നളിനിയും ലീലയും

കുമാരന്റെ ഇരട്ടകൾക്ക് തുണയായി നളിനിയും ലീലയുമെത്തി. കുമാരനാശാന്റെ നായികമാരല്ലോന്ന് വായനശാല പതം പറഞ്ഞു. പള്ളിക്കൂടത്തിൽ പോകുമ്പോഴും കന്നുകളെ നോക്കി കണ്ണിറുക്കുന്ന ഇരട്ടകൾക്കെന്ത് കുമാരനാശാനെന്ന് വായനശാല ചിരിച്ചു. നളിനിയും ലീലയും ഇരട്ടകളേക്കാൾ ഇരട്ടകളായി ജീവിച്ചു. കമ്പളനാട്ടിയും കളപറിയും കൊയ്ത്തും മെതിയും പതിര് പാറ്റലും നെല്ല് പുഴുങ്ങലും ഉണക്കലും ഒരുമിച്ചായി. പശുവിന് പുല്ലരിയാൻ പോകുമ്പോൾ തണലത്തിരുന്ന്...
Your Subscription Supports Independent Journalism
View Plansകുമാരന്റെ ഇരട്ടകൾക്ക് തുണയായി
നളിനിയും ലീലയുമെത്തി.
കുമാരനാശാന്റെ നായികമാരല്ലോന്ന്
വായനശാല പതം പറഞ്ഞു.
പള്ളിക്കൂടത്തിൽ പോകുമ്പോഴും കന്നുകളെ നോക്കി കണ്ണിറുക്കുന്ന ഇരട്ടകൾക്കെന്ത് കുമാരനാശാനെന്ന് വായനശാല ചിരിച്ചു.
നളിനിയും ലീലയും ഇരട്ടകളേക്കാൾ
ഇരട്ടകളായി ജീവിച്ചു.
കമ്പളനാട്ടിയും
കളപറിയും
കൊയ്ത്തും മെതിയും
പതിര് പാറ്റലും
നെല്ല് പുഴുങ്ങലും ഉണക്കലും
ഒരുമിച്ചായി.
പശുവിന് പുല്ലരിയാൻ പോകുമ്പോൾ
തണലത്തിരുന്ന്
ഒരുമിച്ച് മുറുക്കി.
മുറുക്കാൻ പുല്ലിലേക്ക് നീട്ടി തുപ്പി.
ചുവന്ന തുപ്പലുകളുടെ ചന്തം നോക്കി
കുലുങ്ങി ചിരിച്ചു.
സന്ധ്യക്ക് ഒരാൾ മൂളുന്ന
കഥകേട്ട് മറ്റേയാൾ ചിലച്ചു.
നളിനി പെറ്റപ്പോൾ
ലീലക്ക് പെറാതെ പേറ്റ് നോവുണ്ടായി.
നളിനി പാല് ചുരന്നപ്പോൾ
ലീലയുടെ മുലകൾ വിങ്ങി.
പാല് കുടിച്ചു മോനൊരുത്തൻ വളർന്നപ്പോഴേക്കും
നളിനി ഉണങ്ങിയുണങ്ങി ഉണക്കക്കൊള്ളിയായി.
ലീലയുടെ മനസ്സ് നൊന്തു.
നൊന്തു നൊന്തു ലീലയും പാല് ചുരത്തി.
പെറാത്ത അവളുടെ മുലകൾ ചുരന്ന
പാല് നളിനി വലിച്ചു വലിച്ചു കുടിച്ചു.
പെറാത്ത ലീല
പാല് ചുരത്തുന്ന കണ്ട കുമാരനും
വായനശാലയും
ലീലയെ ‘‘ദേവ്യേ’’....ന്ന് നീട്ടിവിളിച്ചു.
നളിനി ‘‘അമ്മേ’’ന്നും.
അത് കേട്ടതും ലീലയുടെ കാൽച്ചുവട്ടിൽനിന്നൊരു ആകാശമുല്ല മുളച്ചു.
ആകാശമുല്ല ആകാശം മുട്ടേ വളർന്നു.
ലീല ആകാശമുല്ലയുടെ പൂവിൽ
ചവിട്ടി മുകളിലേക്ക് പോയി.
താഴെ ‘‘ദേവ്യേ’’ എന്ന വിളിയും
‘‘അമ്മേ’’ എന്ന വിളിയും ബാക്കിയായി.
=================
കമ്പളനാട്ടി = വയനാട്ടിൽ ഞാറു നടുന്ന ഉത്സവം
