കരിനിഴലേറ്റ കുഞ്ഞുമുദ്രകൾ

ആർത്തലയ്ക്കുന്ന രണ്ട് കടലുകൾ കൂടിച്ചേർന്ന് നിലാവുകൊണ്ട് മേൽക്കൂര കെട്ടി; മഞ്ഞിൻ പുതപ്പിൽ മൂടി, പൂക്കാലം വരുമെന്ന് കാത്തുനിന്നു. ഗ്രീഷ്മവും ഹേമന്തവും ഒരു കാതം താണ്ടി ഒഴിഞ്ഞപ്പോഴാണ് വസന്തം വന്നുതുടങ്ങിയത്. സൂര്യൻ ഒരു കടലിനെ ഇക്കിളിയാക്കി ഉണർത്തുമ്പോൾ, മറ്റേ കടൽ നക്ഷത്രഗന്ധം നുകർന്ന് ഉറങ്ങാതെ കിടന്നു. പകലുകളിൽ ഓളങ്ങളുടെ വിരൽത്തുമ്പിൽ പൂക്കളുടെ രൂപം വരച്ചു; രാത്രികളിൽ തിരമാലകളോടൊപ്പം ചന്ദ്രനും സൂര്യനും...
Your Subscription Supports Independent Journalism
View Plansആർത്തലയ്ക്കുന്ന
രണ്ട് കടലുകൾ കൂടിച്ചേർന്ന്
നിലാവുകൊണ്ട്
മേൽക്കൂര കെട്ടി;
മഞ്ഞിൻ പുതപ്പിൽ മൂടി,
പൂക്കാലം വരുമെന്ന് കാത്തുനിന്നു.
ഗ്രീഷ്മവും ഹേമന്തവും
ഒരു കാതം താണ്ടി ഒഴിഞ്ഞപ്പോഴാണ്
വസന്തം വന്നുതുടങ്ങിയത്.
സൂര്യൻ ഒരു കടലിനെ
ഇക്കിളിയാക്കി ഉണർത്തുമ്പോൾ,
മറ്റേ കടൽ നക്ഷത്രഗന്ധം നുകർന്ന്
ഉറങ്ങാതെ കിടന്നു.
പകലുകളിൽ ഓളങ്ങളുടെ വിരൽത്തുമ്പിൽ
പൂക്കളുടെ രൂപം വരച്ചു;
രാത്രികളിൽ തിരമാലകളോടൊപ്പം
ചന്ദ്രനും സൂര്യനും ഒളിച്ചുകളിച്ചു.
പൂക്കൾ വളർന്നു,
വസന്തങ്ങൾ വീണ്ടും വീണ്ടും പിറന്നു;
കടലിന്റെ നെഞ്ചിലപ്പോൾ
വെളിച്ചത്തിൻ ശ്വാസംമാത്രം.
അങ്ങനെയിരിക്കെ-
ആർത്തലച്ചൊരു പേമാരി,
ഇരുണ്ട മഹാവനങ്ങളുടെ ആരവം,
അശ്രദ്ധമായ ചവിട്ടടികൾ.
കടലുകളുടെ കണ്ണിൽ
ഇരുണ്ട കൊടുമുടികൾ
ഉയർന്നുവന്നു.
വീടകം തകർന്നുവീണു;
വാതിൽപ്പടിയിലും ചുവരുകളിലുമിപ്പോൾ
തീജ്വാലയും വെടിയുണ്ടകളുടെ പുകയും മാത്രം.
ഓരോ ചവിട്ടടിയിലും
കുഞ്ഞുകൈകളുടെ മുദ്രകൾ;
കണ്ണാടികളിൽ
മൃതശരീരങ്ങളുടെ തണുത്ത ദൃശ്യം.
ഒരിക്കൽ സുന്ദരമായിരുന്നിടത്ത്
ക്രൂരമായ നിഴലുകൾമാത്രം.
ഒഴിഞ്ഞുപോയ ശബ്ദങ്ങൾ,
പൊട്ടിപ്പോയ സ്വപ്നങ്ങളുടെ മണൽപ്പൊടി,
താമസിക്കാൻ ആരുമില്ലാതെ
നിശ്ശബ്ദമായി ഒഴുകിയ വീടിന്റെ അവശേഷിപ്പ്.
പിന്നെയൊരിക്കലും
ആ വീടില്ലാത്ത വീട്ടിൽ
വസന്തവും ഗ്രീഷ്മവും ഹേമന്തവും
തിരികെ കയറിയതേയില്ല.
കടലുകൾ രണ്ടും
ദൂരെനിന്നും
തമ്മിൽ നോക്കിക്കൊണ്ടിരുന്നു
പരസ്പരം പറയാറുണ്ടായിരുന്ന
എല്ലാ കഥകളും
മറന്നെന്നപോലെ.
