Begin typing your search above and press return to search.
proflie-avatar
Login

സേഫ്റ്റി ബബ്ൾ

സേഫ്റ്റി ബബ്ൾ
cancel

തുടക്കം:

കടുവാത്തലയൻ മേഘം,

ചക്രവാളം നഖക്ഷതം,

തിളങ്ങിയോ ശുക്രാചാര്യൻ?

ചതിയെ പ്രവചിച്ചവൻ!

പതിയെ കാടുതാണ്ടുന്നൂ

മിനുങ്ങിമിന്നുന്നാ ബസ്.

എട്ടാം ക്ലാസുകാർ ചില്ലാണു-

ല്ലാസത്താലവർ ‘‘ചിയേഴ്സ്’’

ചുറ്റിലും സ്നേഹവൃക്ഷങ്ങൾ,

ഇണതേടുന്ന വന്യത.

‘‘ലൗ’’വെന്നൊരീ ബസിനുള്ളിൽ

മുളപൊട്ടുന്നു കൗതുകം.

കാടല്ലേ, കാട്ടിനുള്ളല്ലേ,

കളിച്ചീടാം മൃഗങ്ങളായ്;

സിംഹം, കരടി, ചെന്നായ,

ചീറ്റാ, കടുവ, കാട്ടുനായ്

ഹിംസ്ര ജീവികളങ്ങനെ.

പുള്ളിമാനാണവർക്കിര.

നറുക്കു വീഴുന്നാർക്കാണോ

അവരാപ്പുള്ളി ഷോളിടും...

പൊത്തുപോലുള്ളതാം സീറ്റ്,

ഫണം നീർത്തും ചതിക്കെണി.

വീണിടാതെ പോയി വേഗം

മുന്നിലെത്തൂ ജയിച്ചിടാം!

നറുക്കെടുത്തൂ പുള്ളിമാനായ്

‘‘ശീതൾ പി.പി. 8 സി’’

നടുക്കം:

ഓറഞ്ചുതൊലിതൻ നീരു

ചീറ്റീ ചീറ്റപ്പുലിപ്പക.

കണ്ണിലാവാതെ വെട്ടിച്ചോടീ

പുള്ളിമാൻ -ഒന്നാം ലെവൽ.

ഷോളിന്നറ്റം കുരുക്കുന്നൂ

കാട്ടുനായ വിദഗ്ധമായ്.

കുതറിമാറീയവൾ

മെല്ലെക്കടന്നൂ -രണ്ടാം ലെവൽ.

മുള്ളാണി നഖമായ് മാറ്റീ

ക്രൂരം കരടി വന്നതും,

തേങ്ങൽ തേനാക്കി മാറ്റുന്നീ

ബുദ്ധി‘മാൻ’ -മൂന്നാം ലെവൽ.

ലെവലേറുന്നതോടൊപ്പം

മൃഗഹിംസ്രത തീവ്രമായ്ത്തുടങ്ങീ,

കോടപോലെന്തോ മൂടീ

മന്ദിച്ചു ബസ,പ്പോൾ കാടിന്നുള്ളി

ലിരുണ്ടതാം ഗുഹയൊന്ന് പിളർന്നൂ വായ്!

ഉപജാപകയാമമായ്.

അവസാനത്തേ സീറ്റ്,

ലെവലിന്നേറ്റം അറ്റം,

പരിണാമത്തിന്നുച്ചി.

‘‘മാനവ് കെ.പി. 8 എ’’

പുള്ളിഷോളിട്ടവൻ നിന്നൂ

‘‘ആൽഫാ -മാരീ-ജെനായ് (1)’’ മുന്നിൽ.

മുന്തിരിച്ചാറിലുന്മാദം നുരയും

മട്ടിലജ്ഞാതം ചേർത്തൂ...

ഗ്ലാസൊന്നവൾക്കപ്പോൾ

നീട്ടീ പ്രണയലോലുപം!

ലഹരീ-രാസ-ലാസ്യത്തിൻ

ചൂളംവിളി കണക്കപ്പോൾ നാദം!

‘ഡീജേ’യതിൻ മേളം,

പുകവിങ്ങുന്നു ബസകം.

ഇരവാളികളക്കൂട്ടർ

വളഞ്ഞോ കേഴമാനിനെ?

അവളോ ബോധശൂന്യയായ്

ഇടനാഴിയിൽ വീണുവോ?

‘‘ക്ലിഷ്ടശ്രീയിവൾ മുന്നിലായ്

വെറുനിലത്തയ്യോ കിടക്കുന്നു... (2)’’

വെന്നവഹേളിച്ചോ ടീച്ചർ..!

കാടിറങ്ങീ ബസപ്പോൾ.

ഒടുക്കം:

രാവ് തീർന്നൂ, കാട് തീർന്നൂ,

കോട നീങ്ങീ, വെയില് വന്നൂ,

യാത്രയാക്കുംപോലെ നിന്നൂ

സാക്ഷിയായാക്കുന്നുകൾ.

ഗ്ലാസുനീക്കീ ഉഷസ്സെത്തീ

പഴയപോലായ് ബസകം,

തേയിലക്കാറ്റടിച്ചപ്പോ-

ളുഷാറായീ കുട്ടികൾ.

കാറ്റ് തോണ്ടിപ്പുറത്തിട്ടൂ

ബാക്കിവന്നാ നറുക്കുകൾ,

ചെക്ക്പോസ്റ്റിൽ തൊണ്ടി പോലത്

നിവർന്നൂ... സംശയാസ്പദം?

ശീതൾ പി.പി. 8 സി!

ശീതൾ പി.പി. 8 സി!!

ശീതൾ പി.പി. 8 സി!!!

ശീതൾ പി.പി. 8 സി!!!!

=====================

(1) ആൽഫാ -ജെൻ, മാരീചൻ ഇവയുടെ സംയുക്തപദം

(2) പ്രരോദനത്തിലെ വരികൾ

Show More expand_more
News Summary - malayalam poem