Begin typing your search above and press return to search.
തേക്കുതോട്
Posted On date_range 15 Jun 2026 8:30 AM IST
Updated On date_range 15 Jun 2026 8:30 AM IST

പുലിയിറങ്ങുന്ന ഗ്രാമത്തിലാറിൻ
കരയിലെ കൂട്ടുകാരന്റെ വീട്ടിൽ
ഇരവുതോറുമുറങ്ങാതെ കാടിൻ
മുരളലിൽ പേടിയോടിരിക്കുമ്പോൾ
ഇരുദിനങ്ങൾക്കിടയിൽ പുലർച്ചെ
മതിമറന്ന നിമിഷത്തിലെങ്ങോ
തെളിയുകയായ് പുലി തൊട്ടുമുന്നിൽ
ഒളിചിതറുമൊറ്റക്കണ്ണുകാട്ടിൽ
കരടിയോടുപോരാടിയോ മുള്ളിൻ
മുനതറഞ്ഞോ തുറക്കാത്ത കണ്ണിൻ
മറവിലാണീക്കടവെന്നോരൊറ്റ-
ക്കരുതലാണാകെയുള്ളോരാശ്വാസം
ഒഴുകിടുന്നു കാർമേഘങ്ങൾ, മെല്ലെ
തെളിയുകയാണു പുള്ളികളെല്ലാം
തഴുകിയെത്തി, തണുത്തകാറ്റല്ല
അരികിലേക്കടുക്കും ചുടുശ്വാസം
പുലിയിറങ്ങുന്ന ഗ്രാമമേ മൂക്കിൻ
മുകളിലാണെന്നറിഞ്ഞു, പതുക്കെ
തിരികെയെത്താനിറങ്ങി, നിലാവിൽ
നിഴലുകൾ വീണ വാൽ പാതയാക്കി.
=============
*പത്തനംതിട്ടയിൽ വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമം
