Begin typing your search above and press return to search.
proflie-avatar
Login

ഉയിര്

ഉയിര്
cancel

പണ്ടു ഞാനടിയുറ

പ്പിച്ച മൺപാതയുരുൾ

പൊട്ടലിലൊലിച്ചുപോ

യെങ്കിലും ശേഷിക്കുന്നു

മണ്ണടരിലായ് ശ്വാസം

നിലയ്ക്കാത്തതാം ജീവ

തന്തു, നാളെ തന്നുണ്മ

ഹരിത, മുയിർമുഖം

ഒരൊറ്റശ്വാസത്തിനാൽ

ദീർഘനിശ്വാസങ്ങളെ

മുഴുമിപ്പിക്കാൻ ബാക്കി

നിൽക്കുന്ന ശ്വാസത്താലേ

കൂട്ടിവയ്ക്കാതെ, കണ

ക്കില്ലാതെ,യവസാന

മാത്രകളൊന്നാമത്തെ

മാത്രതന്മാത്രക്കകം

ഇടറാമെന്നു ചിലർ

പതറാമെന്നു; മെന്നാൽ

പകരം വയ്ക്കാനാവി

ല്ലാർക്കുമീയൊഴിവിടം

ഒഴിഞ്ഞുയെന്നുതോന്നു

മൊഴിയല്ലതു, വീണ്ടും

ഉയർന്നുതോൽവികളെ

തോൽവിയായ് പുണർന്നിടും

തോൽക്കുന്നുവെന്ന തോന്നൽ

തോൽവിയായ്ത്തോറ്റുനിൽക്കും

തോറ്റാലും തോൽക്കുന്നതിൽ

ശേഷിക്കും തോൽവിയുണ്ടാം

ജയിക്കാനല്ല തോൽവി

തോൽക്കാനുമല്ല തോൽവി

ഉറച്ച ചിലതുണ്ടു,

ദ്രവത്തിലൊടുങ്ങാതെ

വരയ്ക്കാനാവില്ലല്ലോ

വരയാൽമാത്രം ചിത്രം

തികയ്ക്കാനാവില്ലല്ലോ

വരിയാൽ മാത്രം കഥ

വരകൾക്കുള്ളിൽനിന്നും

നീളുന്നവരയെത്തും

വരികൾക്കുള്ളിൽ വേറെ

വരികളൊളിഞ്ഞെത്തും

പുതിയതെല്ലായ്പോഴും

പൊടിച്ചുമുളപൊട്ടും

പകരമൊന്നില്ലെന്ന

തോന്നലോ, തോന്നൽ മാത്രം

ഒലിച്ചുതീർന്നാലുമു

ള്ളൊഴുക്കിന്നുറവകൾ

പകരമൊന്നും തേടാ

തൊഴുകി നിറകൊള്ളും

തകർന്നുതീർന്നെന്നുള്ള

യാരവം ശബ്ദം മാത്രം

തകരുന്നില്ലയൊന്നും

തെഴുത്തുതഴമ്പിക്കും

പഴയതെല്ലാമെന്നും

പഴയതാകുന്നില്ല

പഴക്കം പുതക്കത്തി

ലിണക്ക,മിണക്കീടും

നിശ്ചിതമെന്നൊന്നില്ല

നിശ്ചലമല്ലായൊന്നും

നിശ്ശൂന്യമതിനുള്ളിൽ

ശൂന്യമായൊന്നുമില്ല

ശൂന്യത്തിൽനിന്നും ശൂന്യം

ശൂന്യമായുയിർക്കുന്നു

ശൂന്യത്തെയുയിർപ്പിക്കു,

മുയിരാണല്ലോ ശ്വാസം.

Show More expand_more
News Summary - Malayalam poem