പാട പുസ്‌തകത്തിലെ കുളം

ഞങ്ങളുടെ ഗ്രാമാതിർത്തിയിലെ
പാടത്തിന്റെ ഓരം ചേർന്ന്
ഒരു കുളമുണ്ടായിരുന്നതോർക്കുന്നു.
പാടമാണ് അതിനെ
സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചത്.
മഴക്കാലം വരുമ്പോൾ
ആകാശത്തു മേയുന്ന
പൈക്കളുടെ അകിട് മുട്ടിക്കുടിക്കും
കടുത്ത വേനലിൽ കൊണ്ടൽകൃഷിക്ക്
ചുരത്തിക്കൊടുക്കും
പാതിരാകളിൽ നിലാവുമായി ഇണചേർന്ന്
പരൽമീനുകളെ പെറ്റുകൂട്ടും.
പഴയ മലയാളം പാഠാവലികളിലെ
കുളക്കഥകളെല്ലാം നടന്നത്
ഈ കുളത്തിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടി
ഏതോ ഒരു ഉൾവിളിയാൽ കുളവും തേടി പുറപ്പെട്ടു
AI യുടെ ഒരു കൂന്താലിക്കൈയെടുത്ത്
അവിടമാകെ കിളിച്ചു മറിച്ചു;
കുളത്തിന്റെ പൊടി പോലുമില്ല.
ഗ്രീൻവാലി റസിഡൻസിയുടെ
പിന്നാമ്പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോൾ
ഞവണിക്കത്തോടുകൾ, ചിപ്പികൾ
താറാവിന്റെ തൂവലുകൾ...
രാത്രി ഉറക്കത്തിൽ
പത്താം നിലയിലെ പന്ത്രണ്ടാം നമ്പർ ഫ്ലാറ്റിൽനിന്ന്
ഒരു നിലവളി കേട്ടു നോക്കി...
ഒന്നുമില്ല,
കഥയിലെ മീനുകളെ പറഞ്ഞു പറ്റിച്ച
പണ്ടത്തെ ആ കൊക്കമ്മാവൻ നിലാവിൽ
പറന്നുപറന്നു പോകുന്നു.
