അഴകിന്‍റെ സമവാക്യം

1
കറുപ്പെന്നല്ലയോ പേര്;
അഴകെന്നു കളിപ്പേര്?
കരപ്പന്‍കൊണ്ട് അടുത്താരും
ഇരുത്തില്ലെന്നതു നേര്.
കളിക്കൂട്ടു വിളിക്കില്ല
കഴുത്തില്‍ കൈ ഞാത്തുകില്ല
ഇലപ്പൊതി അഴിക്കുമ്പോള്‍
കറിപ്പങ്ക് നീട്ടുകില്ല.
ഒരേ െബഞ്ചിലിരുന്നല്ലേ
വര രണ്ടും കവിഞ്ഞു നാം
പല കൈയക്ഷരങ്ങളില്‍
പകര്‍ത്തി പണ്ടൊരേ പാഠം
നിങ്ങളുണ്ട് അവരുണ്ട്
–നമ്മളില്ലാത്ത പുസ്തകം;
മൂന്നിലൊന്നായ് സംഗ്രഹിച്ചാല്‍
ശിഷ്ടമാകുന്നു ഞാനതില്‍
ഗ്ലോബില്‍ എത്ര തിരഞ്ഞിട്ടും
കാണുവാനില്ലാത്ത നാട്ടില്‍
ലാബില്‍ അമ്ലക്കല വീണ
മുഖമാണെന്‍റെ ലക്ഷണം
വിരല്‍ പത്തും പാട്ടുപെട്ടി-
ക്കട്ടകള്‍- ഞൊട്ട കേള്‍ക്കുവാന്‍
അമര്‍ത്തുമ്പോള്‍ അപസ്വര-
മെന്‍റെ താളക്കണക്കുകള്‍
സാറിനും ഗൈഡിനും തിട്ടം
തീരെയില്ല; മുതിരയും
മോരുമെന്നപോലെ ചേരും-
പടി ചേര്‍ക്കും പരീക്ഷയില്‍
നൂറിൽ നൂറു നേടുവാന്‍ നീ
ഓര്‍ത്തുവെച്ചു പകര്‍ത്തുമ്പോള്‍
കോപ്പി പകര്‍ത്താന്‍ എനിക്കു-
കാട്ടിത്തന്ന തെറ്റുകള്‍
വീട്ടിലും ക്ലാസിലും പെട്ടി-
പ്പാട്ടുപോലെ പരക്കുമ്പോള്‍
‘തോൽപിച്ചു നിന്നെ’യെന്നാവാം
അന്നു നിന്‍റെ ചിരിപ്പൊരുള്‍
കുരുത്തക്കേടുകള്‍ കത്തി-
ച്ചെറിഞ്ഞു ഞാന്‍ പുറത്തായി
വടിയും ചോക്കുമായ് കുത്തി-
ക്കെടുത്തി നീ അകത്തായി.
2
പത്തിലെ ഗ്രൂപ്പുഫോട്ടോയില്‍
നിന്നെത്തൊട്ടൊന്നു നില്‍ക്കുവാന്‍
പത്തണയ്ക്കു തികയാഞ്ഞ്
പിത്തക്കേടു നടിച്ച ഞാന്‍
കപ്പലണ്ടിപ്പാട്ട തുള്ളിച്ച്
എല്ലുന്തും കൂലിസൈക്കിളില്‍
കച്ചടച്ചാക്കുമായ് വന്നു
മുട്ടുന്നു നിന്‍റെ വാതിലില്‍
ഭിത്തിയില്‍ തൂങ്ങിയാടുന്നു-
ണ്ടിപ്പോഴും പത്തിലെ പടം
-ചില്ലുപായല്‍ മൂടും
അക്വേറിയംപോലെ ജീവിതം
ചത്തപല്ലിക്കു ചുറ്റുന്ന
കട്ടുറുമ്പായിരുന്ന ഞാന്‍
പുറ്റില്‍നിന്ന് പുറത്തായ-
തൊന്നോര്‍ത്താലെത്ര വിസ്മയം
പത്രമു,ണ്ടാക്രിയുണ്ടെന്‍റെ
ചേളാവില്‍ കൊള്ളുകില്ലിനി
എങ്കിലും നിന്നോടാകട്ടെ
ഇന്നത്തെ തീരുവിൽപന.
ഉത്തരക്കടലാസിന്‍റെ
കെട്ടുകള്‍ തൂക്കിമാറ്റുമ്പോള്‍
വരാനൊട്ടും ഇടയില്ല
തങ്ങളില്‍ നഷ്ടവിൽപന
നിനക്കു നുറ്റുക്കുനൂറു-
മാര്‍ക്കുണങ്ങിയ പേപ്പറി-
ലൊന്നെടുത്ത് കോളാമ്പിക്കു
കൂന്തകുത്തിയ കുമ്പിളില്‍
അറിഞ്ഞുകൊണ്ടു നാലഞ്ചു
കൂട്ടിയെണ്ണി പൊതിയുമ്പാള്‍
എന്നെ തോൽപിച്ചുവെന്നല്ലേ
നിന്‍ ചിരിക്കർഥമിപ്പോഴും?
അറിയാതൊന്നു തൊട്ടപ്പോള്‍
ആട്ടിപ്പായിച്ച സ്നേഹമേ,
നടുക്കൊ,രസമചിഹ്നം
നടുക്കുന്നല്ലോ നമ്മളെ.
