Begin typing your search above and press return to search.
proflie-avatar
Login

വൃക്ഷത്തിനു ചുവടെ ഞാൻ

വൃക്ഷത്തിനു ചുവടെ ഞാൻ
cancel

ഉറപ്പാണ് ഇവിടെയൊരു മരം നിന്നിരുന്നു.

ഞാൻ അങ്ങോട്ടു പോകുമ്പോൾ

അൽപനേരം അതിന്റെ ചുവട്ടിൽനിന്നതാണ്.

പൂവിട്ട ചില്ലകൾ ഉണ്ടായിരുന്നു.

തൂങ്ങിയാടുന്ന ഒരു കിളിക്കൂടും.

നീണ്ട പച്ചനിറമുള്ള ഇലകൾ,

ഓറഞ്ച് നിറത്തിലുള്ള പൂക്കൾ.

മറ്റാരൊക്കെയോ അതിന്റെ

ചുവട്ടിൽ വന്ന് തങ്ങിയതിന്റെ പാടുകൾ...

തിരിച്ച് ഈ വഴി വരുമ്പോൾ

ഒരു ഫോട്ടോ എടുക്കണം എന്ന് കരുതിയതാണ്.

അതിവിടെയില്ല ഇപ്പോൾ.

ആരും മുറിച്ചുമാറ്റിയതല്ല,

പിഴുത് വീണതും അല്ല.

ഒലിച്ചുപോയതും അല്ലേ അല്ല.

അങ്ങനെ എന്തെങ്കിലും നടന്നതിന്റെ

സാധ്യതകൾ ഒട്ടുമില്ല.

എനിക്ക് തെറ്റുപറ്റിയിട്ടില്ല.

ഉറപ്പാണ്.

നിരാശയോടെ ഞാൻ മുന്നോട്ടുനടന്നു.

ഒരിക്കൽമാത്രം കാണുകയും

എന്നേക്കുമായി ജീവിതത്തിൽനിന്ന്

അപ്രത്യക്ഷരായി പോവുകയും ചെയ്യുന്ന

മനുഷ്യരെ ഓർത്തെടുക്കാൻ ശ്രമിച്ചു.

ഇല്ല, കഴിയുന്നില്ല.

പക്ഷേ എനിക്ക് ആ മരത്തെ

ഓർത്തെടുക്കാൻ ആവുന്നുണ്ട്.

അതുകൊണ്ടുതന്നെ അതവിടെ ഉണ്ടായിരുന്നു.

കണ്ണടച്ച് ഞാനതിന്റെ രൂപം നിർമിച്ചു.

പതിയെ ഒരു പൂവ് ചുമലിലൂടെ വീണു.

ഓറഞ്ച് നിറമുള്ള പൂവ്.

ആ മരത്തിൽ ഉണ്ടായിരുന്ന തരം പൂവ്!

ഞാൻ വേഗം കൈയിലെടുത്തു.

ഇതളുകൾ കുറേക്കൂടി വിടർന്നിട്ടുണ്ട്.

ഇതളുകൾക്ക് നടുവിൽ ഒരു ചെറിയകണ്ണ്.

പ്രപഞ്ചമതിൽ പ്രതിഫലിക്കുന്നു.

എന്നെ നോക്കി പലതും പറയുന്നപോലെ.

ഞാനാ കണ്ണിൽ സൂക്ഷിച്ചുനോക്കി.

അതാ ആ വൃക്ഷം,

വൃക്ഷത്തിനു ചുവടെ ഞാനും.


Show More expand_more
News Summary - Malayalam poem