ശിശുബലിയിൽ പണിതെടുക്കുന്ന ഭൂമി മാംഗ്ലി സോധിക്ക്

കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ ഒന്നൊന്നായി എഴുതിച്ചേർത്ത പട്ടികകൾ അവധിദിവസത്തെ അങ്കണവാടി പോലെ മിണ്ടാട്ടം മറന്ന് നിൽക്കും. കരിഞ്ഞുമലിഞ്ഞുമാശു, മണ്ണാകും മലർമൊട്ടുകളുടെ ചുടലക്കാട് പോലെ വാടിക്കിടക്കുന്ന മലർവാടി മിഠായിക്കായി വാശിയില്ല ഐസ്ക്രീമിന്റെ ചിറകിലേറി പനി കിടക്കയിലേക്ക് നൂണ്ട് ‘‘ചിത്താന്തം” പിടിക്കില്ല. കെടന്നുമുള്ളിയുടെ കുസൃതിച്ചിരിയിൽ കുതിരില്ല കാർട്ടൂൺ...
Your Subscription Supports Independent Journalism
View Plansകൊല്ലപ്പെട്ട
കുട്ടികളുടെ പേരുകൾ
ഒന്നൊന്നായി
എഴുതിച്ചേർത്ത പട്ടികകൾ
അവധിദിവസത്തെ
അങ്കണവാടി പോലെ
മിണ്ടാട്ടം മറന്ന് നിൽക്കും.
കരിഞ്ഞുമലിഞ്ഞുമാശു,
മണ്ണാകും മലർമൊട്ടുകളുടെ
ചുടലക്കാട് പോലെ
വാടിക്കിടക്കുന്ന മലർവാടി
മിഠായിക്കായി വാശിയില്ല
ഐസ്ക്രീമിന്റെ ചിറകിലേറി
പനി കിടക്കയിലേക്ക് നൂണ്ട്
‘‘ചിത്താന്തം” പിടിക്കില്ല.
കെടന്നുമുള്ളിയുടെ
കുസൃതിച്ചിരിയിൽ കുതിരില്ല
കാർട്ടൂൺ ചതുരത്തിലേക്ക്
മുങ്ങാങ്കുഴിയിട്ട്
വിസ്മയത്തിലേക്ക്
വിടർന്നു പരിലസിക്കില്ല.
അവരുടെ ഭൂമിയിൽ
അവരുടെ കളിക്കളത്തിൽ
അവരുടെ ചിത്രകഥാ പുസ്തകത്തിൽ
ആരൊക്കെ
ഭീകരരൂപികളായി
കടന്നു കയറിയാലും
പരാതിപ്പെടില്ല.
ഉമ്മയുടെ മടിത്തട്ടിൽ
മറ്റൊരിത്തിരിക്കുഞ്ഞനിരിക്കുന്നത് കണ്ടു
കുശുമ്പ് കുത്തില്ല;
പറന്നുവന്ന ഒരു ബോംബർ വിമാനം
ഉമ്മച്ചിയെ കൊത്തി പറക്കുന്നത് കണ്ടു,
ഉമ്മച്ചി ചുട്ട അപ്പം
മൊത്തം കഴിച്ചതിനു സമ്മാനമായി
അമ്പിളിമാമനെ കൊണ്ടുത്തരാൻ
ആകാശത്തോളം പോയിവരുമെന്ന് നിനച്ചിരുന്നല്ലോ കുട്ടികളവർ…
മരിച്ച കുട്ടികളെ
പിന്നീട് അവരുടെ മരിച്ച ഉമ്മമാർ
ഉമ്മ കൊടുത്ത് ഉണർത്തിയില്ല
പല്ലു തേപ്പിച്ചില്ല
“കാക്കേ പൂച്ചേ” ചിറ്റം പറഞ്ഞു
പാപ്പം കൊടുത്തില്ല,
പൊട്ടിടുവിച്ചില്ല:
സ്ലേറ്റ് തപ്പിയെടുത്ത് കൊടുത്തില്ല…
നരിയായും പുലിയായും
സാമ്രാജ്യത്വമായും
കോർപറേറ്റ് വണിക്കായും വന്ന ഭൂതം
അമ്പിളിക്കല പോൽ
വിളങ്ങുമതിന്റെ ദംഷ്ട്രയിൽ
സ്വപ്നേശ്വരപ്പെരുമാൾ1 വാഴുന്ന മലമുടിയെ കൊരുത്തെടുക്കുന്നു.
ഇരുമ്പയിരിന്റെ ശോണനദി
കരോപ്പുഴ2
സന്താൾച്ചോരയിൽ
കൂടുതൽ ചുവന്നു…
കൊല്ലപ്പെട്ട കുട്ടികളുടെ ചായപ്പെൻസിൽകൊണ്ട്
കടും ചുവപ്പുനിറത്തിൽ
ആരാണ്
പുതിയ ഭൂപടം വരയ്ക്കുന്നതെന്ന്
അവർ അറിയുന്നതേയുണ്ടാവില്ല,
നീലച്ചായംകൊണ്ടു
ശത്രുക്കളാ ഭൂപടത്തിൽ
നക്ഷത്രചിഹ്നം വരച്ചുചേർക്കും.
അധിനിവേശത്തിന്റെ,
വംശഹത്യയുടെ
നാണംകെട്ട നീലനക്ഷത്രം
സ്വസ്തിക
പ്രണവചിഹ്നം
കാലുകൾ നഷ്ടപ്പെട്ട
അമ്മാവനു
അവരെ പുണരാൻ കൈകളില്ലെന്ന്
അവർക്ക് കാണാൻ കഴിയില്ലല്ലോ.
എത്രമാത്രം
കനപ്പെട്ടതും
നമ്മെ അത്ഭുതപ്പെടുത്തുന്നതുമാണ്
മരിച്ച കുട്ടികളുടെ ക്ഷമാശീലം!
ഗസ്സയിൽ,
വെസ്റ്റ്ബാങ്കിൽ,
മിതവും മാന്യവുമായ
മരണം കാത്ത്
അവരുടെ മുത്തശ്ശി കിടന്ന ആശുപത്രിയിൽ,
അവരുടെ പള്ളിക്കൂടത്തിനുമേൽ
അങ്കിൾയാങ്കിയുടെ തോക്കുകടയിലെ
കടകാലിയാക്കൽ മേളയിലെ
തീ തുപ്പുന്ന കളി
വീണ്ടും വീണ്ടും ജയിക്കുമ്പോൾ
ഭൂമിയുടെ സുരക്ഷ,
കുഞ്ഞുങ്ങളുടെ കളിമ്പം,
മനുഷ്യന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം..,
ഭീഷണമായ വിളുമ്പിൽ നിൽക്കുമ്പോൾ
മരിച്ച കുട്ടികളുടെ ക്ഷമ
ഇത്രത്തോളം കൃപയും
ഇത്രത്തോളം കാരുണ്യവും
ചൊരിയുകയാണ്,
ഉപേക്ഷിക്കപ്പെട്ട വീടുകളുടെ
ഗഹനമായ ശൂന്യതപോലെ…
കൃപയുടെ താക്കോൽ
അവർ സൂക്ഷിക്കുന്നു.
മരിച്ച കുട്ടികളെ പറ്റി
ലോകം കണ്ണീർ വാർക്കുമ്പോൾ
അവരുടെ പേര് ചൊല്ലി
പതംപറഞ്ഞു കണ്ണോക്കു പാടി
ഏങ്ങിക്കരയുമ്പോൾ
അംഗവിഹീനരാക്കപ്പെട്ട കുട്ടികൾ
ചീവീടുകളെപോലെ
മിസൈലുകൾ പായുന്ന ആകാശത്തേക്ക്
വേദനയുടെ പട്ടംപറത്തുന്നു…
കാംഗർ താഴ്വരയിൽ3
താഴ്ന്നുപറക്കുന്ന
പൗരനെക്കൊല്ലി ഡ്രോണുകൾ
ചിത്രപതംഗങ്ങളെന്നേ തോന്നൂ;
പട്ടാളത്തിന്റെ ആയുധപ്പെട്ടിയിൽ
ഒഴിവുനേരം ചെലവഴിക്കുന്ന
വെടിയുണ്ടകൾ
തമ്മിൽ പറഞ്ഞുറപ്പിച്ചു:
“അക്ഷരം പഠിക്കാൻ പാകമായ
ആദിവാസിക്കുട്ടിപ്പുഴുക്കളുടെ
തലച്ചോറും ഹൃദയവും
നമുക്ക് ചിതറിക്കണം…
അക്ഷരങ്ങൾ കൂട്ടിവെച്ച്
അവർ ഭരണഘടനയിൽനിന്ന്
ചോദ്യങ്ങൾ സൃഷ്ടിക്കും.
ഭാവിയിലെ
ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ
നാം ഒരു തിരയുതിർത്ത്
മുൻകൂറായി തടയുന്നു”
കൊല്ലപ്പെടുന്നവരുടെ
തണ്ണിമത്തൻ പാടങ്ങൾ
കുരലുകരിഞ്ഞു, വരണ്ടു.
മുളയരി വിളഞ്ഞ് പാകമാകുന്ന കറുത്തവനം
ഖനിജങ്ങളൊളിപ്പിച്ച്
മൃത്യു കാത്തുകിടന്നു
വിശന്നു ദാഹിച്ച്
അലറിവിളിക്കുന്ന,
മുറിവുകളിൽ തലചായ്ച്ച്
ഇരുട്ടും മണ്ണും പുരണ്ടു,
മരിച്ചവരുടെ പട്ടികയിലേക്ക്
സാവധാനം ഇഴയുന്നു അംഗവിഹീനരാക്കപ്പെട്ട
കുഞ്ഞുങ്ങൾ…
ബസ്തറിന്റെ മണ്ണിൽ
സ്വന്തം പൗരന്മാർക്കുമേൽ
വംശഹത്യ
ശുദ്ധിയുടെ രാഷ്ട്രീയമാക്കിയ
രാമർക്കൂട്ടത്തിന്റെ
സൈനികാധിനിവേശവും
“ഗീതാ”പ്രയോഗവും
ശിശുബലിയും:
പേരില്ലാത്ത ജഡങ്ങള്
പാട്ടൊഴിഞ്ഞ നാവുകൾ
താളം മറന്ന തുടികൾ:
തുടച്ചുനീക്കപ്പെടുന്നു,
രുചികൾ മണങ്ങൾ അറിവുകൾ
പദങ്ങൾ നൃത്തച്ചുവടുകൾ
കൊല ചെയ്യപ്പെടുന്ന വംശങ്ങൾ
അടർന്നവയെല്ലാം സ്വരുക്കൂട്ടി
സ്നേഹം തിന്നു,
കണ്ണീർ കുടിച്ചു
വീണ്ടും തളിർത്തുവരാൻ.
വെട്ടിവീഴ്ത്തിയ മരം
തായ്ത്തടിയിൽനിന്നോ
കടയ്ക്കൽനിന്നോ
മുളച്ചുവന്നേക്കാം;
ഉന്മൂലനം ചെയ്തൊരാശയം
ഈരില വിടർത്തുമ്പോലെ…
കരുണ പാറ്റിക്കൊഴിച്ച്
അവസാന ഗോത്ര കണികയേയും
പുറന്തള്ളി ശുദ്ധിയാക്കപ്പെട്ട രാഷ്ട്രം
ഉയിർത്തുവരാത്തവരെ
ഭയപ്പെടുന്നില്ല,
കൊല്ലപ്പെട്ടവരുടെ പട്ടിക
അവർക്കായി മിണ്ടുന്ന ചരിത്രം
ഇനി ആവർത്തിക്കപ്പെടുകയേയില്ല
കൊല്ലപ്പെട്ടവർ
ഗസ്സയിലെ ദണ്ഡകാരണ്യത്തിലെ
മണ്ണിനെ പുണർന്നു കിടന്നു…
=================
സൂചിക
മാവോയിസ്റ്റ് വേട്ട എന്ന പേരിൽ ബസ്തറിൽ നടക്കുന്ന ഓപറേഷൻ കഗാർ ആദിവാസി വംശഹത്യ ഇന്ത്യൻ സൈന്യം ഉദ്ഘാടനം ചെയ്യുന്നത് മാംഗ്ലി സോധി എന്ന ആറുമാസം പ്രായമുള്ള കുട്ടിയെ 2024 ജനുവരി 1നു വെടിയുണ്ടക്ക് ഇരയാക്കിയാണ്.
1. ജതേശ്വർ, സ്വപ്നേശ്വര ക്ഷേത്രങ്ങൾ –സാരന്ദവനപ്രദേശത്തിലെ, (ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സാരന്ദ വനം ഇന്ത്യയുടെ പച്ചപ്പുള്ള പ്രകൃതിയുടെ അതുല്യമായ മഹത്ത്വത്തിന് സാക്ഷ്യംവഹിക്കുന്നതാണ്. ‘എഴുനൂറ് കുന്നുകളുടെ നാട്’ എന്നർഥമുള്ള പ്രാദേശികപദത്തിൽനിന്നാണ് ഈ പേര് കിട്ടിയത്.) ആഴത്തിലുള്ള ആത്മീയവും ഗോത്രപരവുമായ ബന്ധങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്ന വനങ്ങളാൽ ചുറ്റപ്പെട്ട കുന്നിൻമുകളിലുള്ള ആരാധനാലയങ്ങൾ.
2. ഝാർഖണ്ഡിലെ സാരന്ദവനത്തിലെ നദി. ഇരുമ്പയിരിന്റെ സമൃദ്ധിയുള്ളതിനാൽ ചുവന്ന വെള്ളമാണ് നദിക്ക്.
3. ഛത്തിസ്ഗഢിലെ ബസ്തർ ജില്ലയിലെ ജഗ്ദൽപൂരിൽ സ്ഥിതിചെയ്യുന്ന കാംഗർ താഴ്വരയിൽ 141 ഇനം ചിത്രശലഭങ്ങളുണ്ട്.
