Begin typing your search above and press return to search.
സമയസൂചികൾ ഇല്ലാത്ത കാലമാണ് സത്യം
Posted On date_range 6 April 2026 7:45 AM IST
Updated On date_range 6 April 2026 7:45 AM IST

ഇത്ര തിരക്കുപിടിച്ച്
നിങ്ങളെല്ലാരും കൂടി അധ്യാപകരുമായി എങ്ങോട്ടാണ്
പോയത്?
ആരോടും പറയാതെ,
തിരിച്ചുവരാത്ത വണ്ണം,
ഒന്ന് കൈവീശിക്കാണിക്കാതെ.
പള്ളിക്കൂടവും പക്ഷിച്ചിലപ്പുകളും
കൂടെക്കൊണ്ടുപോയി
ഒരേ യൂനിഫോമും
ഷൂസുകളുമിട്ടാണ് പോയത്
ബാഗുകളും പുസ്തകങ്ങളും
തിരക്കുപിടിച്ച് കൈയിൽ എടുത്തിരുന്നു
ഒന്നും മറക്കാതെ
എല്ലാം കൊണ്ടുപോയി
നിങ്ങൾ സ്കൂൾമുറ്റത്ത്
കളിക്കാറുണ്ടായിരുന്നു
ആ കളികളും കൂടെ കൊണ്ടുപോയി
രാവിലെ സ്കൂൾവണ്ടികളിൽ വരും
വൈകുന്നേരം സ്കൂൾവണ്ടികളിൽ മടങ്ങും
ഇനി അങ്ങനെ ഉണ്ടാവില്ല
ടൈംടേബിളും നഷ്ടപ്പെട്ടിരിക്കുന്നു
നിങ്ങൾക്കായിനി സമയസൂചികൾ ഓടുകയില്ല
സമയസൂചികൾ ഇല്ലാത്ത
കാലമാണ് സത്യം.
