Begin typing your search above and press return to search.
proflie-avatar
Login

മീങ്കൊത്തിപ്പൊന്മാന്റെ കണ്ണ്

മീങ്കൊത്തിപ്പൊന്മാന്റെ കണ്ണ്
cancel

തോട് മുറിച്ചുകടക്കുമ്പോൾ നെടുമീനുറകളിൽ ഇരകോർത്ത് കാവലിരിപ്പേ ഓന്റപ്പൻ. കുത്ത്റാത്തീബിന്റെ ചോരപ്പാടുകൾ നീര് മുക്കി, പാട്ട് ചുറ്റി തോട്ടുവെള്ളത്തിൻ ചേറിളക്കുമ്പോൾ മുത്തുമ്മമാരുടെ പൊക്കിളിൽ മുട്ടുന്നു തോട്ടുപൊന്തയിലെ ഒളിക്കണ്ണുകൾ. പിന്നാലെ കാക്കത്തോടിന്റെ അല്ലികൾ നീന്തി, ‘ചെറുമാ’ന്നൊരു പന്നച്ചൂളം പൊന്ത തേടി, ഓന്റപ്പന്റപ്പന്റപ്പനെ ഇരകോർത്ത നെടുമീനുറയിൽനിന്ന് ഒറ്റവലി. വെറ്റിലത്തുപ്പുകളാൽ മാർക്കിസ്റ്റ് കൊടിപിടിച്ച പുല്ലാനിപ്പൊന്തയിൽ പെടപെടാന്ന് പെടച്ച്, ഉയിരിന്റെ ഉളുമ്പ് പാറ്റണ് ഒരു കറുത്ത കോളനിമത്സ്യം, ഓന്റപ്പൻ. ഞാനല്ലെന്ന് കൊണ്ട് കൊണ്ട്, നീറിനീറി നീലിച്ച...

Your Subscription Supports Independent Journalism

View Plans

തോട് മുറിച്ചുകടക്കുമ്പോൾ

നെടുമീനുറകളിൽ ഇരകോർത്ത്

കാവലിരിപ്പേ

ഓന്റപ്പൻ.

കുത്ത്റാത്തീബിന്റെ ചോരപ്പാടുകൾ

നീര് മുക്കി, പാട്ട് ചുറ്റി

തോട്ടുവെള്ളത്തിൻ ചേറിളക്കുമ്പോൾ

മുത്തുമ്മമാരുടെ

പൊക്കിളിൽ മുട്ടുന്നു

തോട്ടുപൊന്തയിലെ ഒളിക്കണ്ണുകൾ.

പിന്നാലെ

കാക്കത്തോടിന്റെ അല്ലികൾ നീന്തി,

‘ചെറുമാ’ന്നൊരു പന്നച്ചൂളം

പൊന്ത തേടി,

ഓന്റപ്പന്റപ്പന്റപ്പനെ

ഇരകോർത്ത നെടുമീനുറയിൽനിന്ന്

ഒറ്റവലി.

വെറ്റിലത്തുപ്പുകളാൽ

മാർക്കിസ്റ്റ് കൊടിപിടിച്ച പുല്ലാനിപ്പൊന്തയിൽ

പെടപെടാന്ന് പെടച്ച്,

ഉയിരിന്റെ ഉളുമ്പ് പാറ്റണ്

ഒരു കറുത്ത കോളനിമത്സ്യം,

ഓന്റപ്പൻ.

ഞാനല്ലെന്ന്

കൊണ്ട് കൊണ്ട്,

നീറിനീറി നീലിച്ച കരിങ്കണ്ണിൽ

ആൾക്കൂട്ടത്തിന്റെ നിഴൽ പുണ്ണ്.

വിശന്ന ചൂണ്ടയുടെ

ഒഴിഞ്ഞ കൊളുത്തിൽ

ആയിരം മീൻവാലുള്ള സ്വപ്നം പെടഞ്ഞമരുന്നു.

നീർക്കാക്കകൾ

മാപ്പിളപ്പാട്ട് പാടി മുങ്ങിക്കുളിച്ച

വെള്ളക്കെട്ടിന്റെ ഗർഭത്തിൽ

അന്നുമിന്നും

‘തളർബിരുത്തങ്ങൾ’...

പൊന്തയിൽ

കറ്റാർവാഴകൊണ്ട് പീലി കോതി

ഒറ്റുനോക്കുന്ന

പോക്കുവെയിലിന്റെ കണ്ണുകൾ.

ചെറുമനെ ചുട്ടുതിന്ന ചുഴിപ്പ്.

ജലോപരിതലത്തിൽ

കറുത്ത ‘എഴുത്തച്ഛന്മാർ’

എത്ര എഴുതിയാലും മാഞ്ഞുപോണ ഒരുപാട്ട് മൂളി

ഓന്റപ്പനങ്ങനെ നടന്നു.

നീര് ചീർത്ത് നീലിച്ച

മീങ്കൊത്തിപ്പൊന്മാന്റെ കണ്ണ് അപ്പന്റെ കൈപിടിച്ചു.

തോടുമുറിച്ചു കടക്കുമ്പോൾ

ആസ്പിറ്റോസിന് താഴെ

ചോറ്റുപിഞ്ഞാണം വിരിച്ച്

കാത്തിരിപ്പേ

ഓനുവോന്റമ്മേം.

നെടുമീനുളുമ്പ് പൂശി

മിറ്റത്ത്

പെടപെടാന്ന് പെടക്കുന്നു

ഒരു കറുത്ത കോളനി മത്സ്യം.

അതിന്റെ കണ്ണിൽ

ഒരായിരം മീങ്കൊത്തിപ്പൊന്മാന്റെ നീല.

====================

* കുത്ത് റാത്തീബ്: ശരീരം മുറിപ്പെടുത്തിയുള്ള ആത്മീയ ആചാരം

* നെടുമീനുറ: മനഞ്ഞിൽ മത്സ്യത്തിന്റെ പൊത്ത്

* തളർബിരുത്തം: മാപ്പിളപ്പാട്ടിലെ ഒരു ഇശൽ

* എഴുത്തച്ഛൻ: തോട്ടിലും പുഴയിലും വെള്ളത്തിനു മീതെ സഞ്ചരിക്കുന്ന കറുത്ത ജീവി

News Summary - Malayalam poem