Begin typing your search above and press return to search.
proflie-avatar
Login

ഖുനെ കുദാക്കാം റാ മിബീനി..?

ഖുനെ കുദാക്കാം റാ മിബീനി..?
cancel

മസാച്യുസെറ്റ്സിലെ കോഫിഷോപ്പിൽ

ചോക്ലേറ്റും കാപ്പിയും നുണഞ്ഞ്

മേശപ്പുറത്തെ ഗ്ലോബിൽ

തൊട്ടുതൊട്ടു ഞങ്ങളിരിക്കുന്നു.

ഞങ്ങൾക്കിടയിൽ

ലോക മഹാസമുദ്രങ്ങൾ

തുളുമ്പാതെ കിടക്കുന്നു

ഗ്ലോബ് തിരിക്കുമ്പോൾ

ആൻഡമാൻ കടൽത്തീരത്തെ

പൂഴിമണലിൽ കാലുകൊണ്ട്

കളം വരയ്ക്കുന്നു

ഇൻസ്റ്റയിലെ റോഹിങ്ക്യൻ കൂട്ടുകാരി

നൂർ ബാനു.

‘അതൂരെ ദേഹോർ ലാ?’

(എന്നെ കാണുന്നുണ്ടോ?)

അവൾ കൈവീശി കാണിക്കുന്നു.

അവളുടെ വിരലുകൾക്കിടയിൽ

നെഞ്ചിൽ നിന്നും പിഴുതെടുത്ത

ചൂടാറാത്ത വെടിയുണ്ടകൾ!

വീണ്ടും ഗ്ലോബ് തിരിക്കുമ്പോൾ

നിലക്കടല വേവുന്ന മണം!

പതിവ് വിഷാദം ചാലിച്ച്

ചെങ്കടൽ തീരത്ത്

പൂഴിമണലിട്ട വെന്ത ചട്ടിയിൽ

ചട്ടുകം കൊണ്ട് താളംപിടിച്ച്

സായാഹ്നങ്ങളെ വറുത്തെടുക്കുന്നു

സുഡാനിയൻ സുഹൃത്ത്.

ഹിംസയുടെ തോക്കുകൾ

നിരത്തിയിട്ട കബന്ധങ്ങൾ പോലെ

അവന്റെ ചട്ടി നിറയെ

അനുസരണയുള്ള നിലക്കടലകൾ!

കടല കൊറിക്കുന്നു സായംസന്ധ്യ

പഴുത്ത സൂര്യനെ കൊറിക്കുന്നു

ചെങ്കടൽ.

കപ്പൽച്ചാലിലൂടെന്ന പോലെ

എന്റെ ചൂണ്ടുവിരൽ

ഗ്ലോബിലൂടെ പിന്നെയും നീന്തി.

തുർക്കിയിലെ കടൽത്തീരത്തെ

മണലിൽ കമിഴ്ന്നുകിടക്കുന്ന

അലൻ കുർദി ചോദിക്കുന്നു:

എന്നെ കാണുന്നുണ്ടോ

എന്റെ കുഞ്ഞുശരീരത്തിന് ചുറ്റും

ആർക്കുന്ന രാഷ്ട്രീയ ഈച്ചകളെ

കാണുന്നുണ്ടോ?

മുകളിൽ പറക്കുന്ന കഴുകനെ?

ഗ്ലോബ് അൽപം ചരിഞ്ഞപ്പോൾ

എന്റെ വെള്ളയുടുപ്പിലേക്ക്

കടൽ ചോരയിറ്റിച്ചു

‘ഹോഫ് ഹൈഫ കോസെം ലെഖ?’

(ഹൈഫ തീരം നിന്നെ മോഹിപ്പിക്കുന്നുണ്ടോ?)

പോളണ്ടിൽ വേരുകളും

ന്യൂയോർക്കിൽ നിക്ഷേപവുമുള്ള

റിവ്ക റോസെൻബെർഗ്

ഹൈഫൻ തീരത്ത് കാറ്റുകൊള്ളാനിരിക്കുന്നു.

മെഡിറ്ററേനിയൻ കടലിലൂടെ

ഒഴുകിവരുന്ന ശിരസ്സറ്റ

പാവക്കുട്ടികൾക്കുനേരെ

അവൾ ‘തെറി’ച്ച വാക്കുകൊണ്ട്

ഉന്നംപിടിക്കുന്നു.

നീലിച്ചുകിടന്ന

മെഡിറ്റനേറിയൻ കടലപ്പോൾ

ചോന്നുതുടങ്ങിയിരുന്നു.

വാ പോകാം-

വിരലിലൂടൊഴുകിയ ചോക്ലേറ്റ് ചാറ്

നക്കിത്തുടച്ച് ഞങ്ങൾ എഴുന്നേറ്റു.

എഴുന്നേൽക്കുമ്പോൾ കണ്ടു

തെഹ്റാനിലെ കൂട്ടുകാരി

പേർഷ്യൻ കടൽക്കരയിൽ

പാതി കരിഞ്ഞ

ഒരു സ്കൂൾബാഗുമായി നിൽക്കുന്നു.

‘ആയാ മറാ മിബീനി?

ഖൂനെ കുദാക്കാം റാ മിബീനി?

മദ്രാസെ അശ് റാ മിബീനി കെ ദർ

ബോംബാറാൻ പാരെ പാരെ ശുദ്?’

(എന്നെ കാണുന്നുണ്ടോ

എന്റെ കുഞ്ഞിന്റെ രക്തം കാണുന്നുണ്ടോ

ബോംബിങ്ങിൽ ചിതറിയ

അവളുടെ സ്കൂൾ കാണുന്നുണ്ടോ)

ഗ്ലോബിനെ ഞാൻ

ഒരു കറുത്ത ശീലകൊണ്ട്

മൂടിവെച്ചു.

കാറിന്റെ കീയെടുത്തു

ചുണ്ടിലെ ചൊക്ലേറ്റ് ചാറ് തുടച്ചു;

വാഷിങ്ടണും തെൽ അവീവും

ചുണ്ടിലെ ചോര തുടക്കുന്ന

അതേ ലാഘവത്തിൽ.

ലെറ്റ്സ് ഗോ...

ഖൂനെ കുദാക്കാം റാ മിബീനി - എന്റെ കുട്ടിയുടെ രക്തം കാണുന്നുണ്ടോ?

Show More expand_more
News Summary - Malayalam poem