുണ്ടാകും

അതിനിടയിൽ

അമ്മുവിനെക്കുറിച്ചോർക്കും

അവളിപ്പോൾ

തന്നെക്കാൾ തലപ്പൊക്കമുള്ള പെണ്ണായിരിക്കുന്നു

മിടുക്കിയാണ് ധൈര്യശാലിയാണ്

ന്നാലും

ആരാണ് കൂടെയുള്ളത്

ആയിരം കണ്ണുകളും വലക്കണ്ണികളുള്ള വാക്കുകളും

ഒഴിഞ്ഞുപോകാത്ത നിഴലുകളും

ഉരിഞ്ഞുമാറ്റുവാനവൾക്കാകുമോ?

ആകുമായിരിക്കും.

അനുകൂലമായൊരു ചലനത്തിനു കാതോർത്ത്

അടുത്തിരിക്കുന്നയാൾ വണ്ടിയുടെ താളത്തിനും

ചരിവിനുമനുസരിച്ച്

തുടകളാലമർത്തിക്കൊണ്ടിരിക്കും

അറിഞ്ഞെന്നും അറിഞ്ഞില്ലെന്നും

അയാളുറങ്ങുകയാകും.

അടുത്ത സ്റ്റേഷനിൽനിന്നും

അപ്പു ഓടിക്കയറി വരും

മൂത്തതാണെങ്കിലും അനിയത്തിയേക്കാൾ സാധു

മാറിത്തുടങ്ങുന്ന അവന്റെ ശബ്ദവും

മൃദുവായ ദേഹപ്രകൃതിയും

അവളെ പേടിപ്പെടുത്തും

കൂട്ടുകാരെ കുറച്ചൊക്കെയറിയാമെങ്കിലും

ആരൊക്കെയായിട്ടായിരിക്കും ഇടപഴകേണ്ടി വരിക

ആരെയാണ് വിശ്വസിക്കാനാവുക

പറഞ്ഞുകൊടുത്തിട്ടുണ്ട്

അവരവരെ സൂക്ഷിക്കാൻ പഠിക്കണമല്ലോ പഠിക്കട്ടെ.

പിന്നെയും

അടുത്തുള്ളാളുടെ

ഉറക്കത്തെയൊഴിഞ്ഞിരിക്കാൻ പാടുപെടും.

അപ്പോഴേക്കും അടുത്തസ്റ്റേഷനിൽനിന്നും

ഓർമകളോടിക്കയറും

ഇടംകിട്ടിയയുടനെ

അവർ വേദനകളഴിച്ചു കൊട്ടിപ്പാടാൻ തുടങ്ങും.

നെറ്റിയിലെ കവിളിലെ കഴുത്തിലെ

ചുമലിലെ മാറിലെ വയറിലെ നാഭിയിലെ

ഉപ്പൂറ്റിയിലെ

ഉള്ളംകാലിലെയെന്നിങ്ങനെ മുറിവുകൾ

നാവിറങ്ങിത്താണു നിർത്താതെ പാടും

ആരും കേൾക്കാനി​െല്ലന്നുറപ്പായാൽ

സങ്കടങ്ങളങ്ങനെയാണവളെ ഒറ്റിക്കൊടുക്കുക.

ആടിയുലഞ്ഞും

നിന്നുചാഞ്ഞും ചെരിഞ്ഞുമിരുന്നുചാരിയും

ഉണർന്നുറങ്ങുന്നവരുടെ കണ്ണുകളിൽ

അവൾ

ഹെഡ്സെറ്റുവെച്ച്

പാട്ടിൽമയങ്ങുകയോ

പ്രിയമുള്ളയാരുടെയോ ഓഡിയോ

കേൾക്കുകയോയാകാം.

അടുത്തുള്ളാളെയൊഴിഞ്ഞുമാറി നിവർന്നിരുന്നും

മുഖവും കഴുത്തും തുടച്ചും ചെടികളെ നനച്ച്

മന്ദഹാസത്തോടെ വെയിലിനെ നേരിടും

കാറ്റിന്റെ തിരമാലകളിൽ പിന്നെയും

മുടിയുലർത്താനിടും.

ആരെയും

ബുദ്ധിമുട്ടിക്കാതെ

ഇറങ്ങാനുള്ളിടത്തിറങ്ങി

മൃഗശാലയിലേക്കു കയറിമറയുകയാകാം.

കസേരകളിയിലെ

കടുവകളെയെല്ലാം കഴിഞ്ഞ്

വൈകുന്നേരത്തെ വണ്ടിയിൽ

മുടിമുറിച്ചയാട്ടിൻകുട്ടികളെയെന്നപോലെ

പോക്കുവെയിലിനെ

ആട്ടിത്തെളിച്ചവൾ വീട്ടിലേക്ക്

പോകുകയായിരിക്കും.

മരുന്നും പറ്റുകടയും മീൻകാരനെയും

കഴിഞ്ഞഴിമുഖത്തേക്ക് ചെന്നുചേരുന്ന

പുഴകണക്ക്

ആകെയുലഞ്ഞു പിടഞ്ഞ

വീടിന്റെ

കയത്തിലേക്ക്

കാലെടുത്തുവെക്കുകയാകും.

മീൻ മുറിക്കുമ്പോൾ

ഈ മീനിനു ചുറ്റുമുണ്ടായിരുന്ന

കടൽ എവിടെയെന്ന്...

അവളുടെ കണ്ണുകളിൽ

നോക്കുകയായിരിക്കും മകൾ

വിളറിയയൊരു പുഞ്ചിരിയുടെ ചൂണ്ടയിൽ

കടൽ പിടയ്ക്കുകയായിരിക്കും.

Show More expand_more
News Summary - Malayalam poem