Begin typing your search above and press return to search.
proflie-avatar
Login

പേറ്റ്നോവ്

പേറ്റ്നോവ്
cancel

നിറയേ നിലവിളികൾക്കു ശേഷം

നീറ്റലിൽ നിന്നുണ്ടാവുന്ന വാക്കുകളെ

ഉമ്മ വച്ചിട്ടുണ്ടോ നിങ്ങൾ?

തീരാറായ മഷിച്ചുണ്ടുകൾകൊണ്ടൊന്ന്

ശ്വാസമരികെ ചെന്നാൽ മതി.

യുദ്ധമുള്ള ലോകങ്ങളിൽനിന്ന് അവര്

നമ്മളെ ഒറ്റ വിരലിൽ കോരിയെടുക്കും.

അടിച്ചമർത്തുന്ന വാളുകൾക്ക് നേരെ,

ആകാശം അലറുവോളം ഒച്ചയിടാൻ ഒരു വരി,

ആദ്യം തരും.

ഇനി നടക്കാനൊരു പാതയേ ഇല്ലെന്ന്

തോന്നുന്നിടത്ത്, മുറിവുണക്കാനെന്നപോലെ,

വാക്കുകൾ നമുക്ക്

അനുരാഗത്തിന്റെ ഒരു പാലം

തന്നെ തരുമെന്ന് തോന്നും...

വിരലറ്റ് മരിച്ച കുഞ്ഞുങ്ങളെ ഓർത്ത്,

കണ്ണീരുസമരം ഇരുന്നാലും

കവിത വന്ന് കരുതലിന്റെ കലാപം നടത്തും!

വിവേചനങ്ങൾ ഒന്നുമേ ഇല്ലാത്തൊരു

ലോകത്തേക്ക് അനായാസം

വീട് മാറും നമ്മൾ.

പ്രിയപ്പെട്ടൊരാൾക്ക്

പേന വാങ്ങി കൊടുക്കുംപോലെ!

കടലിന്റെ തുപ്പലിൽ..,

ചോദ്യങ്ങളുടെ തിരമാലകളിൽ...

‘‘എഴുതി മാഞ്ഞതിന്റെ ചെകിള മണക്കും.’’

ഒറ്റയ്ക്കിരുന്നു മോങ്ങിയ കാലങ്ങളെ നോക്കി,

നിങ്ങൾ നിർഭയം കടലാസെടുക്കും.

അവസാന വരി എത്തുമ്പോഴേക്കും,

കൊണ്ട കല്ലേറുകളെ നമ്മൾ നക്ഷത്രങ്ങളാക്കും.

സമാധാനത്തിന്റെ നിറം ചുവപ്പാണെന്ന് കരുതും.

എഴുതിയ വരിയെങ്ങാനും വായിച്ചുപോയാൽ,

പേറ്റുനോവ് എടുക്കും.

തള്ളക്ക് പിറന്നവരായി നമ്മൾ,

ഞെളിഞ്ഞുനിൽക്കും.

പരസ്പരം സ്നേഹമെന്നു മാത്രം സ്വകാര്യം പറയും!

ഓരോ വാക്കെഴുതി തീരുമ്പോഴും,

വാക്കത്തിയെടുത്ത് ആരെങ്കിലും

നമ്മളെ കാത്തിരിക്കും.

നോക്കൂ...

നിറയേ നിലവിളികൾക്കു ശേഷം

നീറ്റലിൽനിന്നുണ്ടാവുന്ന വാക്കുകളെ

ഉമ്മ വച്ചിട്ടുണ്ടോ നിങ്ങൾ?


Show More expand_more
News Summary - Malayalam poem