Begin typing your search above and press return to search.
proflie-avatar
Login

ചുരുക്കത്തിൽ.... എളുപ്പത്തിൽ

ചുരുക്കത്തിൽ.... എളുപ്പത്തിൽ
cancel

(കുന്നുകൾക്കത് ഗാഢമായ ഉറക്കിന്റെ രാത്രിയായിരുന്നു. അതിന്റെ സ്വപ്നജാഗ്രത്തുകൾ, എവിടെയോ കാണാതെപോയി. ഉറക്കച്ചടവോടെ പൊട്ടിയൂർന്ന് സമതലമെത്തിയപ്പോൾ കടൽവെള്ളപ്പാടിനിടയിലെ ജലശിൽപിയുടെ അശരീരി ‘‘നീ എളുപ്പത്തിൽ പ്രചോദനങ്ങളിലേയ്ക്ക് വഴിപ്പെട്ടത് എന്തിന്?’’ മൺവളയത്തിലിരിയ്ക്കുന്നു ഒറ്റയ്ക്ക് ഒരു പൊന്മ)

നിവരുന്നൂ… ഇരുളാവൃതരാത്രി;

അരണ്ട മുകിലുകൾ

മിന്നൽ, വെള്ളിടി

കെടുതിയിലാകാശം,

മൃദുപശ്ചിമഭംഗിയുറയ്ക്കാൻ-

മണ്ണുള്ളിൽ ആദിക്കരുതലടുക്കിയ

കരികാന്തിക്കൽത്തറ നീക്കി,

ഊരിത്തുള്ളി പെരുവെള്ളം.

നിരമലപുഴകി.

മേഘം കൊത്തി മുഴക്കി

ചെറുവേഴാമ്പലുകൾ പുതുനീരിഴതുന്നിയ

എഴുമുഴം, ചേലച്ചമയം പിഞ്ഞി:,

ചിതറിച്ചുരുളുമ്പോൾ

മൈനാകപ്പടവിൽ തേങ്ങി,

ഉർവരനാണചഞ്ചലമണ്ണിൻ

ബഹുശിൽപിതവടിവിൻ ഉടലുയിർനീറ്റം.

ഇരുളിൽ ഉരുളായ് കവിയുന്നൊരു

കയനദി മാടി

ഉയരം പൊട്ടിയ കുന്നിൻ ഗദ്ഗദം.

താഴെ സമതല ശാന്തം മങ്ങി,

പൊങ്ങി, പല്ലവിയഴുകിയ ഗാനങ്ങൾ.

തങ്ങി, ഒലിച്ചും കാണാതായി,

പ്രപഞ്ചഞൊറിയിൽ താളമിണക്കാൻ,

അഴകിൽ കുതിച്ചുകേറിയ കരിമൺ കവിതകൾ...

പായും നേരഞരമ്പുകൾ താഴ്ത്തി

ഊയൽക്കാറ്റു ഭ്രമിക്കും

തണുഭ്രമണവനങ്ങളിൽ

ഇടതിങ്ങും പച്ചജടമുടികോതി

ഋതുമൂപ്പിൻവാസനമല്ലിക ചൂടി

അന്നമ്പിളിയീറനുടുത്തു കുണുങ്ങിയ കാലം

ചെങ്കൽമേട്ടിലുമാർത്തു വളർത്തിയ

മണ്ണിൻഅത്യൂർജിത രൂപങ്ങൾ

വേഗം പാളിമറഞ്ഞതു കാണാം

ഊഴം നിൽക്കാതുദയാസ്തമയം

ധ്രുവകാന്തിക കവലയിൽ-

ദിക്കുകൾ സൂര്യച്ചൂടുതടുക്കില്ല

ഓമനമണ്ണിന് അഷ്ടരസാമൃത

പാലന നിർവൃതിയാകില്ല

(പൊന്മയുടെ ചകിതമായ ചിലപ്പിലേയ്ക്ക് കിളിപ്പറ്റങ്ങൾ താഴ്ന്നിറങ്ങി... കനിമണമുള്ള നെടുവീർപ്പുകൾ... നെടുവീർപ്പുകൾ)

ചുരുക്കത്തിലേക്കടിതെറ്റി കുരുക്കം

അതിവിശദമാണോർമകൾ മാത്രം.

സുഖദുഃഖസമന്വയനേരത്തിനോർമ.

താഴ്വാര ചെങ്കുത്തുചേരീനിലങ്ങളെ

വീതിച്ചുതന്നതുമോർമ.

ഓർമകൾ നോക്കിനിന്നാപാദചൂഡം,

രാമുല്ല കോർക്കും നിലാപക്ഷസഞ്ചാരം;

പ്രാണന്റെ ഈറനിലാർക്കും

കടലുള്ളിലെ ആകെത്തിരക്കിനെ,

ഓർമയിൽ മാത്രം വിശദമായ്.

ക്ഷമാതൃപ്തം

ജീവിതമവിരാമചലനം

ഉണ്ടായിരുന്നേറെ മിണ്ടൽ; മുഖാമുഖം;

താനം വിചാരം രാഗങ്ങളാഴം വികാരം

അപൂർണങ്ങൾ പുണരുന്നകനസ്വപ്നയാമം

താരാരാവിനുവീതികൾ; പകലുകൾ

സമയമഹാമനന വിസ്തൃതിയറിയുമോ?!

അതിവശ്യതശ്യാമത

ചിത്രനഖക്ഷത ഗുഹകൾ.

തീനർത്തക വട്ടങ്ങൾ; അകൽ ഗ്രഹവലയങ്ങൾ

ചിത്രാംഗവചനത്തിൻ മാറ്റൊലി

പുകച്ചൂ, ഗൂഢക്കൂട്ടുകളാത്മം.

തെളിയുന്നു ചൂട്ടുകൾ കാവൽ.

താരാവെള്ളിച്ചുറ്റു മുറുക്കിയ യുക്തികൾ;

രസവീരതയൂറ്റിയ ശാസ്ത്രയിറുക്കം.

ചിന്താനിരകൾ ഭദ്രത; തീവ്രവനത്തുടികൽപന

വിസ്തൃതമായി ഡമരുച്ചുവടുകൾ

തെളിവല്ലികൾ പടരുന്നു.

നീണ്ടൂ; പച്ചപ്പെരുവള്ളികളാടുംപാത,

പലയല്ലിപൂമൃദുവേലികൾ,

വ്യാപ്തം പകലുകൾതേൻമട്ടു ചരിച്ചു,

വക്കിലയിൽ വീണു കാറ്റിൻ കാഴ്ചകൾ

മുഴങ്ങുന്നഷ്ടമദിക്കിൽ

കുളിരാസുരശക്തിയിൽ ചെണ്ട,

പിൻതൊടിചായ്പിൽ

നീർക്കോലുകൾ നീർത്തീ നദിയല

ചിരഗന്ധിക്കൈതയിൽ മുൾച്ചുനമാഞ്ഞു.

(കരയിലേക്ക് കടൽ കൂടുതൽ അടുത്തുനിന്നു. അതിന് കരയെ കേൾക്കാൻ കഴിഞ്ഞില്ല, കോണുകൾ കാണാത്ത ആ മഹാനീലയിലേക്ക് ചിറകുകൾ മുക്കി പൊന്മകൾ... എങ്ങനെ… എങ്ങനെ?... എങ്ങനെ?)

തിടുക്കത്തിനതിയാഴച്ചുഴിപ്പൊട്ടൽ

അടുങ്ങുന്നു എളുപ്പത്തിൽ ചാകര,

നോക്കെത്താ പരവശസമൃദ്ധികൾ.

തടയാൻ വയ്യ; അതിയൂർജം വലിച്ചിട്ട മാനം

പാറിമിന്നൽപിണർപ്പൊടി:

ഞെട്ടുവെട്ടങ്ങൾ പാളീ, ഇലകളിൽ വറ്റി:

അതിസുഖഹരിതകലാളനം

എളുപ്പത്തിൻ തിമർപ്പാണ് സൂര്യൻ

അപ്പാടെ പൊള്ളു വെട്ടം മറിച്ചിട്ട്

ഓർക്കുന്നു മഹാവിസ്ഫോടനേരയജ്ഞത.

എളുപ്പത്തിൽ മതികെട്ട്,

തേഞ്ഞു, ചന്ദ്രികാവ്യാസം;

ചരിയുന്നു തിരചുറ്റും

തണുവേലിക്കുത്തുകൾ

അലസത; വൃത്തം തികച്ചെന്നുമാത്രം

സംതുലഋതുകാവ്യഖണ്ഡം നനഞ്ഞില്ല

നിർവൃതം: ആമ്പലപ്പൂവണ്ടുയുർന്നില്ല

(സർവതിന്റെയും ഒച്ചകൾ പകച്ച ചിലപ്പായി തീരം കവിഞ്ഞു, എങ്ങോട്ട് പോകും?, ഒരേ ഒരു ഗദ്ഗദയീണം)

എളുപ്പങ്ങൾ കുറുക്കുന്ന

മഷിക്കുളിർ കൺവഴി;

പൊടിയുന്നു പഞ്ചമരാഗാർദ്രമിന്ദ്രിയം

ജീവദിശകളെ ചുറ്റിക്കുരുക്കുന്ന ‘‘റീലു’’കൾ

നിർനിദ്രകൾ വിരിവച്ചയാമം.

(ഇത് എളുപ്പമോ ചുരുക്കമോ? ഭൂമി ചക്രവാതവ്യൂഹത്തിൽ, വെള്ളവും ചെളിയും കുമിഞ്ഞ ഒരിരമ്പമായ് പ്രപഞ്ചം...)

താങ്ങാവതല്ലെന്ന്

ഈ ചിമ്മൽ, പിണർവേഗം,

നെടും ശൂന്യമടുങ്ങിയവശ്യത;

വെറും തോന്നലിൻ കാന്തിബിംബങ്ങൾ...

നേരമിറുകട്ടെ,

ഞാറ്റുപാട്ടിന്റെ താനത്തിൽ,

അനുമന്ദ്രപല്ലവീ സ്ഥായിയിൽ

ഈണവിസ്താരം മുഖരിതം ഭൂമി.

അതിൽ ഒലിയ്ക്കുന്ന സർഗച്ചിണുക്കങ്ങൾ ഭംഗി,

നാളെക്കിനാവിന് മുറുകുന്നയീട്.


Show More expand_more
News Summary - Malayalam poem