രണ്ട് കവിതകൾ

1. ശബ്‌ദിക്കുന്ന കടലാസുകഷണങ്ങൾ
ശ്രദ്ധിക്കൂ... കാതുകൾ കൂർപ്പിക്കൂ...
‘‘ആരുമില്ലാത്ത മുറിയിൽ ആരാണ് ശബ്‌ദമുണ്ടാക്കുന്നത്?’’
‘‘കഷണങ്ങൾ, കടലാസുകഷണങ്ങൾ...’’
‘‘കഷണങ്ങളോ? കഷണങ്ങൾ ആക്കിയതാര്?’’
‘‘അതവരൊക്കെത്തന്നെ...’’
‘‘എന്തിനു?’’
അവിടെ പേനയും പേപ്പറുമായി ഒരുപാടുപേർ എഴുതാൻ ഇരുന്നതോർക്കുന്നോ?
അവരൊക്കെയും കഴുവേറി, ചിലർ രാജ്യദ്രോഹം ചുമത്തി ഈ നാലഴിക്കുള്ളിൽതന്നെയാണ്.
‘‘എപ്പോൾ വെളിച്ചം കാണും?’’
അതിനു വെളിച്ചം ജയിലിനുള്ളിലും
ഇരുട്ടിൽ നമ്മളുമാണ്.
ഈ കടലാസുകഷണങ്ങൾ മാത്രം ബാക്കിയായി
അവയൊക്കെയും നിലക്കാതെ,
അവർക്കായി ശബ്ദിക്കുന്നു.
ചാരമാകുന്നതുവരെ ശബ്‌ദിക്കും.
2. നഷ്ടങ്ങളുടെ പട്ടിക
കുറച്ചുമുമ്പുവരെ സമയം കൃത്യമായി കണ്ടിരുന്നു.
ആ ഘടികാരത്തിൽനിന്നും ഊർന്നുവീഴുന്ന ശബ്ദവും കേട്ടിരുന്നു.
ഇടക്ക് മങ്ങിയപ്പോൾ ഉറങ്ങിയെന്നു കരുതി,
ഇല്ല, ഉറക്കം എവിടെയോ നഷ്ടപ്പെട്ടു.
എവിടെയെന്നു ഒരു പിടിയുമില്ല.
ഇനി അങ്ങനെ പറ്റില്ല
നഷ്ടങ്ങൾക്കും ഒരു പട്ടിക വേണം
അതിൽ ഒന്നാമത്തെ നഷ്ടം,
എന്റെ നിദ്ര...
