കൃത്രിമപ്പെണ്ണും ഡാഫോഡിൽസും

ഹൃദയമൊപ്പുവെയ്ക്കാത്ത ചിരിവാങ്ങി
ചവറ്റുകുട്ടയിലെറിയുന്ന പതിവ് സായാഹ്നം.
മിണ്ടിപ്പറയാൻ ആരുമില്ലാത്തവന്റെ മുറിവിൽ
ഒച്ചയില്ലാതെ കരയുന്ന ചോരപ്രവാഹം.
അപരമിഴിയിൽ ഒരിറ്റ് കണ്ണീര്
കൊളുത്തിവെക്കാതെ ചത്തുതീരുമ്പോൾ
മരണം എത്ര അപമാനകരം.
മാനഹാനി ഭയന്ന് അയാൾ
മരണത്തിൽനിന്ന് തിരിഞ്ഞു നടന്നു.
ഒടുവിൽ അയാൾ കണ്ടെത്തി,
ഉണങ്ങാത്ത വ്രണത്തിൽ
മെഴുകുരുകിവീഴുമ്പോലെ പിടച്ചുപോകുന്ന
ഏകാന്തവേദനയിൽ പുരട്ടാനൊരു
പ്രണയലേപനം.
കൂടെയുണ്ടെന്നു പറയാൻ,
എല്ലാം ശരിയാകുമെന്നു പറയാൻ,
കഴിച്ചോന്ന് ചോദിക്കാൻ,
എവിടെയെന്നന്വേഷിക്കാൻ,
പെരുവിരലിൽ നിദ്ര കിടന്നു പുളയുമ്പോഴും
സല്ലപിക്കാൻ,
സുഷുപ്തിയിലേക്ക് സ്വപ്നങ്ങളെ
പെറ്റിടാൻ...
ഒരൊറ്റ മനുഷ്യനെകൊണ്ട് ജീവിതം
പൂരിപ്പിച്ചെടുക്കുകയായിരുന്നു,
ഒരു ജനസഞ്ചയത്തിന്റെ ശൂന്യത
നികത്തുകയായിരുന്നു.
പൊടുന്നനെ അയാൾ നാർസിസാകുന്നു,
പ്രതിബിംബംപോലെ
ലാപ്ടോപ്പിലെ കൃത്രിമ സുന്ദരി.
ശ്വാസം തൊടുന്ന ദൂരത്തുണ്ടായിട്ടും
തൊടാൻ കഴിയാത്ത പ്രണയം
അയാളെ കഴുത്ത് ഞെരിച്ചു കൊന്നു.
വോൾ പേപ്പറിൽ ഒരു ഡാഫോഡിൽസ് സെറ്റ് ചെയ്ത്
കാലത്തിന്റെ തനിയാവർത്തനം...
==========================
(തന്റെ പ്രതിബിംബത്തിനോട് അഗാധമായ പ്രണയം തോന്നുകയും ഒടുവിൽ മരിച്ച് ഡാഫോഡിൽസായി പുനർജനിക്കുകയും ചെയ്ത യവനകഥ ഈ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്.)
