Begin typing your search above and press return to search.
proflie-avatar
Login

നിഴൽരൂപങ്ങളുടെ ലളിതഗണിതം

നിഴൽരൂപങ്ങളുടെ   ലളിതഗണിതം
cancel

സമയം പുലർച്ചെ 3:15.

വടക്കോട്ട് പോയ തീവണ്ടിയിൽനിന്ന്

ഇറങ്ങിപ്പോകുന്ന ഒരു പെൺകുട്ടി.

ബഹുഭാഷകൾ സ്വാംശീകരിക്കുന്നതിൽ

നിർമിതബുദ്ധിയെ കവച്ചുവെക്കുന്ന നഗരത്തിൽനിന്ന്

അധികദൂരം അല്ലാതെ,

പകൽപോലും ആളൊഴിഞ്ഞ

നാലും കൂടിയ ഒരു തെരുവ്-

ഇപ്പോൾ ഇരുട്ടിന്റെ

ചായക്കൂട്ടുകൾ ആസ്വദിക്കുന്നു.

മണിക്കൂറുകൾക്കു ശേഷം

വെയിൽ അവളെ ഉമ്മവെക്കും.

ഇന്ന് രാത്രിയിൽ

അവൾ നിലാവിന്റെ വിസർജ്യം

മടിയില്ലാതെ ഏറ്റുവാങ്ങും.

പെൺകുട്ടിയുടെ പിന്നിൽ-

കറുത്ത പാന്റും ഷർട്ടും ധരിച്ച്

ചാരനിറത്തിലുള്ള മഫ്ലർ കഴുത്തിൽ ചുറ്റി,

അതേ നിറത്തിലുള്ള മങ്കിക്യാപ് ധരിച്ച

ഒരു ചെറുപ്പക്കാരൻ.

അയാളുടെ ഹൃദയം ശക്തമായി മിടിക്കുന്നു,

അതിന്റെ ഇരട്ടി ശക്തിയിൽ അവളുടെയും.

അവളുടെ മനസ്സിൽ അയാളെക്കുറിച്ചുള്ള

ചിത്രങ്ങൾ എന്തൊക്കെയായിരിക്കും?

അതേ തെരുവിൽ പകലായിരുന്നെങ്കിൽ

അയാളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.

പകലിൽ അയാൾ ഒരു സാധാരണക്കാരൻ മാത്രം.

ഇപ്പോൾ അയാളും അവളും.

അവർ ചിന്തിക്കുന്നത്

രണ്ടുപേരെക്കുറിച്ചു മാത്രം

യാതൊരു പരിചയവുമില്ലാത്ത ഒരാളെക്കുറിച്ച്.

ഒരിക്കലും പരിചയപ്പെടാൻ

ആഗ്രഹിക്കാത്ത ഒരാളെക്കുറിച്ച്

എന്തിനാണ് അവർ

പരസ്പരം ചിന്തിക്കുന്നത്?

എപ്പോഴും പൊട്ടിത്തെറിച്ചേക്കാവുന്ന

ഒരു സ്ഫോടകവസ്തുവായി

അവളുടെ ഉള്ളിൽ അയാൾ നിറയുന്നു.

സംശയങ്ങളുടെ ചിലന്തിവല

അവരെ രണ്ടുപേരെയും പൊതിയുന്നു.

ഒരു കണ്ണി അയാൾ പൊട്ടിക്കുമ്പോൾ

മറ്റേ കണ്ണി അവൾ വിളക്കി ചേർക്കുന്നു.

ഒറ്റക്ക് രാത്രിയിൽ ഇരിക്കുന്ന

പരസ്പരം പരിചയമില്ലാത്ത

പുരുഷനും സ്ത്രീയും.

ഫോൺ ഞെക്കി

അവൾ അധികം പരിചയമില്ലാത്തവരെ വിളിക്കുന്നു.

മൊബൈലിലൂടെ വന്ന അശരീരി

അവൾക്ക് ശരീരമുള്ള കരുത്താവുന്നു.

അതാ-

തെരുവിന്റെ മൂലയിൽനിന്ന്

ഒരു കൂട്ടം ആളുകൾ

അവർക്കുനേരെ പാഞ്ഞടുക്കുന്നു.

അവൾ ഓടി അയാളുടെ കൈ പിടിച്ച്

അവരിൽനിന്ന് ഓടിമറയുന്നു.

കാണാമറയത്ത് എത്തിയപ്പോൾ

അവൾ അയാളെ നോക്കി ചിരിക്കുന്നു.

അയാൾ ഞെട്ടലോടെ അവളെ നോക്കുന്നു.

സംശയങ്ങളുടെ കൂട്ടിൽ എല്ലാവരും

സുരക്ഷിതരാവുന്നു.


Show More expand_more
News Summary - Malayalam poem